BUDGET-2018

ഈ വര്‍ഷത്തെ ബജറ്റ് റെയില്‍വേയുടെ സ്വപ്‌ന സാക്ഷാത്കാരമോ ?

2018 പുതിയ ബജറ്റിന് ഇനി രണ്ടാഴ്ച മാത്രമേയുള്ളൂ. എങ്കിലും പ്രതീക്ഷകളും പ്രവചനങ്ങളുമായാണ് ബജറ്റിനെ ഉറ്റുനോക്കുന്നവര്‍ രംഗത്ത് വന്നിരിക്കുന്നത്. നിരവധി വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും പ്രീ ബജറ്റ് മെമ്മോറാണ്ടവുമായി രംഗത്ത് വരുന്നുണ്ട്. ഏറെ ചര്‍ച്ചാ വിഷയമായ നോട്ട് നിരോധനവും ജിഎസ്ടിയും നിലവില്‍ വന്നതിനുശേഷമുള്ള ബജറ്റ് പ്രഖ്യാപനമായതുകൊണ്ട് തന്നെ സാധാരണക്കാര്‍ പോലും ഉറ്റുന്നോക്കുന്ന ബജറ്റാണിത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. അടുത്ത ബജറ്റിന് മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍ ജനപ്രിയ പദ്ധതികള്‍ക്ക് തന്നെയായിരിക്കും ഊന്നല്‍ നല്‍കുക. പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ ഇത്തവണ അവതരിപ്പിക്കാനാണ് സാധ്യത. ആദായനികുതി പിരിക്കുന്നതും അതിന്റെ വെട്ടിപ്പും തടയാനുള്ള പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നാണ് സൂചനകള്‍.

കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷയോടെ നടപ്പാക്കിയ ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പ്രതിഫലനം പൊതു ബജറ്റിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജിഎസ്ടി നിലവില്‍ വന്നതോടെ ആവശ്യ സാധനങ്ങളില്‍ ഉണ്ടായ വില വര്‍ദ്ധനവ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാന്‍, വിപണിയില്‍ ഇടപെടലുകള്‍ ശക്തമാക്കുന്ന ബജറ്റാകും വരാന്‍ പോകുന്നത്. ജി.എസ്ടിക്കെതിരെ ജനരോഷം ശക്തമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കുന്ന ബജറ്റാകും ജയ്റ്റ്ലിയുടേത്. കൂടാതെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബജറ്റ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

എന്നാല്‍ ഇത്തവണ ബജറ്റ് കൂടുതല്‍ സഹായകരമാകുന്നത് റെയില്‍വേയ്ക്കായിരിക്കുമെന്നും വാര്‍ത്തകളുണ്ട്. രാജ്യത്ത് കൂടുതല്‍ പരിഷ്‌കരണത്തിനൊരുങ്ങി റെയില്‍വേ. ഈ വര്‍ഷത്തെ പൊതു ബജറ്റില്‍ റെയില്‍വേയുടെ സ്വപ്ന പദ്ധതികള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. പദ്ധതികളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണ് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത സുവര്‍ണ ചതുഷ്‌കോണ കോറിഡോര്‍ പദ്ധതി. കഴിഞ്ഞ ബജറ്റില്‍ ഡല്‍ഹി-മുംബൈ കോറിഡോര്‍ പദ്ധതിക്ക് 11,189 കോടിയുടെയും ഡല്‍ഹി-ഹൗറ കോറിഡോര്‍ പദ്ധതിക്ക് 6,875 കോടിയുടെയും അംഗീകാരം നല്‍കിയിരുന്നു.

തുടര്‍ന്നാണ് നാല് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതിക്ക് റെയില്‍വേ രൂപം നല്‍കിയത്. ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കി.മീറ്റര്‍ മുതല്‍ 200 കി.മീറ്റര്‍ വരെയാക്കാനാകും.  ചുരുങ്ങിയത് 40,000 കോടി രൂപയെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് റെയില്‍വേ കണക്കാക്കുന്നത്.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യുന്ന രീതിയിലായിരിക്കും ഈ പദ്ധതിയുടെ നിര്‍മാണം.

നാല് നഗരങ്ങളിലേക്കും ഇപ്പോഴുള്ള ട്രെയിന്‍ യാത്രയുടെ സമയം കോറിഡോര്‍ യാഥാര്‍ഥ്യമാകുന്നതോടെ നേര്‍പകുതിയായി കുറയും. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്ക് എടുക്കുന്ന സമയം 26 മുതല്‍ 40 മണിക്കൂര്‍ വരെയാണ്. തുരന്തോ എക്സ്പ്രസിന് 26 മണിക്കൂര്‍ വേണ്ടിവരുമ്പോള്‍ ജ്ഞാനേശ്വരി എക്സ്പ്രസിന് 30 മണിക്കൂര്‍ വേണം. സെമി ഹൈസ്പീഡ് ട്രെയിന്‍ വരുന്നതോടെ 10 മുതല്‍ 16 വരെ മണിക്കൂര്‍കൊണ്ട് ഇരുനഗരങ്ങളിലേക്കും യാത്ര ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button