കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു. കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെ രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിൽ പരസ്പരം പോരടിച്ച് ജീവനെടുക്കുകയാണ്. മതേതരത്വം വാഴ്ത്തിപ്പാടുന്നവര്‍ രാത്രിയുടെ നിശബ്ദതയില്‍ തങ്ങളുടെ രാഷ്ട്രീയ പക പോക്കുന്നു. കത്തികുത്തും കൊലയും കൊണ്ട് ഒരു നാട് മുഴുവന്‍ വീണ്ടും ചോരക്കളമാകുന്നു. ഭരണ പ്രതിപക്ഷ പാര്‍ട്ടി ഭേദമന്യേ ഈ കളിയില്‍ പങ്കാളികള്‍ ഏറെയാണ്. ദിനം പ്രതി രാഷ്ട്രീയ വൈരത്തിനും വ്യക്തി വൈരത്തിനിമിടയില്‍ നിരവധി ജീവനുകള്‍ പൊലിയുകയാണ്. ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റതിനുശേഷം മുന്നൂറില്‍ അധികം രാഷ്ട്രീയ അക്രമക്കേസുകളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ കൂത്തുപറമ്പ്, മുഴക്കുന്ന്, പയ്യന്നൂർ സ്റ്റേഷൻപരിധിയിലായി നാല് കൊലപാതകങ്ങളുമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ശൂഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കൊലയില്‍ പങ്കാളിയല്ലെന്നു പാര്‍ട്ടി അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം വളരുന്നത് എങ്ങനെ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മാനോഭാവം. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് പുതിയ കൊലപാതകം അടിവരയിടുന്നു. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത ആഭ്യന്തര വകുപ്പ് മന്ത്രി വന്‍ പരാജയമായി മാറിയിരിക്കുകയാണ്.
രാഷ്ട്രീയ കൊലകള്‍ പരിശോധിച്ചാല്‍ കണ്ണൂരിന് മാത്രമായി ഒരു ചരിത്രമുള്ളത് കാണാം. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകൻ വാടിക്കൽ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയപക പോക്കലിന് ഇരയാകുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിര കളാവുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 1980 മുതല്‍ 2015 വരെയുള്ള 35 വര്‍ഷ കാലയളവിനുള്ളില്‍ സിപിഐഎം – ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയ വൈര്യത്തിൽ ജീവന്‍ പൊലിഞ്ഞത് ഏതാണ്ട് 180 ഓളം ആളുകള്‍ക്കാണ്. 1971ല്‍ തലശ്ശേരിലിയിലുണ്ടായ കലാപത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം കലുഷിതമായത് സിപിഐഎമ്മും ബിജെപിയും തമ്മിലാണ്. പിന്നീട് ഇടക്കാലത്ത് ബിജെപി മാറി പോരാട്ടങ്ങള്‍ കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലായി. ജില്ലയില്‍ മേധാവിത്വം തെളിയിക്കുന്നതിനായി പാര്‍ട്ടികള്‍ ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി.
പിണറായി സഖാവിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ കയറിയിട്ട് ഒരു വര്ഷം മാത്രം പിന്നിടുമ്പോള്‍ പത്തിലധികം രാഷ്ട്രീയ കൊലകള്‍ നടന്നുകഴിഞ്ഞു. മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ദിവസം വൈകുന്നേരമാണ് സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പിണറായിയില്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. പിന്നീട് ഒരുമാസത്തെ ഇടവേളക്ക് ശേഷം ജൂലൈ മാസത്തില്‍, ജില്ലയില്‍ ഏറെക്കാലമായി ഇരുപക്ഷവും നിര്‍ത്തിവെച്ചിരുന്ന, ഏറ്റവും കിരാതമായ ‘വീട്ടില്‍ക്കയറി കൊലപ്പെടുത്തല്‍ രീതിയിലൂടെ’ പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധിക്കപ്പെട്ടു. ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി അതേരീതിയില്‍ അതേ രാത്രിയില്‍ സി.പി.എം തിരിച്ചടിച്ചു. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അന്യമായിരുന്ന പയ്യന്നൂരില്‍ സമാധാന ശ്രമങ്ങള്‍ പ്രതീക്ഷിച്ചവര്‍ പക്ഷെ കേട്ടത് നേതാക്കളുടെ കൊലവിളിയായിരുന്നു.
സി.പി.എമ്മുകാരെ ആക്രമിക്കാന്‍ വരുന്നവര്‍ വെറും കൈയോടെ മടങ്ങില്ലെന്നു പാടത്ത് ജോലി ചെയ്താല്‍ വരുമ്പത്ത് കൂലി കൊടുക്കുമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ മുതലാളിയുടെ അടുത്ത് വരമ്പത്ത് പോയി കൂലി വാങ്ങാനല്ല, പാടത്ത് പൊന്നു വിളയിക്കാനാണ് തങ്ങള്‍ പണിയെടുക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് എം.ടി രമേശ് മറ്റൊരു പൊതു ചടങ്ങില്‍ വെച്ച് ആഹ്വാനം ചെയ്തത്.
സെപ്തംബര്‍ മൂന്നിന് തില്ലങ്കേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ബോബേറില്‍ മാരകമായി പരിക്കേറ്റു. അന്നു രാത്രിയില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിനീഷ് സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി മോഹനനെ ആറംഗ സംഘം ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറി പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ഒരു ദിവസത്തെ ശാന്തതയില്‍ അതേരീതിയില്‍ തന്നെയായിരുന്നു തിരിച്ചടിയും. മുന്‍കരുതല്‍ നടപടിയായ നിരോധനാജ്ഞക്കിടയിലും സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിനെ രാവിലെ പത്തരയ്‌ക്കു വെട്ടിക്കൊന്നു. 2002ല്‍ ഇതേരീതിയില്‍ കൊല്ലപ്പെട്ടയാളാണ് രമിത്തിന്റെ പിതാവ് ഉത്തമന്‍. മാസങ്ങളുടെ പോലും ഇടവേള നല്‍കാതെ കൊലപാതകങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എട്ടു ബി ജെപി ആര്‍- എസ് എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ധർമടം പൊലീസ് റജിസ്റ്റർ ചെയ്ത രംജിത്, സന്തോഷ്കുമാർ കൊലക്കേസുകൾ, പയ്യന്നൂർ സ്റ്റേഷനിലെ സി.കെ. രാമചന്ദ്രൻ, ബിജു കൊലക്കേസുകൾ, പാലക്കാട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത വിമല, രാധാകൃഷ്ണൻ ഇരട്ടക്കൊല,കൊല്ലം കടയ്ക്കൽ സ്റ്റേഷനിലെ രവീന്ദ്രൻപിള്ള കൊലക്കേസ്, തിരുവനന്തപുരം ശ്രീകാര്യം പൊലീസ് റജിസ്റ്റർ ചെയ്ത രാജേഷ് വധക്കേസ് തുടങ്ങി തൃശ്ശൂര്‍ സ്വദേശി ആനന്ദും കയ്പമംഗലം സ്വദേശി സതീശനുമെല്ലാം ഈ ആരും കൊലയുടെ ഇരകളാണ്. കൊലപാതകത്തിന്റെ രീതിക്കും ഉപയോഗിക്കുന്ന ആയുധത്തിനും കണ്ണൂരിൽ രാഷ്ട്രീയമുണ്ട്. വയറുകീറി കുടൽമാലയിൽ മണ്ണുവാരിയിടുന്നതും മുഖംവെട്ടിമുറിക്കുന്നതും വെട്ടുന്നതിനു മുന്പ് ബോംബെരിയുന്നതും ഒരു രീതിയാണ്.
സിപി എം അധികാരത്തില്‍ വരുന്നതോടെ അതിനൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കാരണം ഭരണ പക്ഷത്തു ഇരിക്കുമ്പോള്‍ എങ്കിലും തങ്ങളുടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നേര്‍വഴിക്ക് നടക്കുമെന്ന് തോന്നി. എന്നാല്‍ അധികാരം ഇതിനൊരു ആയുധമാണെന്ന തലത്തിലായി കമ്യൂണിസ്റ്റ് നേതൃത്വത്തിലെ ഭരണം. അതോടെ സംസ്ഥാന പോലീസ് തികച്ചും നിഷ്‌ക്രിയരാകുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പരാജയമാണ് ഇതിനു കാരണം. സ്വന്തം ജില്ലയില്‍ ക്രമ സമാധാനം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഭരണത്തില്‍ കേരളം എങ്ങനെ ശരിയാകാനാണ്!!
അനിരുദ്ധന്‍
Post Your Comments