ന്യൂഡല്‍ഹി•കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥിയായ എഴുത്തുകാരി പ്രതിഭ റായ്ക്ക് പരാജയം. കന്നഡ കവിയും നാടകകൃത്തും നോവലിസ്റ്റുമായ പ്രൊ.ചന്ദ്രശേഖര കംബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 29നെതിരെ 58 വോട്ടുകള്‍ക്കാണ് കംബാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
വിനായക് കൃഷ്ണ ഗോകക് (1983), യു.ആര്‍ അനന്തമൂര്‍ത്തി (1993) എന്നിവര്‍ക്ക് ശേഷം അക്കാദമിയുടെ തലപ്പെത്തെത്തുന്ന കന്നഡ സാഹിത്യകാരനാണ് ചന്ദ്രശേഖര. അനന്തമൂര്‍ത്തിയുടെ തെരെഞ്ഞടുപ്പിന് ശേഷം സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ രണ്ടാമത്തെ തെരെഞ്ഞെടുപ്പാണിത്.
10 വര്‍ഷത്തിലേറെ അക്കാദമി എക്സിക്യുട്ടീവ് കമ്മറ്റി അംഗമായി സേവനമനുഷ്ടിച്ച പ്രൊ.കംബാര്‍, 2013-18 കാലയളവില്‍ അക്കാദമി വൈസ് പ്രസിഡന്റ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മലയാള സാഹിത്യകാരന്‍മാരായ പ്രഭാവര്‍മ്മ, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ അക്കാദമി അംഗങ്ങളായുണ്ട്. സി. രാധാകൃഷ്ണന്‍ നേരത്തെ അംഗമാണ്. എഴുത്തുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കവി സച്ചിദാനന്ദന്‍ അക്കാദമി അംഗത്വം രാജിവച്ചിരുന്നു.
പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി നീക്കം. എന്നാല്‍ ജനറല്‍ കൗണ്‍സിലില്‍ അത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് പ്രതിഭാ റായിക്ക് പിന്തുണ നല്‍കുകയായിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ്, ലളിതകലാ അക്കാദമി, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, നെഹ്റു മെമ്മോറിയല്‍ മ്യൂസിയം എന്നീ സ്ഥാപനങ്ങളിലെല്ലാം ബി.ജെ.പി പിന്തുണയുള്ളവരാണ് ഇപ്പോള്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.
Post Your Comments