അലാസ്‌ക : മഞ്ഞുമൂടിയ അലാസ്‌കയ്ക്കു മുകളിലൂടെ പതിവു നീരീക്ഷണത്തിലായിരുന്നു യുഎസ് നാഷണല്‍ പാര്‍ക് സര്‍വീസ് അംഗങ്ങളും ചില ബയോളജിസ്റ്റുകളും. യാത്ര തുടരവേയാണു താഴെ പലയിടത്തും കറുത്ത പൊട്ടുകള്‍ പോലെ എന്തോ ചിതറിക്കിടക്കുന്നതു കണ്ടത്. നോക്കെത്താ ദൂരത്തോളം മഞ്ഞിന്റെ തൂവെള്ളനിറം മാത്രം ദൃശ്യമായിരിക്കെയായിരുന്നു ആ അസാധാരണ കാഴ്ച. സൂക്ഷ്മമായ നിരീക്ഷണത്തില്‍ ആ കറുത്ത അടയാളങ്ങളില്‍ നീളന്‍ രോമമുണ്ടെന്നു കണ്ടെത്തി. കൊമ്പു പോലുള്ള എന്തോ ഒന്ന് മഞ്ഞിനു മുകളിലേക്കു തള്ളി നില്‍ന്നതും കണ്ടു. പരിശോധിക്കാന്‍ തന്നെയായിരുന്നു ഗവേഷകരുടെ തീരുമാനം. അങ്ങനെ കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന ഒരു കാര്യവും.
പ്രകൃതി നടത്തിയ കൂട്ടക്കൊലയുടെ ദൃശ്യങ്ങളായിരുന്നു കണ്മുന്നില്‍. അന്‍പതിലേറെ കസ്തൂരിക്കാളകളാണു(Musk Oxen) മഞ്ഞില്‍പ്പെട്ടു തണുത്തു മരവിച്ചു കിടന്നിരുന്നത്. ഹിമയുഗത്തെപ്പോലും അതിജീവിച്ചിരുന്നവരാണ് ഈ കാളകളുടെ പൂര്‍വികര്‍. എന്നാല്‍ അതിനെയും മറികടക്കുന്ന തണുപ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിനു കാരണമായതാകട്ടെ ആര്‍ടിക് പ്രദേശത്തെ അപൂര്‍വ പ്രതിഭാസമായ മഞ്ഞുസൂനാമിയും. അതില്‍പ്പെട്ടായിരുന്നു 52 കസ്തൂരിക്കാളകളുടെ മരണം. തീറ്റ തേടി കൂട്ടമായി നടക്കുന്നതിനിടെ മഞ്ഞുകട്ടകള്‍ കൂട്ടത്തോടെ കരയിലേക്കടിച്ചു കയറി കാളകളുടെ മേലേക്കു വന്നു പതിക്കുകയായിരുന്നു. ആര്‍ട്ടിക്കിലൂടെ ഒഴുകി നടക്കുന്ന മഞ്ഞുകട്ടകള്‍ മണിക്കൂറില്‍ 128 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന കാറ്റിനോടൊപ്പം കരയിലേക്ക് അടിച്ചു കയറുകയായിരുന്നു.
പല കാളകളും വെള്ളത്തില്‍ കിടക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതും അവയ്ക്കു മേലേക്കു മഞ്ഞു വന്നു പൊതിയുന്നതും. തുടര്‍ച്ചയായ കൊടുംമഞ്ഞേറ്റതോടെ പിടിച്ചു നില്‍ക്കാനാകാതെ മരിച്ചു വീഴുകയായിരുന്നു. കടലില്‍ നിന്നു മൈലുകളോളം ദൂരത്തിലാണ് കരയിലേക്ക് മഞ്ഞുകട്ടകള്‍ അടിച്ചു കയറിയത്. കരയിലും കനത്തില്‍ മഞ്ഞുകിടന്നതും തിരിച്ചടിയായി. അതോടെ മഞ്ഞുകട്ടകള്‍ക്കിടയിലേക്ക് ഇറക്കിവച്ച അവസ്ഥയിലായി കാളകള്‍. സൂനാമി വഴിയെത്തിയ മഞ്ഞു കൂടിക്കിടന്നതാകട്ടെ 13 അടി വരെ ഉയരത്തിലും. അലാസ്‌കയിലെ ബെറിങ് ലാന്‍ഡ് ബ്രിജ് എന്നറിയപ്പെടുന്നയിടത്തിന്റെ വടക്കന്‍ തീരത്തുള്ള ലഗൂണിലായിരുന്നു ഈ ദുരന്തം.
പ്രദേശവാസികള്‍ ഇവു എന്നും ഇവുനിക്ക് എന്നും ഇനുപിയാക് എന്നുമൊക്കെ പേരിട്ടു വിളിക്കുന്നതാണ് ഈ വിനാശകാരിയായ സൂനാമി. മാസങ്ങള്‍ക്കു മുന്‍പേ സംഭവിച്ചതാണിത്. മഞ്ഞുരുകിയപ്പോഴാണ് കാളകളെ പുറംലോകം കണ്ടതെന്നു മാത്രം. പേര് കാളയെന്നാണെങ്കിലും കാട്ടാടുകളോടാണ് ഇവയ്ക്ക് ഏറെ അടുപ്പം. റഷ്യയില്‍ നിന്നു നാലു പതിറ്റാണ്ടിനു മുന്‍പു തന്നെ കസ്തൂരിക്കാളകള്‍ എന്നന്നേക്കുമായി ഇല്ലാതായതാണ്. അതിനാല്‍ത്തന്നെ അപൂര്‍വജീവികളാണിവ. 360 കിലോഗ്രാം വരെ ഭാരമുള്ള ഇവ ആര്‍ട്ടിക് പ്രദേശത്തെ കരയിലെ ഏറ്റവും വലിയ സസ്തനിയുമാണ്. മഞ്ഞുമായി ചേര്‍ന്നു ജീവിക്കുന്ന തരം ജീവികളെപ്പോലും പ്രകൃതിയിലെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ എപ്രകാരമാണു ബാധിക്കുന്നതെന്നു വ്യക്തമാക്കി സയന്റിഫിക് റിപ്പോര്‍ട്‌സ് ജേണലില്‍ ഈ സൂനാമി മരണത്തെപ്പറ്റി പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഗവേഷകര്‍
Post Your Comments