KeralaLatest NewsNews

ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്

ദുബായ് : കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്‌നപരിഹാരത്തിന് അവര്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണു സൂചന. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ

കമ്പനിയുടമകള്‍ സിപിഎം നേതൃത്വത്തെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം.

തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ കഴിഞ്ഞ മേയ് 16നു നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന്‍ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തുവത്രെ. ഉടനെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നല്‍കിയ ഉറപ്പ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button