YouthWomenLife StyleFood & CookeryHealth & Fitness

നല്ല ആരോഗ്യത്തിന് ഭക്ഷണം എന്ത്, എപ്പോള്‍ ,എങ്ങനെ കഴിക്കണം

ഏതുതരം ആഹാരം കഴിക്കണം, അതെങ്ങനെ കഴിക്കണമെന്നുള്ളതും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്‌. നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ അതുകൊണ്ട് ശരീരത്തിന്‌ പ്രയോജനമുണ്ടാവുകയുള്ളൂ.

ആഹാരം നന്നായി ചവച്ചു കഴിയ്ക്കുക

“ആഹാരം നന്നായി ചവച്ചു കഴിയ്ക്കുക.” ചവയ്ക്കലിന്‌ ദഹനപ്രകിയയില്‍ കാര്യമായ പങ്കുണ്ട്‌. അന്നജം കൂടുതലുള്ള പദാര്‍ത്ഥങ്ങള്‍ ദഹിക്കുന്നത്‌ ഉമിനീരിന്റെ സഹായത്തോടെയാണ്‌. അതുകൊണ്ട് ആഹാരം വായിലിട്ട്‌ നന്നായി ചവച്ചരയ്ക്കുക തന്നെ വേണം. ഭക്ഷണം കഴിഞ്ഞ ഉടനെ ചെന്നുകിടക്കുന്നത്‌ നന്നല്ല. രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു വേണം കിടക്കാന്‍. ദഹനം നടക്കുന്നതോടു കൂടി ശരീരത്തിലെ പോഷണസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗത കൂടുന്നു. ആ സമയത്ത്‌ ഉറങ്ങാന്‍ കിടന്നാല്‍, ഉറക്കം ശരിയാവുകയില്ല. മാത്രമല്ല, അകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നേരിടുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടന്നാല്‍ വലിയൊരു ഭാഗം ആഹാരം ദഹിക്കാതെ കിടക്കുമെന്നതും ഓര്‍മവേണം. ചില പദാര്‍ത്ഥങ്ങള്‍ക്ക്‌ ദഹനസമയം കുറച്ചു കൂടുതലാണ്‌.

വെള്ളം

ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെളളം കുടിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഭക്ഷണത്തിനു മുമ്പായി വേണമെങ്കില്‍ അല്‍പം വെളളം കുടിക്കാം. ആഹാരം കഴിഞ്ഞ്‌ അരമണിക്കൂറിനുശേഷം വെളളം കുടിക്കുന്നതാണുത്തമം. ഒരു ചെമ്പു പാത്രത്തില്‍ രാത്രി മുഴുവന്‍ അടച്ചുവെച്ച വെള്ളം കുടിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്‌. അണുക്കളെ നശിപ്പിച്ച്‌ വെളളത്തിന്‌ കൂടുതല്‍ ശക്തി നല്‍കുന്നു. ആശുപത്രികളില്‍ പ്രത്യേകിച്ചും ഐ.സി.യു വിഭാഗത്തില്‍ ചെമ്പില്‍ പൊതിഞ്ഞ സാമഗ്രികള്‍ കാണാം. അണുബാധ ഒഴിവാകാനുളള നല്ലൊരു മാര്‍ഗമാണിത്‌.

കാലത്തിനും നേരത്തിനും ഭക്ഷണം

കാലത്തിനും നേരത്തിനുമനുസരിച്ച്‌ ആഹാരം കഴിച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വികന്‍മാര്‍. അത്‌ അവരുടെ ആരോഗ്യസംരക്ഷണത്തിന്റെ രഹസ്യങ്ങളിലൊന്നായിരുന്നു. കാലാവസ്ഥയ്ക്കനുസരിച്ചാണ്‌ വിഭവങ്ങളുടെ ലഭ്യത. അതതു സമയത്ത്‌ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും, ആ സമയത്ത്‌ ആരോഗ്യത്തിന്‌ അനുയോജ്യമായിട്ടുളളതായിരിക്കും. ഇന്ത്യയില്‍, വിശേഷിച്ചും ദക്ഷിണേന്ത്യയില്‍, വ്യത്യസ്‌തമായ രീതികളിലാണ്‌ വേനല്‍ കാലത്തും, വര്‍ഷക്കാലത്തും, മഞ്ഞുകാലത്തും ഭക്ഷണം പാകം ചെയ്‌തിരുന്നത്‌. ആ രീതി ഇക്കാലത്തും നമുക്കനുകരിക്കാവുന്നതേയുളളൂ. അതുകൊണ്ട് ശരീരത്തിന്‌ ഏറെ ഗുണം ലഭിക്കുകയും ചെയ്യും.

തണുപ്പുകാലത്ത്‌ ചര്‍മ്മം വരളുന്നതും വിണ്ടുപൊട്ടുന്നതും സാധാരണമാണ്‌. പണ്ടുളളവര്‍ ലേപനങ്ങളും ക്രീമുകളുമൊന്നും പുരട്ടിയിരുന്നില്ല. ദിവസവും കുറേശെ എള്ളുകഴിയ്ക്കും. അതിലെ എണ്ണമയം ചര്‍മ്മത്തെ വരള്‍ച്ചയില്‍നിന്നും കാത്തുകൊള്ളും. എള്ളു കഴിയ്ക്കുന്നതുകൊണ്ട് ശരീരത്തില്‍ ചൂടു കൂടുന്നു, അതുകൊണ്ട് തൊലിയില്‍ വിളളലുണ്ടാകുകയില്ല.

വേനലില്‍ ദേഹത്തിന്റെ ചൂടുകൂടും. അപ്പോള്‍ തണുപ്പു ലഭിക്കുന്ന ഭക്ഷണമാണ്‌ കഴിക്കേണ്ടത്‌. ആ കാലത്ത്‌ തമിഴ്‌നാട്ടില്‍ എല്ലാവരും കമ്പു (ഒരു ധാന്യം) കഴിയ്ക്കും. കാലോചിതമായ ആഹാരം അതായിരുന്നു പഴയ കാലത്തെ രീതി. അന്തരീക്ഷത്തില്‍ ഏറിവരുന്ന ചൂടിനേയും തണുപ്പിനേയും ക്രമീകരിക്കാന്‍ അത്തരം ഭക്ഷണം ശരീരത്തെ സഹായിക്കുന്നു.

സമീകൃതാഹാരം

ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങള്‍ ഏറെക്കുറെ ലഭിക്കാവുന്ന ഒരു ഭക്ഷണരീതി, അതു തന്നെയാണ്‌ സമീകൃതാഹാരം എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌. നിത്യേനയുള്ള ആഹാരത്തില്‍ ധാരാളം പച്ചക്കറികളും, പരിപ്പുപയറുവര്‍ഗങ്ങളും, പലതരം ധാന്യങ്ങളും ഉള്‍പ്പെടുത്തണം. നമ്മുടെ നാട്ടില്‍ എണ്‍പതുകോടി ജനങ്ങള്‍ പ്രമേഹരോഗസാദ്ധ്യതയുള്ളവരാണെന്ന്‍ കണക്കുകള്‍ പറയുന്നു. അതിനുള്ള കാരണങ്ങളിലൊന്ന്‍, ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഒരേ ഒരു ധാന്യം മാത്രം കഴിക്കുന്നവരാണ്‌ എന്നതാണ്‌. അധികം പേരുടേയും മുഖ്യാഹാരം ഒന്നുകില്‍ അരി, അല്ലെങ്കില്‍ ഗോതമ്പാണ്‌. ഇതു കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യത്തിനേറ്റവും യോജിച്ചത്‌ പലവിധ ധാന്യങ്ങള്‍ കലര്‍ന്നിട്ടുളള ആഹാര രീതിയാണ്‌.

ആഹാരം കഴിക്കുന്നത്‌ ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിര്‍ത്താനായിട്ടാണ്‌. അതുകൊണ്ട് എന്ത്‌, എങ്ങനെ കഴിക്കണമെന്ന്‍ നിശ്ചയിക്കേണ്ടതും ശരീരമാണ്‌. സ്വന്തം ബുദ്ധിയും വിവേകവുമനുസരിച്ച്‌ അവനവന്റേതായ ഒരു ചിട്ട ഭക്ഷണകാര്യത്തില്‍ നമുക്ക്‌ സ്വീകരിക്കാം. ഓരോരുത്തരുടേയും ശരീരഘടന വ്യത്യസ്‌തമാണ്‌. അതുപോലെതന്നെ അതിന്റെ ആവശ്യങ്ങളും വെവ്വേറെയായിരിക്കും. പൊതുവായി സ്വീകരിക്കാവുന്ന ചില കാര്യങ്ങളാണ്‌ ഇവിടെ പറഞ്ഞത്‌. പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങളുളളവര്‍ വിദഗ്‌ദ്ധാഭിപ്രായം തേടുകയാണ്‌ നല്ലത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button