NewsBUDGET-2018

ഈ വര്‍ഷത്തെ ബജറ്റിന് പ്രത്യേകതകള്‍ ഏറെ.. ബജറ്റ് ഏത് തരത്തിലുള്ളതാകുമെന്ന് സൂചന നല്‍കി ധനമന്ത്രാലയം

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്പൂര്‍ണ ബജറ്റ് എന്നനിലയ്ക്ക് ഇത്തവണത്തെ ബജറ്റിന് പ്രത്യേകതള്‍ ഏറെ. ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ സൂചന. അടുത്തവര്‍ഷം ഏപ്രില്‍, മേയ് മാസത്തോടെയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ മാത്രമേ ഫെബ്രുവരിയില്‍ ഉണ്ടാവൂ.

ജി.എസ്.ടി. നടപ്പാക്കിയശേഷമുള്ള ബജറ്റായതിനാല്‍ പഴയതുപോലെ പരോക്ഷനികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍, ആദായനികുതിയില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന ധനമന്ത്രിതന്നെ നല്‍കിയിട്ടുണ്ട്. പൊതുബജറ്റിനോടൊപ്പമാണ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുക. റെയില്‍വേ ബജറ്റില്‍ പുതിയ വണ്ടികളും പാതകളും പ്രഖ്യാപിക്കുന്നത് രണ്ടുവര്‍ഷംമുന്‍പുതന്നെ നിര്‍ത്തിയിരുന്നു.

മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകളും നികുതിനിര്‍ദേശങ്ങളടങ്ങിയ ധനബില്ലും സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലേ പാസാക്കൂ. അതിനിടയില്‍ വകുപ്പുതല സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ യോഗംചേര്‍ന്ന് ബജറ്റ് വിഹിതവും പദ്ധതികളും ചര്‍ച്ചചെയ്യും. ആദ്യഘട്ട സമ്മേളനത്തില്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയം അംഗീകരിക്കും. ഇതോടൊപ്പം ചില സുപ്രധാന ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ശ്രമിക്കും.

കഴിഞ്ഞസമ്മേളനത്തില്‍ ലോക്‌സഭ പാസാക്കി രാജ്യസഭയ്ക്ക് അയച്ച മുത്തലാഖ് ബില്‍, രാജ്യസഭയില്‍നിന്ന് ഭേദഗതികളോടെ ലോക്‌സഭയില്‍ തിരിച്ചുവന്ന പിന്നാക്കവിഭാഗ കമ്മിഷന്‍ ബില്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഇരുപക്ഷവും കടുത്ത നിലപാട് എടുത്തതിനാല്‍ അത് പരിഗണനയ്‌ക്കെടുക്കാന്‍ സാധിച്ചില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സര്‍ക്കാര്‍ ഇതുവരെ അതിന് വഴങ്ങിയിട്ടില്ല. പ്രതിപക്ഷം മുന്‍നിലപാടില്‍ത്തന്നെ ഉറച്ചുനിന്നാല്‍ മുത്തലാഖ് വിഷയം ഇക്കുറി സമ്മേളനത്തിന്റെ തുടക്കത്തില്‍ത്തന്നെ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സാധ്യതയുണ്ട്.

പിന്നാക്കവിഭാഗ കമ്മിഷന് ഭരണഘടനാപദവി നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും ചില ഭേദഗതിനിര്‍ദേശങ്ങളോടെയാണ് അത് തിരിച്ചയച്ചത്. ലോക്‌സഭ അത് തള്ളുകയാണെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. പഴയ ബില്‍തന്നെ വീണ്ടും പാസാക്കിയാല്‍ സംയുക്തസമ്മേളനം വിളിച്ചുചേര്‍ക്കേണ്ട സാഹചര്യമുണ്ടാവും.

ബാങ്കിങ് മേഖലയില്‍ സമൂല പരിവര്‍ത്തനം ലക്ഷ്യമിടുന്ന എഫ്.ആര്‍.ഡി.ഐ. ബില്‍, ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ തുടങ്ങിയവയും ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കും. വിവാദമായ കരാര്‍ത്തൊഴിലാളി നിയമഭേദഗതിബില്ലും സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ അവതരിപ്പിക്കാന്‍ ഇടയുണ്ട്.

ബജറ്റ് സമ്മേളനം സുഗമമായി നടത്തുന്നതിന് പ്രതിപക്ഷ സഹകരണംതേടി സ്പീക്കര്‍ സുമിത്ര മഹാജന്‍ ഞായറാഴ്ച പാര്‍ട്ടിനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button