ന്യൂഡല്‍ഹി/മുംബൈ•മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി എം.പി ചിന്തമാന്‍ വനാഗ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 67 വയസായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വനാഗയുടെ മരണം ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന യൂണിയന്‍ ബജറ്റിനെ ബാധിക്കില്ലെന്ന് പാര്‍ലമെന്റ്റി കാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 1 ന് ബജറ്റ് അവതരണത്തിനായി സഭ ചേരുമ്പോള്‍ സ്പീക്കര്‍ അനുശോചനം പ്രമേയം അവതരിപ്പിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പാര്‍ലമെന്റ് യോഗമില്ലാത്തതിനാലാണിത്.
Read also:ബി.ജെ.പിയ്ക്ക് മുന്നേറ്റം പ്രവചിച്ച് പുതിയ അഭിപ്രായ സര്‍വേ
കഴിഞ്ഞവര്‍ഷം ബജറ്റ് അവതരണത്തിന് മുന്‍പ് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായിരുന്ന ഇ.അഹമ്മദ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി പിറ്റേന്ന് സഭ ചേര്‍ന്നിരുന്നില്ല.
മൂന്ന് തവണ എം.പിയായിട്ടുള്ള വനാഗ ഫിറോസ്ഷാ റോഡിലെ വസതിയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ 11.15 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹതിന് ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്.
സ്വദേശമായ കവാദ് ഗ്രാമത്തിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം ബുധനാഴ്ച സംസ്കരിക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞു.
1950 ജൂണ്‍ 1 ന് ജനിച്ച വനാഗ മഹാരാഷ്ട്രയിലെ പല്‍ഘര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 11 ാത്തെയും 13 ാമത്തെയും ലോക്സഭയിലും ഇദ്ദേഹം അംഗമായിരുന്നു. ഒരു തവണ എം.എല്‍.എയുമായിട്ടുണ്ട്.
അഭിഭാഷകന്‍ കൂടിയായ വനാഗ 1990-1996 കാലയളവില്‍ ബി.ജെ.പി താനെ ജില്ലാ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമീണ വികസനത്തിനുള്ള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലും, പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ കമ്മറ്റിയിലും വനാഗ അംഗമായിരുന്നു.
Post Your Comments