മാവേലിക്കര: കേരളത്തിൽ നിന്ന് ഒരുകൂട്ടം ഉല്ലാസപ്പറവകൾ രാജ്യതലസ്ഥാനത്ത് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറുമ്പോൾ അതിനു സാക്ഷികളാകും. പ്രത്യേക പരിഗണന അർഹിക്കുന്ന 21 കുട്ടികളെയാണ് കൊണ്ടുപോകുന്നത്. ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ സർവശിക്ഷാ അഭിയാൻ മാവേലിക്കര ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇവരെ ഡൽഹിക്കു കൊണ്ടുപോകുന്നത്.
സംഘത്തിലുള്ളത് രണ്ടു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികളാണ്. ആറു വയസ്സുകാരൻ മുതൽ 14 വയസ്സുകാരി വരെയുള്ളവർ സംഘത്തിലുണ്ട്. വീൽചെയർ ഉപയോഗിക്കുന്നവരാണ് നാലു പേർ. പാർലമെന്റ് മന്ദിരം, രാഷ്ട്രപതിഭവൻ, ഇന്ത്യാ ഗേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും ‘ഉല്ലാസപ്പറവകൾ’ എന്നു പേരിട്ടിരിക്കുന്ന സംഘം സന്ദർശിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കുട്ടികളും രക്ഷിതാക്കളും ബിആർസിയിലെ പത്ത് അധ്യാപകരും അടങ്ങുന്ന സംഘം 23നു പുറപ്പെടും.
സംഘത്തിന്റെ ഡൽഹിയിലെ ചെലവുകൾ വഹിക്കുക ഡൽഹി മലയാളി അസോസിയേഷനും സ്മാർട് വിങ്സ് എന്ന സംഘടനയുമാണ്. യാത്രാചെലവുകൾ ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണു സ്വരൂപിച്ചത്.
Post Your Comments