തിരുവനന്തപുരം: പുതിയ നോട്ടുകള്‍ കീറിപ്പോവുകയോ മഷി പുരളുകയോ ചെയ്താല്‍, ആ കാശ് നഷ്ടമായി എന്ന് തന്നെ കരുതിയാല്‍ മതി. പുതിയ സീരീസിലുള്ള 2,000, 500, 200, 50 രൂപ നോട്ടുകള്‍ കേടുപാട് പറ്റിയാല്‍ വിനിമയം നടത്താനോ ബാങ്കുകളില്‍ നിന്ന് മാറി വാങ്ങാനോ സാധിക്കില്ല. പുതിയ നോട്ടുകള്‍ മാറി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറങ്ങാത്തതാണ് കാരണം.
ഒരു വര്‍ഷമായി വിനിമയത്തിലുള്ള 2,000 , 500 രൂപ നോട്ടുകളില്‍ പലതും ചെറുതായി കീറുകയോ, മഷി പുരളുകയോ ചെയ്തിട്ടുണ്ട്. നേരിയ കീറലുകള്‍ ഉള്ള നോട്ടുകള്‍ പോലും ഉപയോഗശൂന്യമാകുന്നു. ബാങ്കിലെത്തിയാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിക്കുക. 2,000, 500 പോലുള്ള ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഉപയോഗശൂന്യമാകുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കേടായ നോട്ട് ലഭിച്ചാല്‍ അതേ ബ്രാഞ്ചില്‍ പോലും മാറി നല്‍കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. 200, 50 രൂപയുടെ പുതിയ നോട്ടുകള്‍ പ്രചാരം കുറവായതിനാല്‍ ഇത് വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. പുതിയ 10 രൂപ നോട്ട് ഇറക്കിയെങ്കിലും അതും പ്രചാരത്തിലായിട്ടില്ല.
പുതിയ നോട്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ലഭ്യമായിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. പഴയ സീരീസ് നോട്ടുകള്‍ മാറി നല്‍കുമെന്നും പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറി നല്‍കുന്നതിനുള്ള സര്‍ക്കുലര്‍ ലഭ്യമാകാത്തതിനാല്‍ നടപടി എടുക്കാനാവില്ലെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
Post Your Comments