ദമാസ്കസ്•സിറിയയില്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. സുഖോയ് 25 പോര്‍വിമാനം നിലംപതിക്കുന്ന വീഡിയോ ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞരന്‍ പ്രവിശ്യയായ ഇഡ്ലിബിലാണ് സംഭവം. നിലത്ത് വീണ് കത്തിയെരിയുന്ന വിമാനത്തിന് മുന്നില്‍ വിമതര്‍ വിജഘോഷം നടത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പൈലറ്റ് പാരച്യൂട്ട് വഴി വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വിമതരുടെ പിടിയിലായി. പക്ഷേ, ഇദ്ദേഹത്തെ പിന്നീട് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എന്ന പേരില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിമതരുടെ പിടിയിലായ പൈലറ്റ് കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടനയുടെ മേധാവി റാമി അബ്ദേല്‍ റഹ്മാന്‍ പറഞ്ഞു.
ഡിസംബര്‍ അവസാനം റഷ്യന്‍ പോര്‍വിമാനങ്ങളുടെ പിന്തുണയോടെ പ്രവശ്യയില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യ കനത്ത വ്യോമാക്രമണമാണ് ഇവിടെ നടത്തിയതെന്നും വെടിവെച്ചിട്ട വിമാനവും ഇതില്‍ ഉള്‍പ്പെട്ടതായിരുന്നുവെന്നും അബ്ദേല്‍ റഹ്മാന്‍ പറഞ്ഞു.
വിമതര്‍ നേരത്തെയും പോര്‍വിമാനങ്ങള്‍ക്ക് നേരെ വെടിവെച്ചിട്ടുണ്ടെങ്കിലും റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിടാന്‍ കഴിഞ്ഞിരുന്നത് അപൂര്‍വമാണ്.
2016 ആഗസ്റ്റില്‍ ഒരു റഷ്യന്‍ ഹെലിക്കോപ്റ്റര്‍ വെടിവെച്ചിട്ട് അതിലുണ്ടായിരുന്ന 5 പേരും കൊല്ലപ്പെട്ടിരുന്നു.
2015 ലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം ആരംഭിക്കുന്നത്. രണ്ടു മാസങ്ങള്‍ക്ക് ശേഷം ഒരു റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടിരുന്നു.
Post Your Comments