കേരളം പോലെ ദുര്‍ഘടം പിടിച്ച നാട് വേറെയില്ലെന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ കൊണ്ട് പറയിപ്പിക്കാനുള്ള സാഹചര്യത്തിനുള്ള സൂചന ആരംഭിച്ചുവെന്ന് ഗായകന്‍ ഷഹ്ബാസ് അമൻ. ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വലിയ കലാകാരന്‍ ഇത്രയേറെ അപമാനിക്കപ്പെട്ട് ഇൗ ഭൂമിയില്‍ നിന്നും തിരിച്ച് പോകേണ്ടി വരുന്നത് മനുഷ്യ വര്‍ഗത്തിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ കാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
“I have painted a picture of Govindan who kisses Sidharthan and gets enlighted. I was inspired by this story so I decided to work on it,” – Asanthan ?
കേരളം പോലെ ദുർഘടം പിടിച്ച ഒരു നാട് വേറെ ഇല്ലെന്ന് അടുത്ത പത്ത് വർഷത്തിനുള്ളിൽ പുറം ലോകത്തെക്കൊണ്ട് പറയിപ്പിക്കാനുള്ള എല്ലാ സെറ്റപ്പും ഏകദേശം ആയിക്കഴിഞ്ഞു എന്ന ഒരു സൂചന – അതായത്- ഒരു നിലക്ക് നോക്കിയാൽ തത്വചിന്താപരമായി അശാന്തൻ എന്ന പേര് സ്വയം സ്വീകരിച്ച ഒരു ചിത്രകാരനു മാത്രമേ പോകുന്ന പോക്കിൽ അങ്ങനെയുള്ളൊരു ദു:സൂചന സ്വന്തം നാടിനെക്കുറിച്ച് ഇത്ര മേൽ കൃത്യമായി വരച്ചു കാണിക്കാനാവുകയുള്ളു! മരണവര എന്ന് പറയാവുന്ന ഒന്നുണ്ടെങ്കിൽ അത് ഇതാണ് !
ഒരു വലിയ കലാകാരൻ ഇത്രയേറെ അപമാനിക്കപ്പെട്ട് ഈ ഭൂമിയിൽ നിന്നും തിരിച്ചു പോകേണ്ടി വരുന്നതും സാധാരണ മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽത്തന്നെ ഒരുപക്ഷെ അപൂർവ്വമായിട്ടായിരിക്കും. ഇനി അങ്ങനെ അല്ല എന്നുണ്ടെങ്കിലും അങ്ങനെത്തന്നെ അതിനെ കാണണം !ജാതി പ്രശ്നം ഉറപ്പായിട്ടും ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾത്തന്നെ കട്ടക്ക് നിൽക്കുന്ന വേറൊരു കാര്യം കൂടി കാണാതെ പോകരുത് .അത് കലാ ബോധത്തിന്റെ വലിയൊരു പ്രശ്നമാണ് . സിനിമാ താരങ്ങളെപ്പോലെയോ രാഷ്ട്രീയക്കാരെപ്പോലെയോ സംഗീതകാരെപ്പോലെയോ സാഹിത്യകാരെപ്പോലെയോ ഒന്നും കേരളത്തിലെ ഭരണ വിഭാഗത്തിനോ മറ്റു ഭൂരിപക്ഷ പൗരർക്കോ ഒന്നും ബൗദ്ധികമായി ഒരു കാലത്തും മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു ചിത്രകലാകാരൻ കൂടിയാണു -അങ്ങനെയുള്ള കുറച്ച് ചിത്രകാരിൽ ഒരാളാണ് – അശാന്തൻ എന്നതും വാസ്തവത്തിൽ അയാളെ ഈ വിഷയത്തിൽ ‘ഒറ്റക്ക്’ ഒരു മൂലക്കലാക്കുന്നുണ്ട് . നൂറു ബിനാലെ കൊണ്ടും അക്കാര്യത്തിലൊന്നും നമ്മൾ സാക്ഷരരാവാനുള്ള സാധ്യത കാണുന്നില്ല .
കേരളം ഇതിനു വലിയ വില കൊടുക്കേണ്ടി വരും എന്നുറപ്പാണ് .കൃത്യമായി പറഞ്ഞാൽ ഈ ഒരു സംഭവവും കൂടി ആയതോടെ ഭാവിയിലേക്ക് ഇന്ത്യയിലെ ഏറ്റവും ദുഷിച്ചതും സാംസ്കാരികമായി പൊള്ളയായതുമായ വാസസ്ഥലങ്ങളിൽ ഒന്ന് തങ്ങളുടെ പേരക്കുട്ടികളുടെയോ അല്ലെങ്കിൽ അവരുടെ മക്കളുടേയോ പേരിൽ എഴുതി ഒപ്പിട്ടു വെക്കുകയാണ് മുഴുവൻ മലയാളികളും ചെയ്തത് എന്ന് ഉള്ള് പിടയുന്നുണ്ട്.
അതേ സമയം തന്നെ ,ഏത് തരം കലാജീവനുകളേയും പൊതുവെ ഇഷ്ടപ്പെടുന്ന വളരെ സാധാരണക്കാരായ ഹിന്ദു /അമ്പല/ദൈവ വിശ്വാസികളെയടക്കം തിരിച്ചു പ്രതികരിക്കാനാവാത്ത വിധം മൗനത്തിലാഴ്ത്തിക്കൊണ്ട് ‘യഥാർത്ഥ ശത്രു പക്ഷം’ ബോധപൂർവ്വം കൈയ്യൂക്ക് ഉപയോഗിച്ച് നടത്തിയ വേഗതയാർന്ന ഒരു പരീക്ഷണ യുദ്ധനീക്കങ്ങളിലൊന്നായി ഭരണകൂടം (പ്രത്യേകിച്ചും ) ഉൾപ്പെടെയുള്ള എല്ലാ വിഭാഗം കേരളീയരും ഒന്നടങ്കം ഇതിനെ കാണുന്നില്ലെന്നത് പേടിപ്പിക്കുന്ന ഒരറിവാണു!
ഇന്നലെ നടന്ന സ്വന്തം സംഗീത പരിപാടിയിൽ അശാന്തനു വേണ്ടി, സങ്കടവും അരിശവും പേടിയും കലർന്ന ഒരു പാട്ട് സമർപ്പിക്കാൻ മാത്രമേ ഇതെഴുതുന്നയാൾക്ക് കഴിഞ്ഞുള്ളൂ എന്നതാണു യഥാർത്ഥ സത്യം! ബാക്കിയെല്ലാം വാക്കുകൾ മാത്രം.വാക്കുകൾ കൊണ്ടെന്തുകാര്യം?
തൃശൂരിൽ നടന്ന കൺസർട്ടിനു എത്തിച്ചേർന്ന നേറിട്ടറിയുന്നതും അല്ലാത്തതുമായ ഓരോ ജീവനും നന്ദി!
എല്ലാവരോടും സ്നേഹം….
Post Your Comments