ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ് ഭാരതം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും അടയാളപ്പെടുത്തുന്ന പരേഡ് നടത്തും. ആറു കുതിരകളെ കെട്ടിയ പ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയായെത്തും.
read also: മലയാളികളെ ചിരിപ്പിച്ച സംവിധായകൻ: ഷാഫി അന്തരിച്ചു
പത്തരയോടെ പരേഡ് ആരംഭിക്കും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.
രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.
Post Your Comments