ഒറ്റപ്പാലം: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തില്‍ പോലീസ് വ്യാപക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മായന്നൂര്‍ കൊണ്ടാഴി പാറമേല്‍പടി പള്ളുത്തിപ്പാറ മണ്ണിയംകാട്ടില്‍ എം.ബി.സുധീറിനെ (44) ദിവസങ്ങള്‍ക്കുമുന്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. കുളപ്പുള്ളി ശ്രീദുര്‍ഗയില്‍ ശശിധരന്‍ നല്കിയ പരാതിയെതുടര്‍ന്നായിരുന്നു അറസ്റ്റ്.
സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഇവരുടെ കേസ് സുപ്രീംകോടതിയില്‍നിന്നും തീര്‍പ്പാക്കി നല്കാമെന്നു വാഗ്ദാനം ചെയ്ത് പ്രതി 6,05,000 രൂപ കൈപ്പറ്റുകയായിരുന്നു.കുളപ്പുള്ളിയില്‍ വ്യാപാരസ്ഥാപനം നടത്തുന്ന സ്ത്രീയില്‍നിന്നും ബാങ്ക് വായ്പ വാങ്ങിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചും ഇയാള്‍ 90,000 രൂപ തട്ടിയെടുത്തിരുന്നു. ഇതിനുപുറമേ ആര്‍മിയില്‍ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് രണ്ടുപേരില്‍നിന്നുമായി ഒരു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു. കൊട്ടാരക്കര സ്വദേശിയായ പ്രതി വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൊണ്ടാഴിയില്‍ എത്തിയത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിക്കെതിരേ എറണാകുളം, ചേലക്കര, വടക്കാഞ്ചേരി, പഴയന്നൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ കേസുണ്ടെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ഇയാള്‍ക്കെതിരേ കേസുണ്ടെന്നു പോലീസ് സംശയിക്കുന്നു.
ഇതാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണം.റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസ് തീരുമാനം.
Post Your Comments