കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സിപിഎം പങ്ക് വെളിപ്പെടുത്തി എംഎല്‍എ എ.എന്‍ ഷംസീര്‍. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, അത് സംഭവിച്ചു പോയതാണെന്നും ചാനല്‍ ചര്‍ച്ചയില്‍ ഷംസീര്‍ തുറന്നു പറഞ്ഞത് വിവാദമായിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വെട്ടേറ്റു മരിച്ച സംഭവത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ വെളിപ്പെടുത്തല്‍. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ചര്‍ച്ചയില്‍ ഷംസീറിന് ഒപ്പമുണ്ടായിരുന്നു.
ഷുക്കൂര്‍ കേസില്‍ ബന്ധമില്ലെന്ന് തങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. അതൊരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല, അതങ്ങ് സംഭവിച്ചു പോയതാണ്. ഒരു മാസ് സൈക്കോളജിയാണ്. ജനക്കൂട്ടം അക്രമിച്ച സംഭവമാണ്. ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ല. ആ സംഭവം ഇല്ലാന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിക്ക് ബന്ധം ഇല്ലെന്നും പറഞ്ഞിട്ടില്ല.. എന്നിങ്ങനെ ആയിരുന്നു എ.എന്‍ ഷംസീറിന്റെ വാക്കുകള്‍.
ഷുക്കൂര്‍ വധക്കേസിനെ സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലില്‍ ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. 2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി.ജയരാജന്റെ കാറിനു കല്ലെറിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം.
Post Your Comments