ആധാറിന്റെ ( U I DA I ) പേരിൽ രാജ്യത്ത് ഇന്ന് വിവാദം അക്ഷരാർഥത്തിൽ അനാവശ്യവും ഒരു അടിസ്ഥാനവുമില്ലാത്തതാണ് എന്നതിൽ സംശയമില്ല. എന്ത് നല്ല കാര്യം ആരംഭിച്ചാലും അതിനെ വിവാദത്തിലേക്ക് നയിക്കുന്ന ഒരു ശീലമാണ് ഇന്ത്യയിലെ ചിലരുടേത്. അതാണ് ഇപ്പോൾ നടക്കുന്നത്. ഈ വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലാണ്. ആധാറിന്റെ നിയമസാധുത തീരുമാനിക്കാൻ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. എന്തായാലും കോടതിയുടെ തീരുമാനം വരുന്നത് വരെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പക്ഷെ, രാഷ്ട്രീയ താല്പര്യം മുൻ നിർത്തി ചിലർ ജനങ്ങളിലും മറ്റും തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇവിടെയും നാം കാണാതെ പോയിക്കൂടാത്തത്, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്സ് എന്നിവയുടെ കാര്യത്തിൽ ആധാർ ബന്ധിപ്പിക്കുന്നത് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടാണ് എന്നതാണ്. ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിൽ അടുത്തിടെപോലും കോടതി അത് തുടരാൻ അനുവദിച്ചു. ദേശ സുരക്ഷ കണക്കിലെടുത്താണ് മൊബൈൽ ഫോൺ കണക്ഷനുള്ളവർ ആധാർ ബന്ധിപ്പിക്കണം എന്ന് ഉത്തരവിട്ടത്. ഏതെങ്കിലും സർവീസുമായി ആധാർ ബന്ധിപ്പിക്കുന്നത് കൊണ്ട് അതിലെ സുപ്രധാന വിവരങ്ങൾ ചോരുന്നു എന്നും മറ്റുമുള്ള വാർത്തകളാണ് ചിലർ പുറത്തുവിടുന്നത്. അത് യാഥാർഥ്യവുമായി ഒരു ബന്ധമില്ലാത്തതാണ് എന്ന് ഇതിനകം സർക്കാരും ആധാർ നടപ്പിലാക്കുന്ന യുണൈറ്റഡ് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (U I DA I )യും വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്രചാരണങ്ങൾ അരങ്ങേറുമ്പോൾ തന്നെ പ്രതിസന്ധികളെ അല്ലെങ്കിൽ ആക്ഷേപങ്ങളെ നേരിടാൻ ശക്തമായ നടപടികൾ U I DA I തന്നെ സ്വീകരിച്ചിട്ടുമുണ്ട്. അതിനുദാഹരണമാണ് ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസമെടുത്ത തീരുമാനം. ആധാർ രേഖകൾക്ക് മറ്റൊരു സമാന്തരസുരക്ഷാ സംവിധാനമാണ് ഉണ്ടാവുന്നത്. മാർച്ച് മാസത്തോടെ അത് നിലവിൽ വരും. അതായത് നിലവിലേയും പുതുതായി എൻറോൾ ചെയ്യുന്ന ആധാർ ഉപഭോക്താക്കൾക്കും ഒരു വെർച്വൽ ഐഡി നൽകാനാണ് നീക്കം. ഒരു 16 അക്ക രഹസ്യ നമ്പറാണ് വിർച്വൽ ഐഡി പറയുന്നത്. അപ്പോൾ യഥാർഥ ആധാർ നമ്പർ ആർക്കും ഇനി ഒരു ആവശ്യത്തിനും ആർക്കും കൊടുക്കേണ്ടിവരില്ല. ഏതെങ്കിലും വിധത്തിൽ ആധാർ സെർവറിൽ കയറിക്കൂടി രഹസ്യ വിവരങ്ങൾ ചോർത്താം എന്ന പരാതിക്കും തെറ്റിദ്ധാരണക്കും ഇതോടെ പരിഹാരമാവും. കേന്ദ്രം ഇക്കാര്യത്തിൽ എത്രമാത്രം ഗൗരവമാണ് കൽപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ തീരുമാനം.
ഇവിടെ ആധാറിന്റെ ചരിത്രം നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്താണ് ആധാർ നടപ്പിലാക്കാൻ ആരംഭിച്ചത്. എന്നാൽ അന്ന് അതിന് നിയമപരമായ പിൻബലംഉണ്ടായിരുന്നില്ല. അക്കാലത്ത് അതാണ് ബിജെപി അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നത്. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ആധാറിന്റെ ഉപയോഗവും മറ്റും സൂക്ഷ് മമായി വിശകലനം ചെയ്യപ്പെട്ടത്. മൂന്ന് കാര്യങ്ങളാണ് സർക്കാർ ശ്രദ്ധിച്ചത്. ഒന്ന്: ആധാറിന്റെ ഉപയോഗത്തിന് ശക്തവും വ്യക്തവുമായ ഒരു നിയമം കൊണ്ടുവരിക. രണ്ട് : സർക്കാർ ഖജനാവിൽ നിന്ന് ജനങ്ങൾക്ക് കിട്ടേണ്ടുന്ന സഹായം സർവീസുകൾ എന്നിവ യഥാവിധി ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും അതെ സമയം അനധികൃതമായി ആർക്കും അത് പോകുന്നില്ലെന്ന് തീർച്ചയാക്കുകയും ചെയ്യുക. മൂന്ന് : ബാങ്ക് അക്കൗണ്ടുകളുമായും പാൻ -മായും ആധാർ ബന്ധിപ്പിക്കുക വഴി വലിയ നികുതി തട്ടിപ്പുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക. ഇതൊക്കെത്തന്നെയും രാജ്യ താല്പര്യം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. അതിൽ ആർക്കാണ് വിഷമമുണ്ടാവേണ്ടത്; അതിൽ ആർക്കാണ് എതിർപ്പുണ്ടാവേണ്ടത്. യഥാർഥത്തിൽ സർവരും ഈ നീക്കങ്ങളെ സ്വാഗതം ചെയ്യേണ്ടതായിരുന്നു. പക്ഷെ, നരേന്ദ്ര മോഡി ചെയ്യുന്നതിനാൽ അതിനെയൊക്കെ എങ്ങിനെയും എതിർത്തേ തീരൂ എന്ന് ചിലരൊക്കെ തീരുമാനിച്ചാലോ?. ആധാർ കൊണ്ടുവന്ന കോൺഗ്രസുകാരാണ് ഇന്നിപ്പോൾ അതിനെതിരെ കോടതിയിൽ വാദിക്കുന്നതും അത് നടപ്പിലാക്കുന്നത് തടയാൻ ശ്രമിക്കുന്നതും എന്നതും ഇവിടെ സൂചിപ്പിക്കാതെവയ്യ.
നേരത്തെ സൂചിപ്പിച്ചതു പോലെ വ്യക്തമായ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ആദ്യം തയ്യാറായി. 2016 ലാണ് ആധാർ നിയമം നടപ്പിലായത് . അതോടെ നിയമത്തിന്റെ പിൻബലമില്ല എന്ന വലിയ ആക്ഷേപത്തിന് പരിഹാരമായി. മൻമോഹൻ സർക്കാരിന്റെ കാലത്തുണ്ടായ പോരായ്മയാണ് നരേന്ദ്ര മോഡി സർക്കാർ പരിഹരിച്ചത് എന്നതുമോർക്കുക. അതോടെ ആ നിയമത്തെ ചോദ്യം ചെയ്യുക എന്നതായി പ്രതിപക്ഷ നിലപാട്. അവിടെയും കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും സിപിഐക്കാരുമൊക്കെ ഒറ്റക്കെട്ടായിരുന്നു. അങ്ങിനെയാണ് സുപ്രീം കോടതിയിലെത്തിയത്. അത് കോടതി തീരുമാനിക്കട്ടെ. ആധാർ കൊണ്ട് രാജ്യത്തിനും ജനങ്ങൾക്കുമുണ്ടായ നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഏതെങ്കിലും കോടതിക്കാവും എന്ന് ഞാൻ കരുതുന്നില്ല. കോടതിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഇവിടെ ചർച്ചചെയ്യേണ്ടതില്ല. എന്നാൽ ചില ആക്ഷേപങ്ങൾ കാണാതെ പോകാനുമാവില്ലല്ലോ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ച് വഴിവിട്ട പ്രചാരണങ്ങൾക്ക് ചിലർ തയ്യാറാവുമ്പോൾ അത് എന്താണ് , അല്ലെങ്കിൽ എന്തുകൊണ്ടാണ് എന്ന് പരിശോധിക്കപ്പെടുകയും വേണമല്ലോ.
ഒന്ന് : ആധാർ എടുക്കുന്ന വേളയിൽ രേഖപ്പെടുത്തപ്പെട്ട ബയോ മെട്രിക്, അടിസ്ഥാന ഡെമോഗ്രാഫിക് വിവരങ്ങൾ ചോരുന്നു എന്നതാണ് അതിൽ ആദ്യത്തേത്. ബയോ മെട്രിക് വിവരങ്ങൾ എന്ന് സൂചിപ്പിക്കുന്നത് ഒരാളുടെ കണ്ണ്, കൈവിരൽ എന്നിവ സംബന്ധിച്ച വിവരങ്ങളാണ്. അത് എടുക്കാതെ ഒരാളെ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് പരമാർത്ഥം. ഒരേ പ്രകൃതമുള്ള, ഒരേ പേരും മുഖവും മേൽവിലാസവും മറ്റുമുള്ള അനവധി പേരുണ്ടാവാറുണ്ട്. അവരെ തിരിച്ചറിയാൻ ഒരേഒരു മാർഗം അവരുടെ ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കുക എന്നതാണ്. അതാണ് മൻമോഹൻസിങ് സർക്കാർ തീരുമാനിച്ചത്. അതുണ്ടെങ്കിൽ ഒരാളെ പെട്ടെന്ന് തിരിച്ചറിയാൻകഴിയും . അതിൽ തന്നെ വേണ്ടതായ എല്ലാമുണ്ട്. എന്നാൽ അത് ഒരുകാരണവശാലും പുറത്തുപോവുകയില്ല എന്നത് ഉറപ്പാക്കാൻ ആധാർ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആർക്കൊക്കെ ഏതൊക്കെ സാഹചര്യത്തിൽ ആ വിവരങ്ങൾ എങ്ങിനെ കൈമാറാം എന്നതുസംബന്ധിച്ചും നിയമത്തിൽ വ്യവസ്ഥയുണ്ട്. കർക്കശമായ നിയമ- സംരക്ഷണ സംവിധാനമാണ് ഉള്ളതെന്നർത്ഥം. എന്നാൽ ആ വിവരങ്ങൾ ചോരുന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത. തീർച്ചയായും അത് അന്വേഷിക്കേണ്ടതായിട്ടുണ്ട്. അതിന്റെ ഭാഗമായി, അടുത്തിടെ അങ്ങിനെയൊരു വിവരം റിപ്പോർട്ട് ചെയ്തപ്പോൾ, U I DA I നിയമാനുസൃതം നടപടി തുടങ്ങിയിട്ടുമുണ്ട്. അതിൽ വാർത്ത നൽകിയ പത്രത്തെയും ലേഖകൻ/ലേഖികയെയും കൂടെ ഉൾപ്പെടുത്തിക്കൊണ്ടാണ് മുന്നോട്ട് പോകുക എന്നതാണ് ലഭിക്കുന്ന സൂചനകൾ.
രണ്ടു് : ആധാർ വിവരങ്ങൾ ചോരുന്നു എന്നത് സുപ്രീം കോടതിയിലെ ഹർജികളിലും ഉന്നയിക്കപ്പെട്ടിരുന്നു. അവിടെ യുഐഡിഎഐ-യും സർക്കാരും അത് നിഷേധിച്ചതാണ്. എന്നാൽ അക്കാര്യത്തിൽ സംശയമുണ്ടാവാതിരിക്കാൻ ( ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും കൂടിയാവണം) സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് ബിഎൻ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയിൽ സാങ്കേതിക ഐടി വിദഗ്ദ്ധരുമുണ്ട് . ആധാർ വിവരങ്ങൾ ചോരുന്നുണ്ടോ, ഉണ്ടെങ്കിൽ സ്വീകരിക്കേണ്ടുന്ന സംവിധാനങ്ങൾ എന്തൊക്കെയാണ്, ചോരുന്നില്ലെങ്കിൽ തന്നെ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങൾ സമിതി പഠിക്കും ; സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകും. തീർച്ചയായും ഈ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് മുൻപായി ആ റിപ്പോർട്ട് സമർപ്പിക്കപ്പെടേണ്ടതാണ്. അതിനായി കാത്തിരിക്കുക എന്നതാണ് സർക്കാരിന്റെയും യുഐഡിഎഐ-യും മുന്നിലുള്ള മാർഗം. അത്ത രമൊരു റിപ്പോർട്ട് വരുന്നതിന് മുന്പായിട്ടാണ് ഇപ്പോൾ സർക്കാർ, അല്ല യുഐഡിഎഐ, മറ്റൊരു സുരക്ഷാ ഏർപ്പാടിന്, വിർച്വൽ ഐഡി, തയ്യാറായത് എന്നതുമോർക്കുക.
മൂന്ന് : ഞാൻ നേരത്തെ സൂചിപ്പിച്ചു, രണ്ട് തരം വിവരങ്ങളാണ് ആധാറിൽ ഉള്ളത് എന്ന്. ഒന്ന്, ബയോ മെട്രിക്, മറ്റൊന്ന് ഡെമോഗ്രാഫിക്. അതിൽ ഡെമോഗ്രാഫിക് വിവരങ്ങൾ എന്ന് പറയുന്നത് ഒരാളുടെ പേരു് , മേൽവിലാസം, വയസ്, പുരുഷനോ സ്ത്രീയോ എന്നത്, വയസ് തുടങ്ങിയതാണ്. ആ വിവരങ്ങൾ ഉള്ളത് ആധാറിൽ മാത്രമല്ല; റേഷൻ കാർഡിലുണ്ട്, വോട്ടർ ഐഡി കാർഡിലുണ്ട്…… അതൊക്കെ പൊതുമണ്ഡലത്തിൽ ഇപ്പോൾ തന്നെയുണ്ടുതാനും . എന്റെ വോട്ടർ ഐഡിയിലെ വിവരങ്ങൾ ഇന്നിപ്പോൾ ഇലെക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ ലഭ്യമാണല്ലോ. എന്റെ പേര് , പുരുഷനോ സ്ത്രീയോ എന്നത്, വയസ്സ്, മേൽവിലാസം, ഞാൻ എവിടെ ഏത് പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്നു ….. ഇതൊക്കെ അവിടെയുണ്ട്. ഇപ്പോഴാവട്ടെ ഫോട്ടോയും അതിനൊപ്പമുണ്ട്. അത്രയുമേ ആധാറിലും ഡെമോഗ്രാഫിക് വിവരങ്ങളായി ചേർത്തിട്ടുള്ളൂ. ഒരാൾ ഒരു ബാങ്ക് അക്കൗണ്ടമായും , ഫോൺ കണക്ഷനുമായുമൊക്കെ ബന്ധിപ്പിക്കുമ്പോൾ അത് ബന്ധപ്പെട്ട ഏജൻസികൾ അറിഞ്ഞാൽ അതിശയമില്ല. അതിൽ അത്ര കാര്യവുമില്ല, രഹസ്യവുമില്ലല്ലോ. അതുകൊണ്ടാണ് ഒരാളുടെ വിവരങ്ങളെ രണ്ടായി വേർതിരിക്കാൻ ആധാർ അധികൃതർ തീരുമാനിച്ചതും രണ്ടും രണ്ടായി സൂക്ഷിക്കാൻ വ്യവസ്ഥചെയ്തതും. എന്നാൽ ബയോ മെട്രിക് വിവരങ്ങൾ ഒരു കാരണവശാലും ചോരുന്നില്ല എന്നത് ഉറപ്പാക്കിയിട്ടുണ്ട്.
ആധാറിന്റെ ഉപയോഗം
സംബന്ധിച്ച്
ആധാർ എടുക്കണമെന്ന് ഒരു നിയമത്തിലും ഒരാളെയും നിർബന്ധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അത് ഓരോ വ്യക്തികളുടെയും താല്പര്യമാണ്. വേണമെങ്കിൽ എടുക്കാം, എടുക്കാതിരിക്കാം. അതേസമയം ഏതാണ്ട് ഇന്ത്യയിലെ 95 ശതമാനത്തിലേറെപ്പേർ ആധാർ എടുത്തിട്ടുണ്ട് എന്നത് ചെറിയകാര്യമല്ലല്ലോ. ചില കാര്യങ്ങളിൽ ആധാർ ബന്ധിപ്പിക്കാൻ അധികൃതർക്ക് അധികാരമുണ്ട്. ഉദാഹരണം ചില സേവനങ്ങൾ ലഭ്യമാകുമ്പോൾ അത് ആധാർ അധിഷ്ഠിതമാവും എന്ന് അത് നടപ്പിലാക്കുന്ന ഏജൻസിക്ക് വ്യക്തമാക്കാം. അത് നിയമാനുസൃതമാണ്. എന്നാൽ അപ്പോഴും ബന്ധപ്പെട്ട എല്ലാവർക്കും ആധാർ എടുക്കുന്നതിന് സമയം ലഭിക്കുന്നു എന്നത് , അത് നടപ്പിലാക്കുന്നതിന് മുൻപായി, ആ സർക്കാർ ഏജൻസി ഉറപ്പുവരുത്തേണ്ടതുണ്ട് എന്നതും പ്രധാനമാണ്. അതും നിയമത്തിന്റെ നിഷ്കർഷയാണ് . അതിനർത്ഥം പെട്ടെന്ന് ഒരു കാര്യത്തിൽ ആധാർ അടിച്ചേൽപ്പിക്കാൻ സർക്കാരിനും കഴിയില്ല എന്നത് തന്നെയല്ലെ.
അതെ സമയം ആധാർ ബന്ധപ്പെടുത്തുമ്പോഴുണ്ടാവുന്ന ഗുണങ്ങൾ കാണാതെ പോകാനുമാവില്ല. വിവിധ സബ്‌സിഡികൾ, സർക്കാർ ആനുകൂല്യങ്ങൾ, പെൻഷനുകൾ, സാമൂഹ്യ സേവന പദ്ധതികളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന ധനസഹായം എന്നിവക്കൊക്കെ മുൻപ് ജനങ്ങൾ കയറിയിറങ്ങി നടക്കേണ്ടുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന് അതില്ല. ഓരോരുത്തരുടെ ബാങ്ക് അക്കൗണ്ടിൽ ആ പണം എത്തുകയാണ്. അത് സാധാരണക്കാരന് ലഭിക്കുന്ന പ്രയോജനം. ഇടനിലക്കാരനില്ലാതെ തന്നെ കാര്യങ്ങൾ നടക്കുന്നു എന്നത് മറ്റൊരു ഗുണം. സബ്‌സിഡി തട്ടിപ്പുകൾ അവസാനിപ്പിക്കാൻ കഴിയുന്നു എന്നതാണ് മറ്റൊന്ന്. ഒരു ഉദാഹരണം നൽകാം. ഉത്തർപ്രദേശിൽ വളം സാബിസിഡിക്ക് ആധാർ നിരബന്ധമാക്കി. നൂറ് കണക്കിന് കോടികളാണ് ഓരോ വർഷവും വളം സബ്‌സിഡിയായി നൽകിയിരുന്നത്. വളം കച്ചവടക്കാർ ഇത്ര ക്വിന്റൽ വളം വിട്ടുവെന്ന് കാണിച്ച് രേഖയുണ്ടാക്കി അത് തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. ആധാർ ബന്ധിപ്പിക്കപ്പെട്ടതോടെ വളം ഉപഭോക്താക്കൾക്ക് നേരിട്ട് അവരുടെ അക്കൗണ്ട് കളിലേക്ക് അതെത്താൻ തുടങ്ങി. യഥാർഥ കർഷകന് അതിന്റെ പ്രയോജനം ലഭിച്ചു. ഇന്നലെവരെ തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചവർ ഇപ്പോൾ ആ കച്ചവടം തന്നെ നിർത്തുന്ന കാഴ്ചയും കാണുന്നു. ഏതാണ്ടൊക്കെ സമാനമാണ് നമ്മുടെ നാട്ടിലെ റേഷൻ കടകളുടെ കാര്യം. ഒരാഴ്ച റേഷൻ കടക്കാരൻ എടുക്കുന്ന സാമഗ്രികൾ, ബന്ധപ്പെട്ടവർ വാങ്ങിയാലും ഇല്ലെങ്കിലും, രേഖകൾ പ്രകാരം വിറ്റതായി കാണിക്കാരാണത്രെ പതിവ്. ഇനിയിപ്പോൾ അത് സാധ്യമല്ല. സബ്‌സിഡി തുക റേഷൻ കടക്കാരന് ലഭിക്കില്ല മറിച്ച് അത് ബന്ധപ്പെട്ട ഉപഭൊക് താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. അതായത് റേഷൻ മറിച്ചുവിറ്റും മറ്റും നേട്ടമുണ്ടാക്കാൻ കഴിയാത്ത സ്ഥിതിയായി. റേഷൻ കടക്കാർ നിർത്തുമെന്നും മറ്റും ഭീഷണി മുഴക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെ ഖജനാവ് കൊള്ളയല്ലേ അവസാനിക്കുന്നത്. അതിനെയെങ്കിലുമൊന്ന് പ്രതിപക്ഷത്തിന് അംഗീകരിച്ചുകൂടെ?.
ഒരേ രേഖകൾ ഒന്നിലേറെ എടുത്തുകൊണ്ട് സർക്കാരിനെയും മറ്റും കളിപ്പിക്കുന്ന, വഞ്ചിക്കുന്ന, ഒരു രീതി നമ്മുടെയൊക്കെ നാട്ടിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘പാൻ’ . ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ മുൻപേതന്നെ ‘പാൻ ‘ നിർബന്ധമാക്കിയിരുന്നുവല്ലോ. അപ്പോഴാണ് ഒന്നിലേറെ ‘പാൻ’ എടുക്കാൻ ചിലരൊക്കെ പ്രത്യേക താല്പര്യം കാണിച്ചത്. അത് നിയമവിരുദ്ധമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് പുറപ്പെട്ടത്. ‘പാൻ’ സംബന്ധിച്ച വ്യവസ്ഥകളിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. വലിയ ഇടപാടുകൾ നടത്താൻ ഒരു ‘പാൻ’ നമ്പർ, നികുതിക്കായി മറ്റൊന്ന് . വിവിധ പാൻ നമ്പറായതിനാൽ ബാങ്ക് അക്കൗണ്ടിലെ തിരിമറികളും തിരിച്ചറിയാൻ കഴിയാതെവന്നു. ഒരു കണക്ക് കേട്ടാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. ഇന്ത്യയിൽ ‘പാൻ’ എടുത്തിട്ടുള്ളത് ഏതാണ്ട് 250 മില്യൺ ആൾക്കാരാണ്. എന്നാൽ ആദായനികുതി റിട്ടേൺ നൽകുന്നത് വെറും 40 മില്യൺ ആൾക്കാരും. ആറിലൊന്ന് മാത്രം. ആധാർ ലിങ്ക് ചെയ്യപ്പെടുന്നതോടെ ഈ തട്ടിപ്പ് പൂർണ്ണമായും ഇല്ലാതാവും…… അതിലേക്കാണ് രാജ്യം എത്തിക്കൊണ്ടിരിക്കുന്നത്.
മറ്റൊന്ന്, ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കപ്പെടുന്നുണ്ടല്ലോ; അതിനൊപ്പം ‘പാൻ’ കൂടി ബന്ധിക്കപ്പെടുമ്പോൾ നികുതി തട്ടിപ്പ് വളരെ പ്രയാസകരമാവും എന്നതാണ് കണക്കുകൂട്ടൽ. വിദേശത്തുനിന്നും മറ്റുമെത്തുന്ന പണം, അതിന്റെ വിനിയോഗം തുടങ്ങിയവ നിരീക്ഷിക്കാനും ഇതിലൂടെ കഴിയും. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന നിലക്ക് അതിൽ പ്രാധാന്യമേറെയുണ്ട് താനും. ഈയിടെത്തന്നെ, നോട്ട് റദ്ദാക്കലിന് ശേഷം കുറെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി അധികൃതർ പരിശോധിച്ചതും മറ്റും ഓർക്കുക. അത് നൽകിയ സൂചനകൾ വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും നികുതിവെട്ടിച്ചുകൊണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നവർക്ക് രക്ഷപെടാൻ കഴിയാത്ത അവസ്ഥയായി. വിദേശത്ത് നിന്ന് കൊണ്ടുവന്ന പണത്തിന്റെ കൈമാറ്റം, വിനിയോഗം തുടങ്ങിയവ സംബന്ധിച്ച പ്രധാനപ്പെട്ട സൂചനകളും ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. ദേശ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങൾ അതിലുൾപ്പെടുമെന്നും ഹവാല ഇടപാടിന്റെ ചരിത്രങ്ങൾ വെളിവാകുന്നുണ്ടെന്നും കേൾക്കുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പാൻ- ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധനത്തിലൂടെ കഴിയും. അതിനെ എന്തിനാണ് എതിർക്കുന്നത്?.
അവിടെയാണ് പ്രശ്നം. ഈ എതിർപ്പിന് പിന്നിൽ വെറും രാഷ്ട്രീയമല്ല, മറിച്ച് തട്ടിപ്പുകൾ, ക്രമക്കേടുകൾ വെളിച്ചത്താവുമെന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. വിദേശ ഫണ്ടിങ് ഒരു പ്രധാന ഘടകമാണ് പലരെ സംബന്ധിച്ചിടത്തോളവും. അത് പരസ്യമാണല്ലോ. രാഷ്ട്രീയകക്ഷികൾ അടക്കം അതിന്റെ ഗുണഭോക്താക്കളാണ്. അതൊക്കെ ഇനി ബാങ്കിലൂടെ വന്നാൽ കണക്കിൽപെടും; ഒഴിച്ചുനിർത്താൻ കഴിയാതെവരും. മറ്റൊന്ന് ബാങ്കിലൂടെയല്ലാതെ വിദേശത്തുനിന്നും മറ്റും വേണ്ടതിലധികം പണമെത്തിച്ച് ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയാവുന്നു. വിദേശത്തുനിന്ന് സഹായം ലഭിക്കുന്ന സംഘടനകൾ ആദായനികുതി റിട്ടേൺ മാത്രമല്ല നൽകേണ്ടിവരിക; അവരുടെ ബാങ്ക് രേഖകളും പരിശോധിക്കപ്പെടും. അതിനൊക്കെയുള്ള അവസരം അധികൃതർക്ക് ലഭിക്കും, അത് അവർക്ക് എളുപ്പമാക്കും. അടുത്തിടെ ചില ‘ഭൂമി ഇടപാടുകൾ’ ഉണ്ടാക്കിയ വിവാദങ്ങൾ ഓർമ്മിക്കുക……. അതുപോലെ പലതും ഇനിയും വെളിച്ചത്തുവരികതന്നെചെയ്യും.
‘നിരീക്ഷണം നടത്തുന്നു; സ്വാതന്ത്ര്യം
നഷ്ടമാവുന്നു’: പരാതിയും വസ്തുതയും
ആധാർ ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാൻ കഴിയുമെന്നും മൊബൈൽ ഫോൺ കാൾ വിവരങ്ങൾ അടക്കം യുഐഡിഎഐ അഥവാ സർക്കാർ കൈക്കലാക്കുന്നു എന്നും മറ്റുമാണ് മറ്റ് ചില ചിന്തകൾ, ആക്ഷേപങ്ങൾ. അത് വെറുതെയാണ്, അടിസ്ഥാന രഹിതമാണ് എന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്. അടുത്തിടെ യുഐഡിഎഐ-യുടെ സ്ഥാപക ചെയർമാനും ഐടി വിദഗ്ദ്ധനുമായ നന്ദൻ നിലേകനി അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നന്ദൻ നിലകെനി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബാംഗ്ലൂരിൽ മത്സരിച്ചയാളാണ് എന്നതുമോർക്കുക. കോൺഗ്രസുകാർ ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്കാണ് നിലകെനി മറുപടിയുമായി ഒരു പ്രമുഖ ഇംഗ്ലീഷ് ന്യൂസ് ചാനലിന് അഭിമുഖം നൽകിയത്. അതിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച ഒരു കാര്യമുണ്ട് ; നിരീക്ഷണം നടത്തുന്നു എന്ന ആക്ഷേപത്തെക്കുറിച്ച് ; ഇന്നിപ്പോൾ ഒരാളുടെ കയ്യിലുള്ള മൊബൈൽ ഫോൺ എന്തെല്ലാം നിരീക്ഷണ സൗകര്യങ്ങളാണ് നൽകുന്നത്. അയാൾ ഏത് മൊബൈൽ ടവറിന്റെ പരിധിയിലാണ് എന്നതറിയാൻ കഴിയില്ലേ; അതുപോലെ ജിപിഎസ് സൗകര്യങ്ങൾ ഫോണുകളിലുണ്ട്……. അതിലൂടെയും അതൊക്കെ വ്യക്തമായി അറിയാനാവും. ഇതൊക്കെയാണ് നാട്ടിലെ നിലവിലെ സാഹചര്യങ്ങൾ എന്നിരിക്കെ ആധാർ കൊണ്ട് ഒരാളെ നിരീക്ഷിക്കാൻ കഴിയുമെന്ന് പറയുന്നതും സ്വാതന്ത്ര്യം നഷ്ടമാവും എന്ന് പറയുന്നതും തികച്ചും അടിസ്ഥാനരഹിതമാണ്. പിന്നെ ചിലർക്ക് സ്വാതന്ത്ര്യം നഷ്ടമാവുന്നുണ്ട്….. അത് നേരത്തെ സൂചിപ്പിച്ചതുപോലെ ക്രമക്കേട് കാണിക്കുന്നവർക്കും തട്ടിപ്പുകാർക്കുമൊക്കെയാണ്.
മറ്റൊന്ന്, ഫോൺ ആധാറുമായി ബന്ധപ്പെടുത്തിയാൽ ഫോൺ രേഖകൾ സർക്കാരിന് , യുഐഡിഎഐ-ക്ക് എളുപ്പത്തിൽ ലഭിക്കുമെന്നതാണ് . ഇവിടെ കാണേണ്ട ഒരു പ്രധാന കാര്യം, ആധാർ ബന്ധിപ്പിക്കുമ്പോൾ ഇങ്ങനെ ഒരു കാര്യം ചെയ്തതായി യുഐഡിഎഐ-ക്ക് അറിയാനാവും എന്നത് ശരിയാണ്. എന്നാൽ ഫോൺ രേഖകൾ ഒക്കെ സൂക്ഷിക്കുന്നത് ബന്ധപ്പെട്ട മൊബൈൽ ഫോൺ കമ്പനികൾ തന്നെയാണ്. അതിപ്പോഴും അവരുടെ പക്കലില്ലേ. അതിനപ്പുറമൊന്നും പ്രശ്നമുണ്ടാവാനില്ല. ഇവിടെ ഒരു പ്രധാനവിഷയമുള്ളത്, ആധാറുമായി മൊബൈൽ ഫോൺ ലിങ്ക് ചെയ്യുമ്പോൾ, ആ ഒരാൾക്ക് ആ മൊബിൽഡ ഫോണുണ്ട് എന്നത് വ്യക്തമാവുന്നുണ്ട്. ബയോ മെട്രിക് വിവരങ്ങൾ ഉൾ കൊള്ളിച്ചത് കൊണ്ട് ഒരാൾക്ക് ഒരേഒരു ആധാർ മാത്രമേ എടുക്കാനാവൂ. അതിൽ ക്രമക്കേടിന്റെയോ തട്ടിപ്പിന്റെയോ സാധ്യത തീരേ ഇല്ലാതാവുന്നു. പിന്നെ മൊബൈൽ ഫോൺ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആളെ കണ്ടെത്താനും മറ്റും എളുപ്പത്തിൽ കഴിയും. അതിനൊക്കെ ഇന്ന് നിലവിലുള്ള നിയമവ്യവസ്ഥകൾ പാലിക്കപ്പെടുകതന്നെവേണം എന്നതും മറന്നുകൂടാ. ആധാറിലെ ബയോ മെട്രിക് വിവരങ്ങൾ ആർക്കെങ്കിലും കൈമാറുന്നതിന് നിയമത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കർക്കശമായ വ്യവസ്ഥകളും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
സർക്കാരിന്, ഖജനാവിന്
ഉണ്ടായ നേട്ടങ്ങൾ അനവധി
ആധാർ കൊണ്ടുവന്നപ്പോൾ തട്ടിപ്പുകൾ കുറെയേറെ പുറത്തുകൊണ്ടുവരാനായി എന്നത് ചെറിയ കാര്യമല്ല. നൂറു കണക്കിന് കോടികളുടെ നേട്ടമാണ് അതിലൂടെ സർക്കാരുകൾക്കുണ്ടായത്. ഇതിനെ എതിർക്കാൻ മുൻ കയ്യെടുത്തയാളാണ് സിപിഎമ്മിലെ സീതാറാം യെച്ചൂരി. പക്ഷെ അത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് സിപിഎം ഭരിക്കുന്ന കേരളം. ഇവിടെ വിവിധ സാമൂഹ്യ പെൻഷനുകൾ ഒന്നിലധികം ഒരാൾക്ക് ലഭിക്കുന്നതായി കണ്ടെത്തിയത് എങ്ങിനെയാണ്?. ആധാർ ബന്ധിപ്പിച്ചപ്പോഴല്ലേ ?. ചില പ്രശ്നങ്ങൾ ഒക്കെ ആദ്യം ഉണ്ടായെങ്കിലും സാമൂഹ്യ പെൻഷനുകൾ ഏതാണ്ടൊക്കെ ക്രമത്തിലാക്കാൻ പിണറായി സർക്കാരിന് ഇന്നിപ്പോൾ കഴിഞ്ഞത് മറന്നുകൂടാ. മറ്റ് പെൻഷനുകളുടെ കാര്യത്തിലും ഇത്തരം നീക്കങ്ങൾ നടത്താൻ സർക്കാരിനായി. ഒന്നിലേറെ പെൻഷനുകൾ എന്നത് കേരളത്തിൽ ഏതാണ്ടൊക്കെ ഇല്ലാതാക്കാനായി. അതിനു പിന്നാലെയാണ് റേഷൻ ഷോപ്പുകളിലൂടെ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന പദ്ധതി. പൊതുവിതരണ സംവിധാനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം ഇപ്പോൾ ആധാർ ബന്ധിതമായ റേഷൻ കാർഡുകളിലൂടെ വലിയ മാറ്റത്തിന് തയ്യാറാവുകയാണല്ലോ. ആധാർ ബന്ധിപ്പിക്കപ്പെട്ടപ്പോൾ തന്നെ സംസ്ഥാനത്തെ റേഷൻ കാർഡുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊക്കെ ഖജനാവിന് ഉണ്ടാക്കുന്ന നേട്ടങ്ങൾ ചെറുതല്ലല്ലോ.
ഇനി കേന്ദ്രസർക്കാർ പറയുന്ന കണക്കുകൾ കൂടി ഒന്ന് പരിശോധിക്കാം. 1, 30,000 ‘ഘോസ്റ്റ് ‘ കോളേജ് അധ്യാപകരാണ് അനധികൃതമായി ലിസ്റ്റിലുണ്ടായിരുന്നത് ; ആധാർ നിർബന്ധമാക്കിയപ്പോൾ അവരെല്ലാം പുറത്തായി. അതായത് ഇല്ലാത്തപേരിൽ അധ്യാപകർ ഇവിടെ ശമ്പളം പാടുകയായിരുന്നു എന്നതാണ് കാണേണ്ടത്. അതും കോളേജ് അധ്യാപകർ. എത്രകോടിയാവും ഇതിലൂടെ കഴിഞ്ഞകാലത്ത് ഖജനാവിൽനിന്നും ചോർന്ന് പോയിട്ടുണ്ടാവുക?. കോളേജ് അധ്യാപകരുടെ ഇക്കാലത്തെ ഉയർന്ന ശമ്പളം കണക്കിലെടുക്കുമ്പോൾ ഏതാണ്ടൊക്കെ ഊഹിക്കാമല്ലോ. ഇത് ആധാർ ഇല്ലെങ്കിൽ സാധ്യമാവുമായിരുന്നില്ല; കള്ളത്തരം തുടരുമായിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ 4. 40 ലക്ഷം കുട്ടികളെയാണ് അനധികൃതമായി ചേർത്തതായി തിരിച്ചറിഞ്ഞത്. അതായത് ഇത്രയും കുട്ടികൾ ഇല്ലായിരുന്നു, എന്നാൽ അവർക്കാവശ്യമുള്ള ഭക്ഷ്യ സാമഗ്രികൾ വാങ്ങി മറ്റുള്ളവർ പോക്കറ്റിലാക്കിയിരുന്നു. അത് അവസാനിപ്പിക്കാനായി. ഇത് വെറും മൂന്ന് സംസ്ഥാനങ്ങളിലെ കഥയാണ്. രാജ്യം മുഴുവൻ ഇത് പരിശോധിച്ചാൽ എന്താവും അവസ്ഥ എന്നത് പറയാനാവുമോ….. ഭീകരമായ സംഖ്യ ആവാനിടയുണ്ടല്ലോ. മറ്റൊന്ന്, 3. 3൦ കോടി അനധികൃത എൽപിജി കണക്ഷനുകളാണ് തിരിച്ചറിഞ്ഞതും റദ്ദാക്കിയതും. അത്രയും പേർ അനധികൃതമായി സബ്‌സിഡിയുടെ എൽപിജി ഉപയോഗിക്കുകയായിരുന്നു. അതിൽ പലരും വ്യാവസായികമായി എൽപിജി ഉപയോഗിച്ചിരുന്നവരാണ് എന്നതും ഓർമ്മിക്കണം. ആ വകയിൽ ഖജനാവിനുണ്ടായ നേട്ടം ഏതാണ്ട് 21, 000 കോടി രൂപയാണ്. മഹാരാഷ്ട്രയിൽ മാത്രം ഏതാണ്ട് 1. 60 കോടി അനധികൃത റേഷൻ കാർഡുകൾ കണ്ടെത്തി റദ്ദാക്കി. അതിലേറെ പ്രധാനപ്പെട്ടത് മറ്റൊരു വലിയ തട്ടിപ്പാണ്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിൽദാന പദ്ധതിയിലാണത്. അതിലുൾപ്പെട്ടവരുടെ വേതനം ആധാർ അധിഷ്ഠിതമാക്കുകയും അത് നേരിട്ട് ബാങ്കുകളിലേക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തതോടെ ഏതാണ്ട് 87 ലക്ഷം വ്യാജന്മാർ പുറത്തായി എന്നതാണ് ആദ്യ കണക്കുകൾ. എല്ലായിടത്തുനിന്നും അത് ലഭിച്ചിട്ടില്ല. പാവപ്പെട്ട സ്ത്രീകളാണ് ആ പദ്ധതിയിൻ കീഴിൽ ജോലിയെടുക്കുന്നത്. അവരുടെ പേരിൽ ആരാവാം തട്ടിപ്പ് നടത്തിയത് എന്നതൊക്കെ പിന്നീട് അന്വേഷണവിധേയമാക്കും എന്നുവേണം കരുതാൻ. പ്രധാനമന്ത്രി പറഞ്ഞത്, ആധാർ അധിഷ്ഠിതമായി സബ്‌സിഡി നൽകാൻ തീര്മ്മനിച്ചതോടെ കേന്ദ്രത്തിനുണ്ടായ നേട്ടം ഏതാണ്ട് 64, 000 കോടി രൂപയുടേതാണ് എന്നതാണ്. ഇതൊക്കെ ജനങ്ങളുടെ പണമല്ലേ; അതൊക്കെ ജനക്ഷേമത്തിനായി പ്രയോഗിക്കേണ്ടുന്ന പണമല്ലേ…… അതെങ്ങനെയാണ് കൊള്ളയടിക്കപ്പെട്ടിരുന്നത് എന്നതാണ് ഈ കണക്കുകൾ കാണിച്ചുതരുന്നത്. അതിലുപരി സുതാര്യത കൈവരുന്നു പല മേഖലകളിലും എന്നതും ഓർമ്മിക്കേണ്ടുന്ന കാര്യമാണ്.
ഇവിടെ പക്ഷെ പ്രശ്നമുണ്ടാവുന്നത് ചിലരുണ്ട്………… നികുതി വെട്ടിക്കുന്നവർ; ഒന്നിലേറെ പാൻ കാർഡ് ഉപയോഗിച്ചിരുന്നവർ; വിദേശത്തുനിന്നും മറ്റും ലഭിച്ചിരുന്ന പണം ദുർവിനിയോഗം ചെയ്തിരുന്നവർ. നോട്ട് റദ്ദാക്കിയ വേളയിൽ തെരുവിലിറങ്ങി ബഹളമുണ്ടാക്കിയ രാഷ്ട്രീയക്കാരില്ലേ; അതെ കൂട്ടർ തന്നെ അല്ലെ ഇന്നിപ്പോൾ ആധാറിനെതിരെയും ബഹളം വെയ്ക്കുന്നത്?. അവർക്ക് എന്തോ വിഷമമുണ്ടാവുന്നു, എന്തോ മറയ് ക്കാനുണ്ട് എന്നല്ലേ സ്വാഭാവികമായും സാധാരണക്കാരനായ ഒരാൾ ചിന്തിക്കാൻ നിർബന്ധിതനാവുക? അവരെയൊക്കെ സംരക്ഷിക്കേണ്ടുന്ന, അല്ലെങ്കിൽ അവരുടെ വക്കാലത്ത് എടുക്കേണ്ടുന്ന ചുമതല ഇന്ത്യയിലെ സർക്കാരിനും പ്രതിപക്ഷത്തിനുമില്ലല്ലോ. അതാണ് ആധാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർമ്മിക്കേണ്ടത് എന്നാണ് പറയാനുള്ളത്.
— കെ.വി.എസ് ഹരിദാസ്
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments