ഗളൂരു: വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 25 രാജ്യങ്ങളിലെ 36 സ്ഥലങ്ങളിലേക്ക് പറന്നത് 3.25 ലക്ഷം കിലോഗ്രാം റോസാപ്പൂക്കള്‍. ബെംഗളൂരുവിലെ ബസീലിയന്‍ ലേഡിയും താജ്മഹലും ഫസ്റ്റ് റെഡ് തുടങ്ങിയ റോസാപ്പൂക്കള്‍കൊണ്ട് ഏറ്റവും കൂടുതല്‍ പ്രണയമാഘോഷിച്ചത് മലേഷ്യയാണ്. 52,459 കിലോഗ്രാം റോസാപ്പൂക്കളാണ് മലേഷ്യയിലേക്ക് ഫെബ്രുവരി ഒന്നുമുതല്‍ ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ കയറ്റുമതിചെയ്തത്. രണ്ടാംസ്ഥാനത്തുള്ള കുവൈത്തിലേക്ക് 39,341 കിലോഗ്രാമും പറന്നു. സിങ്കപ്പൂര്‍, സൗദി അറേബ്യ, ജപ്പാന്‍, അമേരിക്ക, ലെബനന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യു.എ.ഇ., ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.
അതേസമയം കൂടുതല്‍ ആളുകള്‍ പൂക്കള്‍ കയറ്റുമതി ചെയ്യാന്‍ ബെംഗളൂരുവിനെ ആശ്രയിക്കാന്‍ കാരണം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിച്ചതിനാലാണെന്നാണ് അധികൃതരുടെ വാദം. കെംപെഗൗഡ വിമാനത്താവളം നിലവില്‍വന്നതിനുശേഷം ഫെബ്രുവരി ആദ്യ രണ്ടാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതിനടന്ന വര്‍ഷമെന്ന റെക്കോഡും ഇതോടെ 2018-നു ലഭിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കയറ്റുമതി ചെയ്തതിന്റെ 11 ശതമാനം കൂടുതലാണ് ഇത്തവണ. 2.93 ലക്ഷം കിലോഗ്രാമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി.
രാജ്യത്തിന്റെ മൊത്തം റോസാപ്പൂ കയറ്റുമതിയുടെ 70 ശതമാനവും ബെംഗളൂരുവില്‍നിന്നാണ്. ബെംഗളൂരു വിമാനത്താവളത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ 125-ഓളം വന്‍കിട റോസാപ്പൂ കര്‍ഷകര്‍ ഉണ്ടെന്നാണ് കണക്കുകള്‍. മറ്റു സ്ഥലങ്ങളില്‍നിന്നും ഇവിടേക്ക് റോസാപ്പൂക്കള്‍ എത്തുന്നുണ്ട്.
Post Your Comments