ശബരിമല: പുല്‍മേടുവഴി കാനനപാതയിലൂടെ ശബരിമലദര്‍ശനത്തിനെത്തിയ തെലുങ്കാനസംഘം കൂട്ടംതെറ്റി കാട്ടാനയ്ക്കുമുന്നില്‍പ്പെട്ടു. പേടിച്ചു കാടിനുള്ളിലൊളിച്ചിരുന്ന നാലു സ്വാമിമാരെ രാത്രിവൈകി പോലീസും വനപാലകരും രക്ഷിച്ചു. ഹൈദരാബാദ് സ്വദേശികളായ ശിവ, ഗിരീഷ്, ഹൂബ്ലി, കുമാര്‍ എസ്.നാരായണ്‍ എന്നിവരാണ് കാട്ടിലകപ്പെട്ടത്. 27 പേരില്‍ നാലുപേര്‍ ഇടയ്ക്കുവച്ചു കൂട്ടം പിരിയുകയായിരുന്നു.
കാലുവേദനയായതിനാല്‍ ഇവര്‍ ഏറെ പിന്നിലായിരുന്നു. 23 പേര്‍ വൈകീട്ട് ആറരയോടെ ഉരല്‍ക്കുഴി ഭാഗത്തെത്തി. പിന്നിലായിപ്പോയവരെ മൊബൈലില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സന്നിധാനംപോലീസില്‍ വിവരമറിയിക്കുകയും പോലീസും വനപാലകരും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഉരല്‍ക്കുഴിക്ക് ഒരുകിലോമീറ്റര്‍ വടക്കുഭാഗത്തെത്തിയപ്പോഴാണ് കാണാതായവരെ ഫോണില്‍ കിട്ടിയത്.
ജി.പി.എസ്. സംവിധാനം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തിയത്.കാട്ടാനക്കൂട്ടത്തെക്കണ്ടു വഴിയില്‍നിന്നുമാറി വലിയ മരത്തിന്റെ ചുവട്ടിലൊളിച്ചുനിന്ന ഇവര്‍ക്ക്, ഇരുട്ടായതിനാല്‍ തിരികെ നടപ്പാതയിലെത്താനായില്ല. മൊബൈല്‍ ഫോണിന് റേഞ്ചും കിട്ടാതെയായി. രാത്രി പത്തരയോടെ നാലുപേരെയും സന്നിധാനം പോലീസ് സ്റ്റേഷനിലെത്തിച്ചു.
Post Your Comments