KeralaLatest NewsNews

വര്‍ഗീയവാദികളുടെ ആഹ്വാനം ഭക്തര്‍ തള്ളിക്കളഞ്ഞു; ശബരിമലയില്‍ റെക്കോര്‍ഡ്‌ വരുമാനം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം•ശബരിമല ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ചരിത്രത്തിലെ മികച്ച രീതിയില്‍, പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനും സാധിച്ചു. പരാതികള്‍ക്ക് ഇടയില്ലാതെ തീര്‍ത്ഥാടനം ഭംഗിയായി നടത്താന്‍ സാധിച്ചത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൃത്യമായ ഏകോപനം മൂലമാണ്. കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ ഗുണമുണ്ടാകുമെന്ന് മാതൃകാപരമായി തെളിയിക്കാനായി എന്നത് അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പലരും പല കുപ്രചാരണങ്ങളും ഉയര്‍ത്തി ശബരിമല തീര്‍ത്ഥാടനത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചു. അതിനെ അതിജീവിക്കാനും, ചരിത്രത്തില്‍ തന്നെ വളരെ നല്ല രീതിയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സര്‍ക്കാരിന് സാധിച്ചുവെന്നത് നിസ്സാരമല്ല. ശുചിത്വത്തിന് പ്രാധാന്യം നല്‍കിയ തീര്‍ത്ഥാടന കാലമായിരുന്നു ഇത്തവണത്തേത്. ഹരിതചട്ടം പരിമിതികള്‍ കടന്ന് നടപ്പാക്കാനായി. പമ്പയിലേക്ക് തുണിയും മാലയും ഭക്ഷണ അവശിഷ്ടങ്ങളും ഒക്കെ ഉപേക്ഷിക്കുന്ന അനാചാരം അവസാനിപ്പിക്കാനായി. ഗ്രീന്‍ ശബരിമല എന്ന വലിയ ക്യാമ്പയിനിലൂടെയാണ് അത് സാധിച്ചത്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഈ ക്യാമ്പയിന്റെ ഭാഗമായി. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ഇതിനായി പ്രചരണം നടത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയിരുന്നു. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ശബരിമലയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിന്റെ തുടക്കമായി ഈ തീര്‍ത്ഥാടന കാലത്തെ പ്രവര്‍ത്തനങ്ങള്‍.

ഒട്ടേറെ അഴിമതിയും ക്രമക്കേടും നടന്നതിന് ഉത്തരവാദികളായ കഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിചുരുക്കിയപ്പോള്‍ വലിയ കോലാഹലമുണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ വസ്തുതതകള്‍ ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എ. പത്മകുമാറിനെ പ്രസിഡന്റാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍ ശബരിമല തീര്‍ത്ഥാടനമാകെ അലങ്കോലമാകുമെന്ന് പ്രചരിപ്പിച്ചവര്‍ പോലും ഇത്തവണ പൂര്‍വാധികം ഭംഗിയായി കാര്യങ്ങള്‍ നടന്നുവെന്ന് സമ്മതിക്കുന്നുണ്ട്. അത്ര ശ്രദ്ധയോടും ഏകോപനത്തോടും കൂടിയാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടത്. അപ്പവും അരവണയും അടക്കമുള്ള പ്രസാദങ്ങള്‍ ആവശ്യാനുസരണം ഭക്തര്‍ക്ക് ലഭ്യമാക്കി.

ശബരിമലയില്‍ കാണിക്ക ഇടരുത്, അത് സര്‍ക്കാര്‍ എടുക്കുമെന്നും, കാണിക്കയിലെ പണം പാര്‍ട്ടി ഫണ്ടിലേക്കാണ് പോകുന്നതെന്നും അടക്കമുള്ള നട്ടാല്‍ കുരുക്കാത്ത നുണകള്‍ വരെ പ്രചരിപ്പിച്ചു. അതൊന്നും ഫലം കാണുന്നില്ലെന്ന് വന്നപ്പോള്‍ ശബരിമല ക്ഷേത്രം അടച്ചിട്ടിരിക്കുന്നുവെന്ന പ്രചാരണവും മറ്റ് സംസ്ഥാനങ്ങളില്‍ നടത്തി.

ശബരിമലയില്‍ നിന്ന് പ്രസാദം വാങ്ങരുതെന്നും കാണിക്ക ഇടരുതെന്നുമുള്ള വര്‍ഗീയവാദികളുടെ ആഹ്വാനം ഭക്തര്‍ തള്ളികളഞ്ഞു. റിക്കോര്‍ഡ് വരുമാനമാണ് ശബരിമലയില്‍ ഇത്തവണ ലഭിച്ചത്. മകരവിളക്ക് ദിവസം വരെയുള്ള നടവരവ് 255 കോടി രൂപയാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഇതേ സമയം 210 കോടി രൂപയാണ് നടവരവ് ഉണ്ടായിരുന്നത്. 45 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.

You may also like this:ശബരിമലദര്‍ശനത്തിനെത്തിയ തെലുങ്കാനസംഘം കൂട്ടംതെറ്റി കാട്ടാനയ്ക്കുമുന്നില്‍പ്പെട്ടു

ശബരിമലയിലെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഇപ്പോള്‍ മിക്കവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഓരോ ശബരിമല തീര്‍ത്ഥാടന കാലത്തും കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ഈ തീര്‍ത്ഥാടന കാലത്ത് മാത്രം 38 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ചെലവഴിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ ആറ് കോടി രൂപയാണ് കൂടുതലായി മുടക്കിയത്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ മുടക്കുന്ന കോടിക്കണക്കിന് രൂപയുടെ പുറമേയാണ് ഇത്.

ശബരിമല സന്നിധാനത്ത് ഒരേസമയം 5000പേര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള അന്നദാന മണ്ഡപം – 12 കോടി

പമ്പയിലെ അന്നദാനമണ്ഡപം – 6 കോടി

പമ്പയിലെ റസ്റ്റോറന്റ് ബ്ലോക്ക് – 5 കോടി

നിലയ്ക്കലില്‍ പൂര്‍ത്തീകരിച്ച തീര്‍ത്ഥാടക വിശ്രമ കേന്ദ്രം – 6 കോടി

സന്നിധാനത്തെ വലിയ നടപ്പന്തലിന്റെ നവീകരണം-4.50 കോടി

സന്നിധാനത്തെ ദര്‍ശനം കോപ്ലക്സ് – 12 കോടി

സന്നിധാനത്തെ ഭണ്ഡാരത്തിന്റെ പുനര്‍നിര്‍മ്മാണം – 2.15 കോടി

പമ്പയിലും പമ്പമുതല്‍ സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും സന്നിധാനത്തും നിലയ്ക്കലും ശുദ്ധജലവിതരണത്തിനുള്ള ആധുനിക സംവിധാനത്തിന്റെ ജോലികള്‍

– 4.5 കോടി

ഇത് കൂടാതെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട റോഡ് നവീകരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങി മറ്റിനങ്ങളിലായും കോടികണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ശബരിമല മണ്ഡലമകരവിളക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ശബരിമലയിലും തിരുവനന്തപുരത്തുമായി 3 അവലോകന യോഗങ്ങളും ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമലയിലും തിരുവനന്തപുരത്തുമായി നിരവധി അവലോകന യോഗങ്ങളും നടത്തിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇത്തവണത്തെ ശബരിമല ഉല്‍സവം പരാതി രഹിതമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളിലും ദേവസ്വം മന്ത്രിയെന്ന നിലയില്‍ ശബരിമലയില്‍ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ അവിടുത്തെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹാരം കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

ശബരിമലയിലെ ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യ സംസ്കരണം. പ്ലാസ്റ്റിക് വിമുക്ത ശബരിമലയാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ആത്യന്തിക ലക്ഷ്യം. ഇതിനായി ഭക്തജനങ്ങളുടെ സഹകരണത്തോടെയും പുണ്യം പൂങ്കാവനം പദ്ധതി പോലുള്ളവയിലൂടെയും പ്ലാസ്റ്റിക് വിമുക്ത ശബരിമല അഥവാ ഗ്രീന്‍ ശബരിമല എന്നതാണ് ലക്ഷ്യം. ശബരിമലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ പമ്പയിലെ മാലിന്യത്തിന്റെ തോത് വളരെ കുറഞ്ഞതായി കാണാം. വിശുദ്ധി സേനയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ശബരിമലയിലെയും പരിസരത്തെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഞാനും വിശുദ്ധി സേനയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. അടുത്ത തവണ കൂടുതല്‍ ഊര്‍ജിതമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. അതിന് തീര്‍ത്ഥാടകരുടെ കൂടുതല്‍ പങ്കാളിത്തവും സഹകരണവും നമ്മള്‍ ഉറപ്പ് വരുത്തും. അങ്ങനെ വൃത്തിയുള്ള ശബരിമല എന്ന ലക്ഷ്യം നമ്മള്‍ സമ്പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കും.

കോടിക്കണക്കിന് വരുന്ന തീര്‍ത്ഥാടകര്‍ കുടിവെള്ളം പ്ലാസ്റ്റിക് കുപ്പികളില്‍ വാങ്ങുന്നത് മൂലം പ്ലാസ്റ്റിക് കുന്നുകൂടിയിരുന്നത് ഒഴിവാക്കാനാണ് പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചത്. ഇതിന് പകരമായി കുടിവെള്ളത്തിന് പമ്പയിലും നിലയ്ക്കലും കേരള വാട്ടര്‍ അതോറിറ്റി എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നല്‍കി. RO പ്ലാന്റ് വഴി പമ്പയിലും നിലയ്ക്കലും ഇടതടവില്ലാതെ കുടിവെള്ളം വിതരണം ചെയ്തു. കുന്നാറില്‍ നിന്നും സ്വാഭാവിക നീരൊഴിക്കില്‍ വരുന്ന ജലം ശുദ്ധീകരിച്ച് RO പ്ലാന്റ് വഴി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണം നടത്തി.

ഇതിനുപുറമെ പമ്പയില്‍ നിന്നും സന്നിധാനത്തിലേക്കുള്ള നീലിമല വഴിയിലും സ്വാമി അയ്യപ്പന്‍റോഡ് വഴിയിലും ശരംകുത്തി ചന്ദ്രാനന്ദന്‍ റോഡ് എന്നിവിടങ്ങളിലും സൗജന്യ ഔഷധ ചുക്കുവെള്ള വിതരണം 30 ഓളം കൗണ്ടറുകളിലായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തു. 450 ഓളം ദിവസ വേതന ജീവനക്കാരെ ഇതിനായി നിയോഗിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച സാഹചര്യത്തില്‍ ഇതൊക്കെ അയ്യപ്പ ഭക്തന്മാര്‍ക്ക് ആശ്വാസമാകുകയും എല്ലാവരും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സന്നിധാനത്തെ പുതിയ ആശുപത്രി കെട്ടിടം ശബരിമല സീസണിന് മുന്നോടിയായി ഉദ്ഘാടനം ചെയ്തതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചു. ഇതുകൂടാതെ നീലിമലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോളജി സെന്ററിലും മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്താനായി. അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്.

മുന്‍വര്‍ഷത്തേത്തില്‍ നിന്നും വ്യത്യസ്തമായി എല്ലാ അയ്യപ്പന്മാര്‍ക്കും വലിയ ക്യൂ നില്‍ക്കാതെ തന്നെ ആവശ്യാനുസരണം അരവണയും അപ്പവും പ്രസാദം വാങ്ങാനുള്ള സൗകര്യം നല്‍കി. ഇതില്‍ ഭക്തരുടെ സംതൃപ്തി അവര്‍ നേരിട്ട് തന്നെ സന്നിധാനത്ത് വെച്ച് എന്നെ അറിയിച്ചിരുന്നു.

ക്രമസമാധാന പാലത്തിനും അയ്യപ്പ ഭക്തന്മാരുടെ സുരക്ഷയ്ക്കുമായി 3000 ത്തോളം പോലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം സന്നിധാനത്തും 2000 ത്തോളം പോലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വളരെ സമാധാനപരമായി സുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ശബരിമലയില്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയത്.

ശബരിമലയുടേയും ശബരിമലയുമായി ബന്ധപ്പെട്ട ഇതര പ്രദേശങ്ങളുടേയും അടുത്ത 50 വര്‍ഷത്തെ സമഗ്ര വികസനം മുന്നില്‍കണ്ടു കൊണ്ടാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് ഈ സര്‍ക്കാര്‍. 2007 മെയ് മാസം മൂന്നാംതീയതി ശബരിമല മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു ഇടതുമുന്നണി സര്‍ക്കാരാണ് ഉത്തരവിറക്കിയത്.

നാളിതുവരെ 98.86 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച് കൈമാറിയ 87.50 കോടി രൂപ കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ 2 കോടി രൂപ കോര്‍പ്പസ് ഫണ്ടും അയ്യപ്പഭക്തന്മാരില്‍ നിന്നും ലഭിച്ച സംഭാവനകളും ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മിക്കവാറും എല്ലാ പദ്ധതികളും ഈ ശബരിമല സീസണ്‍ കഴിയുന്നതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് ആരംഭിച്ച്സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വികസന പദ്ധതികള്‍ അനന്തമായി നീളുന്ന സ്ഥിതി ഇനി അനുവദിക്കാനാകില്ല എന്ന നിലപാടാണ് ഈ സര്‍ക്കാരിനുള്ളത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയാണ് പദ്ധതി നിര്‍മ്മാണം നടത്തുന്നത്.

ഇതിനുപുറമെ പമ്പയില്‍ 10 ദശലക്ഷം സംഭരണശേഷിയുള്ള മാലിന്യ സംഭരണ പ്ലാന്റിനും അനുമതിയായിട്ടുണ്ട്. പ്ലാന്റ് വരുന്നതോടെ പമ്പ മാലിന്യപ്പെടുന്നത് ഒഴിവാക്കാനാകും.

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ശബരിമലയ്ക്ക് അനുയോജ്യമായവ പ്രാവര്‍ത്തികതലത്തില്‍ എത്തിക്കാനാവുമോയെന്നത് പരിശോധിക്കും. ഇതിനായി ഒരു വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ തന്നെ തിരുപ്പതിക്ക് പോകും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി മോഡല്‍ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ശബരിമലയില്‍ നമുക്ക് ഒട്ടേറെ പരിമിതികളുണ്ട്. സ്ഥലപരിമിതിയാണ് അതില്‍ പ്രധാനം. കാടിന് നടുക്ക് നില്‍ക്കുന്ന ക്ഷേത്രം എന്നത് മനസിലാക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ ശബരിമലയില്‍ നടത്താനാകൂ. അശാസ്ത്രീയമായ കെട്ടിട നിര്‍മ്മിതികളില്‍ ചിലത് നീക്കം ചെയ്യാനും ആലോചിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സഹായകരമായി എന്തൊക്കെ ചെയ്യാമെന്നത് ഈ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആ ചര്‍ച്ചകളിലൂടെ ശബരിമല വികസനത്തിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. മതേതര കേരളത്തിന്റെ പ്രതീകമാണ് ശബരിമല. മതസൗഹാര്‍ദ്ദത്തിന്റെ, മാനവികതയുടെ മഹാക്ഷേത്രമായ ശബരിമലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ യത്നങ്ങള്‍ക്ക് ജനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയായാണെന്നും കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button