തിരുവനന്തപുരം: ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് ഡിജിപിക്ക് പരാതി നൽകി. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന് ശേഷം ആയിരുന്നു കോടിയേരിയുടെ പ്രസംഗം.
അമേരിക്ക-ജപ്പാൻ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നായിരുന്നു അദ്ദേഹം കായം കുളത്തു നടത്തിയ പ്രസംഗത്തിൽ പരാമർശിച്ചത്. ഇത്തരം നിലപാട്ടുകൾക്ക് സിപിഎമ്മിന് ചൈനയിൽ നിന്ന് സഹായം കിട്ടുന്നുണ്ടെന്ന് ബിജെപിക്ക് സംശയമുണ്ട്. ആഭ്യന്തരമന്ത്രി, എംഎൽഎ എന്നീ ഭരണഘടനാ പദവികൾ വഹിച്ചിരുന്നയാൾ നടത്തിയ പ്രസ്താവന എന്ന നിലയിൽ ഇത് അതീവ ഗുരുതരമാണ്.
രാജ്യത്തിന് തുരങ്കം വെക്കുന്ന ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും പരാതിയിൽ പറയുന്നു. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
Post Your Comments