ബംഗളുരു: ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച് നഗരത്തിൽ യഥേഷ്ടം വിഹരിച്ചിരുന്ന ദമ്പതികളായ മോഷ്ടാക്കളെ ബംഗളൂരു സിറ്റി പൊലീസ് പിടികൂടി. ചിക്കബാനാവര സ്വദേശികളായ എസ്. സിക്കന്ദറും (30), ഭാര്യ നസ്മ സിക്കന്ദറും (29) ആണ് സംഭവത്തിൽ അറസ്റ്റിലായത്. മോഷ്ടിച്ച ബാറ്ററികൾ കിലോഗ്രാമിന് 100 രൂപ നിരക്കിൽ അവർ വില്പന നടത്തിയതായി പൊലീസ് പറഞ്ഞു.
സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ബാറ്ററികളാണ് ഇവർ മോഷ്ടിച്ചത്. ഓരോന്നിനും ഏതാണ്ട് 18 കിലോഗ്രാം ഭാരം വരും. 2021 ജൂണിനും 2022 ജനുവരിക്കും ഇടയിൽ നഗരത്തിൽ ഉടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്നായി 230-ലധികം ബാറ്ററികളാണ് കർണാടക സ്വദേശികളായ ഈ ദമ്പതികൾ മോഷ്ടിച്ചത്.
തങ്ങളുടെ സ്കൂട്ടറിൽ പുലർച്ചെ ട്രാഫിക് ജംഗ്ഷനുകളിലെത്തി സിഗ്നലിന്റെ ബാറ്ററികൾ മോഷ്ടിക്കുകയായിരുന്നു ദമ്പതികളുടെ പതിവ്. ട്രാഫിക് സിഗ്നലുകൾ നിരന്തരം പ്രവർത്തനരഹിതം ആകുന്നതിൽ ആശങ്കാകുലരായ പൊലീസ് ബാറ്ററികൾ മോഷണം പോകുന്നതായി ആദ്യം സംശയിച്ചിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാറ്ററികൾ മോഷ്ടിക്കപ്പെടുകയാണെന്ന് പൊലീസ് കണ്ടെത്തിയത്.
Post Your Comments