KeralaLatest NewsNews

ശ്രീനാരായണ കണ്‍വന്‍ഷന്‍ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയത് പിണറായി വിജയന്‍, ബിജെപിയെ വിട്ട് വെള്ളാപ്പള്ളി ഇടത് പക്ഷത്തേക്കോ?

പത്തനംതിട്ട: കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ വെള്ളാപ്പള്ളിയെ ആരും പഠിപ്പിക്കണ്ട. അവസരത്തിനൊത്ത് സംസാരിക്കാനും കളം മാറുമ്പോള്‍ മറുകണ്ടം ചാടാനും വെള്ളാപ്പള്ളിക്കുള്ളത്ര വൈഭവം മറ്റൊരു സമുദായ നേതാവിനുമില്ല. റാന്നി മാടമണില്‍നടക്കുന്ന ശ്രീനാരായണ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ വെള്ളാപ്പള്ളി ക്ഷണിച്ചത് സാക്ഷാല്‍ പിണറായിയെ. സമുദായത്തില്‍ വെള്ളാപ്പള്ളിയുടെ ഏറ്റവും വലിയ എതിരാളിയായ ഗോകുലം ഗോപാലനുമായി അടുത്ത ബന്ധമാണ് പിണറായിക്കുള്ളത്. അതിനിടയില്‍ നുഴഞ്ഞു കയറി വിള്ളലുണ്ടാക്കുക എന്നതാണ് ഒരു ലക്ഷ്യം.

രണ്ടാമത്തേത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്നാമ്പുറത്ത് കൂടി ബിജെപിക്കിട്ട് പണിയുക എന്നതാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിക്ക് പ്രസ്റ്റീജാണ്. അവിടെ സിപിഐഎം തോറ്റാല്‍ വലിയ തിരിച്ചടിയാകും മുഖ്യമന്ത്രിക്ക് അത്. പ്രത്യക്ഷത്തില്‍ ബിഡിജെഎസ്, എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും ബിജെപി വോട്ടുകള്‍ കുറച്ചു കൊടുക്കാമെന്ന് ഒരു ധാരണ മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി നേരത്തേ ഉണ്ടാക്കിയിട്ടുണ്ട്. റാന്നി യൂണിയന്റെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

നടത്തിപ്പുകാര്‍ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ പത്മകുമാറും എരുമേലി യൂണിയന്‍ പ്രസിഡന്റ് ശ്രീപാദം ശ്രീകുമാറും. ഇവര്‍ക്ക് പുറമേ കോഴഞ്ചേരി, ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി യൂണിയനുകളില്‍ നിന്നുള്ള ശ്രീനാരായണീയര്‍ കൂടി രംഗത്ത് ഇറങ്ങിയതോടെ പമ്പാ മണല്‍പ്പുറം ജനസമുദ്രമായി. ഇതിനിടയിലേക്കാണ് പിണറായി വന്നിറങ്ങിയത്. ജനക്കൂട്ടം കണ്ട് പിണറായി പോലുംഅമ്പരന്നു. എസ്‌എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാംഗീകാരം അടക്കം പകരം വെള്ളാപ്പള്ളിക്ക് ചില നേട്ടങ്ങളും കിട്ടും.

എസ്‌എന്‍ഡിപി യോഗത്തിന്റെ ശക്തി വെള്ളാപ്പള്ളിയെ പ്രത്യക്ഷത്തില്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാടമണ്‍ കണ്‍വന്‍ഷന്റെ സമാപന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിച്ച കാലമാണ് ഇതെന്നും ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ സാഹോദര്യത്തിന്റെ മാതൃകാ സ്ഥാനമാക്കി മാറ്റാന്‍ ഗുരുദേവന് സാധിച്ചുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗുരുവിനു ജാതിയോ മതമോ ഉണ്ടായിരുന്നില്ല. തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റേതായി കാണരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ആസൂത്രിതവും സംഘടിതവുമായ വര്‍ഗീയ വല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ കരുത്തുള്ള ദര്‍ശനമായിരുന്നു ശ്രീനാരായണ ഗുരുദേവന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞുപതിവിന് വിപീരതമായി ഏറെ സമയം കണ്‍വന്‍ഷന്‍ നഗറില്‍ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖത്തുള്ള ഗൗരവഭാവവും മസിലു പിടുത്തവും പാടേ വെടിഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വരവ്. ഫലിതം പറഞ്ഞ് ചിരിക്കാനും സദസിലുള്ളവരോട് കുശലം ചോദിക്കാനും പിണറായി മുതിര്‍ന്നു. വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു. എസ്‌എന്‍ഡിപി യോഗത്തിന് സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ ഉള്ളവര്‍ പിന്നില്‍ നിന്നു കുത്തുന്നത് ക്ഷമിക്കാന്‍ കഴിയുതല്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button