
തല മണ്ണിൽ കുഴിച്ചിട്ടുകൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ‘മുണ്ടപോട്ട കേലാസ്’ എന്ന ഗോത്ര വർഗ്ഗത്തിന്റെ ഉപജീവന മാർഗ്ഗമാണ് ഈ രീതി. നാടോടികളായ ഇവർ തല മണ്ണിൽ കുഴിച്ചിട്ടുകൊണ്ട് അഭ്യാസപ്രകടനം നടത്തിയാണ് ഭക്ഷണവും വെള്ളവും കാഴ്ചക്കാരിൽ നിന്ന് സ്വീകരിക്കുന്നത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും തലമുറകളായി ‘മുണ്ടപോട്ട കേലാസ്’ അനുവർത്തിച്ചു വരുന്ന രീതിയാണ് ഇത്.
Also Read:ഇനി മീനില്ലാക്കാലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
ഒഡീഷയിലെ പ്രാചീനമായ ഒരു കമ്മ്യൂണിറ്റിയാണ് ‘മുണ്ടപൊട്ട കേള’. ഒരു ഡിനോട്ടിഫൈഡ് ഗോത്രമായിട്ടാണ് ഇവർ ഇപ്പോഴും അറിയപ്പെടുന്നത്. സർക്കാർ രേഖകളിൽ എവിടെയും ഇവരെ സംരക്ഷിക്കാനോ ഇവർക്ക് പാർപ്പിടവും ഭക്ഷണവും എത്തിയ്ക്കാനോ വേണ്ട നിയമങ്ങൾ ഒന്നുമില്ല. ‘മുണ്ടപൊട്ട കേള’ സമുദായം പതിറ്റാണ്ടുകൾക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്ത് നിന്ന് ഒഡീഷയിലേക്ക് കുടിയേറിയവരാണെന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്.
തെരുവ് കലാകാരന്മാരായതിനാൽ ഇവർക്ക് കൃത്യമായ ഇടങ്ങളോ പാർപ്പിടമോ ഇല്ല. പാമ്പുകളെ പിടിച്ച് അവയെ പ്രദർശിപ്പിക്കുന്നതും, മറ്റു തെരുവ് അഭ്യാസ പ്രകടനങ്ങളും മാത്രമാണ് ഇവരുടെ ഉപജീവന മാർഗ്ഗം. ഈ വിചിത്രമായ പ്രവൃത്തിയിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്ന ചുരുക്കം ചില അംഗങ്ങൾ മാത്രമുള്ള സമൂഹമാണ് മുണ്ടപൊട്ട കേലാസ്. കോവിഡ് 19 പാൻഡമിക്കിന്റെ ആഘാതത്തിൽ ഈ ഗോത്ര സമൂഹം കൂടുതലായി തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദ ഹിന്ദു പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ ഈ ഗോത്ര സമൂഹത്തേക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
മുണ്ടപോട്ട കേലാസ് ഒരു ഡിനോട്ടിഫെയ്ഡ് ഗോത്ര സമൂഹമായത് കൊണ്ട് തന്നെ സർക്കാർ വക യാതൊരു സഹായവും ഇവർക്ക് ലഭിക്കുന്നില്ല. ഇവർ ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരിടത്തേക്ക് എപ്പോഴും യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ സംസ്കാരങ്ങൾ കുടികൊള്ളുന്ന ഈ സമൂഹം ഇപ്പോൾ ദാരിദ്രത്തിന്റെയും വറുതിയുടെയും കാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാർ തലത്തിൽ ഇടപെടലുകൾ ശക്തമായില്ലെങ്കിൽ മുണ്ടപോട്ട കേലാസ് ഒരു നാമമാത്ര ഗോത്ര സമൂഹമായി മാറാൻ ഇടയുണ്ട്.
-സാൻ
Post Your Comments