ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ബജ്‌രംഗദൾ പ്രവർത്തകനായ ഹർഷ കൊല്ലപ്പെട്ട സംഭവത്തിൽ 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിലായി. ശിവമോഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും, ഇതിന് പിന്നിൽ നിരവധി പേർ പ്രവർത്തിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Also read: കായംകുളത്ത് വോട്ട് ചോർന്നെന്ന ആരോപണം: യു പ്രതിഭ എം.എൽ.എയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും
ഞായറാഴ്ച വൈകിട്ടാണ് ശിവമോഗയിലെ സീഗാഹട്ടി സ്വദേശിയായ ഹർഷ കാറിലെത്തിയ അക്രമി സംഘത്തിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കാമത്ത് ഒരു പെട്രോൾ പമ്പിന് സമീപം നിൽക്കുകയായിരുന്ന ഹർഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. ഹർഷയുടെ കൊലപാതകത്തിൽ അഞ്ച് പേർ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ബജ്‍രംഗദളിന്‍റെ സജീവ പ്രവർത്തകനായിരുന്ന ഹർഷയ്ക്ക് മുൻപും നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ബജ്‌രംഗദൾ റാലികള്‍ക്കിടെ ഹര്‍ഷ പ്രദേശത്തെ മറ്റൊരു സംഘവുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments