KeralaLatest NewsNews

അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്വര്‍ണ്ണപതക്കം കാണാതായ സംഭവം; 12 പേരെ ചോദ്യം ചെയ്തു

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണപതക്കം കാണാതായ സംഭവത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 12 പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് ടെമ്ബിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് സിഐഡി ആര്‍. രാജേഷ് പറഞ്ഞു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള 12 പേരെയാണ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് എട്ടുപേരേയും പുറമേ നിന്ന് നാലു പേരേയുമാണ് ചോദ്യം ചെയ്തത്.

എന്നാല്‍ പുറമേനിന്നുള്ള നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ വീണ്ടും ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കുക. ലോക്കല്‍ പൊലീസും വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും ഉള്‍പ്പെടെ ഇതുവരെ 60 ഓളം പേരെയാണ് ചോദ്യം ചെയ്തിട്ടുള്ളത്. ഈ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് ഇവര്‍ നല്‍കിയ മൊഴിയും ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് ചോദ്യം ചെയ്യുമ്പോള്‍ അതിലെ 12 പേര്‍ നല്‍കി മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടോയെന്ന പരിശോധനയാകും വരുംദിവസങ്ങളില്‍ സംഘം നടത്തുക.

ഒപ്പം കേസുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സിഐയില്‍ നിന്ന് സംഘം ഏറ്റുവാങ്ങിയ കേസ് ഡയറി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെങ്കില്‍ അതിന്റെ പരിശോധനയും കേസ് ഡയറിയുടെ പരിശോധനയും അടുത്ത ഒരാഴ്ച കൊണ്ടേ പൂര്‍ത്തിയാകൂവെന്നും ആര്‍. രാജേഷ് പറഞ്ഞു. കഴിഞ്ഞ വിഷുദിനത്തിലാണ് വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന നവരത്‌നങ്ങള്‍ പതിച്ചതും കോടികള്‍ വിലമതിക്കുന്നതുമായ പതക്കം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് ഏപ്രില്‍ 19ന് ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ മെയ് 23ന് ക്ഷേത്രം ഭണ്ഡാരത്തില്‍ നിന്ന് രൂപമാറ്റം വരുത്തിയ നിലയില്‍ പതക്കം കണ്ടെത്തിയിരുന്നു. പിന്നീട് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇതിന് പുറമേ മറ്റ് മൂന്ന് പതക്കങ്ങളോടൊപ്പമുള്ള മാലകളും കാണാനില്ലെന്ന വിവരം പുറത്തുവരികയായിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button