തിരുവനന്തപുരം: ആരോഗ്യ-വിദ്യാഭ്യാസ വകുപ്പില്‍ (ഡി.എം.ഇ) അനധികൃതമായി ജോലിക്കെത്താത്ത 58 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം. സര്‍ക്കാരിനു ഡി.എം.ഇ. നല്‍കിയ ആദ്യഘട്ട പട്ടികയുടെ അടിസ്ഥാനത്തിലാണു പിരിച്ചുവിടല്‍. പി.എസ്.സി. നിയമനമായതിനാല്‍ പത്രങ്ങളില്‍ പേരുള്‍പ്പെടെ പരസ്യപ്പെടുത്തിയശേഷമാകും നടപടി. വിശദ അന്വേഷണത്തിനുശേഷം രണ്ടാംഘട്ട പട്ടിക സമര്‍പ്പിക്കും.
സര്‍വീസില്‍ പ്രവേശിച്ചശേഷം ജോലിക്കെത്താതിരിക്കുകയും കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നവരെയും വിദേശങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരെയും ലക്ഷ്യമിട്ടു ഡി.എം.ഇ. നടത്തിയ അന്വേഷണമാണു പട്ടികയ്ക്ക് ആധാരം. ഇവരില്‍നിന്ന് 2017 വരെ വിവിധ തസ്തികകളില്‍ ജോലിക്കെത്താത്ത 58 ഡോക്ടര്‍മാരുടെ ആദ്യഘട്ട പട്ടികയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. നീണ്ട അവധി നല്‍കി കാലാവധിക്കുശേഷം ഹാജരാകാത്തവരും പട്ടികയിലുണ്ട്.
പുറത്താക്കല്‍ തീരുമാനത്തിനു പി.എസ്.സിയും പച്ചക്കൊടി കാട്ടുമെന്നാണു ഡി.എം.ഇയുടെ പ്രതീക്ഷ. ദീര്‍ഘകാല അവധി അനുവദിക്കാത്ത അവശ്യസര്‍വീസുകളില്‍ അനധികൃതമായി ജോലിക്കെത്താതിരിക്കുന്നവരെ പിരിച്ചുവിടാന്‍ അനുകൂലമായ റിപ്പോര്‍ട്ട് മുമ്പും പി.എസ്.സി നല്‍കിയിട്ടുണ്ട്. 2016 ല്‍ ഇത്തരത്തില്‍ 31 ഡോക്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു.
Post Your Comments