ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സേനയുടെ സാന്നിധ്യം ഇന്ത്യ നിശബ്ദമായി വര്‍ധിപ്പിക്കുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എട്ട് യുദ്ധക്കപ്പലുകളാണ് ഇന്ത്യന്‍ നാവിക സേന സജ്ജമാക്കിയിരിക്കുന്നത്. കടല്‍ വഴിയുള്ള ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ഇന്ത്യന്‍ നാവികസേനയുടെ മുഖ്യലക്ഷ്യം.
കേന്ദ്രത്തില്‍ നിന്നുളള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണം ശക്തമാക്കിയത്. പ്രതിരോധവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് എട്ടു യുദ്ധക്കപ്പലുകളും വിന്യസിച്ചിരിക്കുന്നത്. കടല്‍ വഴി ഏതു നിമിഷവും പെട്രോളിങ് നടത്താന്‍ കഴിയുന്ന രീതിയിലാണ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന എന്തു ചെയ്താലും അതിവേഗം കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്നാണ് നാവികസേന വക്താവ് പറഞ്ഞത്. ഇതിനായി നിരീക്ഷണ വിമാനം പി8ഐയും സജ്ജമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി രുക്മിനി റഡാറിന്റെ സഹായവും തേടുന്നുണ്ട്.
അതേസമയം, ചൈനീസ് നാവികസേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 11 യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാലദ്വീപ് വിഷയത്തില്‍ ഇന്ത്യയും ചൈനയും കൊമ്പുകോര്‍ത്തിരുന്നു. ഇതിനു ശേഷമാണ് ചൈന കടലിലെ പ്രതിരോധം ശക്തമാക്കിയതെന്നും സൂചനയുണ്ട്.
ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നിര്‍ണ്ണായക മേഖലകളില്‍ സ്ഥിരം സാന്നിധ്യമായി തുടങ്ങിയതും അടുത്തിടെയാണ്. ഇന്ത്യന്‍മഹാ സമുദ്രവും പസഫിക് സമുദ്രവും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിലും ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണം സ്ഥിരമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, തായ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സമുദ്രാതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ദക്ഷിണേഷ്യയും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ കൂടിച്ചേരുന്ന സുന്ദ കടലിടുക്കും ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. രാജ്യാന്തര തലത്തിലെ സമുദ്രചരക്കു നീക്കത്തിന്റെ എഴുപത് ശതമാനവും ഈ രണ്ട് കടലിടുക്കുകളിലൂടെയുമാണ് സംഭവിക്കുന്നത്.
Post Your Comments