ഇന്ത്യയെ അപമാനിക്കാനും അതുപോലെ വിദേശ ഇന്ത്യക്കാരെ വിഭജിക്കാനും അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാനും രാഹുൽ ഗാന്ധിയുടെ പുതിയ ഉദ്യമം. അതിനായി വിദേശ മണ്ണ് തന്നെ അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നു എന്നതാണ് പ്രത്യേകത. മുൻ കാലങ്ങളിൽ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവും കാണിക്കാത്ത നടപടിയാണ് ബഹ്‌റൈനിൽ ഇന്നലെ കോൺഗ്രസ് അധ്യക്ഷനിൽ നിന്നും കണ്ടത്. ആരോ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയാണ് രാഹുൽ ചെയ്തതെങ്കിലും അത് വിഷലിപ്‌തമായിരുന്നു. ഇന്ത്യക്കാരായ വിദേശീയരിൽ,എൻആർഐക്കാർക്കിടയിൽ ജാതീയതയുടെയും വർഗീയതയുടെയും വിത്ത് പകനുള്ള ശ്രമം. ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്. അവിടെ അദ്ദേഹം അവതരിപ്പിച്ച കണക്കുകളും കഥകളുമാവട്ടെ സത്യവിരുദ്ധവും. സ്വന്തം നാടിനോട് ഒരു ബാധ്യതയുമില്ലെന്നു പലവട്ടം തെളിയിച്ചിട്ടുള്ള അദ്ദേഹം മറ്റൊരിക്കൽ കൂടി അത് കാണിച്ചുതരുന്നു.
ഇന്ത്യയിൽ പല ഭാഗത്തും പലകാലത്തും വർഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിന്റെ ഭരണ കാലഘട്ടത്തിലാണ് ഏറ്റവും ദുരിതപൂർണ്ണമായ, ഏറ്റവും ഭീകരമായ കലാപങ്ങൾ അരങ്ങേറിയിട്ടുള്ളതും. അഹമ്മദാബാദ്, ഭീവണ്ടി, മീററ്റ്, ഭഗൽപൂർ തുടങ്ങി എത്രയോ പേരുകൾ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നത് സ്ഥല നാമങ്ങൾ പ്രിയങ്കരമായതുകൊണ്ടല്ല മറിച്ച് അവിടെ കോൺഗ്രസ് ഭരണത്തിന് കീഴിൽ നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അത്രയേറെയുള്ളതുകൊണ്ടാണ്. കലാപം വരുത്തിവെച്ച നാശനഷ്ടം അത്രയേറെ ഉള്ളതുകൊണ്ടാണ്. അതൊക്കെ ഇവിടെ നടന്നപ്പോഴും വിദേശത്ത്, പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തോളോട് തോൾ ചേർന്ന് സൗഹൃദത്തോടെ ജോലിചെയ്‌തിരുന്നു, ഒന്നിച്ച് ജീവിച്ചിരുന്നു. അവർക്കിടയിൽ അത്തരം ചിന്തകളുണ്ടായിരുന്നില്ല. അവിടത്തെ മുസ്ലിം രാജ ഭരണകൂടങ്ങൾ മതം നോക്കാതെ ഇന്ത്യക്കാരനെ സ്വീകരിച്ചിരുന്നു. എന്നാലിപ്പോൾ അവർക്കിടയിൽ വർഗീയവിഷം കുത്തിവെയ് ക്കാൻ ഒരു കുൽസിത ശ്രമം ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിൽ നടത്തുന്ന തരംതാണ രാഷ്ട്രീയം വിദേശത്ത് പ്രത്യേകിച്ചും മുസ്ലിം രാജ്യത്ത് പ്രയോഗിക്കാൻ നീക്കം നടത്തുന്നു.
രാഹുലിന്റെ ബഹ്‌റൈനിലെ പ്രസംഗം അക്ഷരാർഥത്തിൽ വസ്തുതകൾ വളച്ചൊടിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. ഇന്ത്യൻ എക്കണോമി തകരുകയാണ്, ഇവിടേക്ക് നിക്ഷേപം വരുന്നില്ല, തൊഴിലില്ലായ്മ പെരുകുന്നു, വിദ്യാഭ്യാസ സമ്പ്രദായം മികച്ചതല്ല ………. അങ്ങിനെ പലതും പുലമ്പി. യഥാർഥത്തിൽ അതൊക്കെത്തന്നെ സ്വന്തം നേർക്കുള്ള അമ്പുകളാണ് എന്നത് രാഹുൽ ഓർക്കാതെ പോയി. ഒന്നാലോചിച്ചു നോക്കൂ, ഇന്ത്യയിൽ അധികാരത്തിലേറി മൂന്നര വര്ഷം കൊണ്ട് സർവ്വതും മാറ്റിമറിക്കാൻ കഴിയുമെന്ന് മോഡി പറഞ്ഞിരുന്നോ?. വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ അരക്ഷിതാവസ്ഥയും അരാജകത്വവും ഉണ്ടാക്കിയതും ആ മേഖലയെ ആകെ തകർത്തതും കോൺഗ്രസ് ഭരണകൂടങ്ങളല്ലേ. ഇതൊക്കെ പറഞ്ഞിട്ടാണ് എക്കണോമിയിലേക്ക് അദ്ദേഹം വരുന്നത്. ആ വാക്കുകളിൽ തന്നെ നിരാശ പ്രകടമാണ്…നോട്ട് റദ്ദാക്കൽ കൊണ്ട് വർഷങ്ങളായി സംഭരിച്ചിരുന്നത് മുഴുവൻ പലർക്കും നഷ്ടമായി എന്നതാണ് അതിലെ പ്രധാന വാചകം. അത് ആരെ ഉദ്ദേശിച്ചാണ് എന്നത് പറയേണ്ടതില്ലല്ലോ. രാജ്യം കൊള്ളയടിച്ച കുടുംബത്തിന്റെ കൈവശമായിക്കൂടെ ഏറ്റവുമധികം കള്ളപ്പണവും കള്ളനോട്ടും ഉണ്ടായിരിയ് ക്കാനിട എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?. ജിഡിപി വളർച്ചയെക്കുറിച്ചാവണം അദ്ദേഹം മറ്റൊന്ന് ഉദ്ദേശിച്ചത്. ഈ വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളര്ച്ച 6. 5 ശതമാനമാവും എന്നാണ് കണക്കാക്കുന്നത്. അത് പ്രതീക്ഷിച്ചിരുന്നതിൽ നിന്നും കുറച്ച് കുറവാണു് . നോട്ട് റദ്ദാക്കൽ, ജിഎസ്‌ടി തുടങ്ങിയ വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ വർഷത്തിൽ ഇത്രയൊക്കെ വളർച്ച കരസ്ഥമാക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല എന്നത് രാഹുലിനുംകൂട്ടര്ക്കും കാണാനാവാതെ വരുന്നത് സ്വാഭാവികം. ഇവിടെ രാഹുലിനെ ഇന്ത്യക്കാർ ഓർമ്മിപ്പിക്കേണ്ടിയിരുന്നത് 1991 -92 കാലഘട്ടത്തിൽ മൻമോഹൻ സിങ് നരസിംഹ റാവുവിന് കീഴിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ തുടങ്ങുമ്പോൾ ജിഡിപി വെറും 1. 1 ശതമാനമായി കുറഞ്ഞിരുന്നു എന്നതാണ്. അതാണ് ഇക്കോണമി, സാമ്പത്തിക ശാസ്ത്രം പറഞ്ഞുതരുന്നത്. പാവം രാഹുലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ആരൊക്കെയോ പറയുന്നത് ഏറ്റുചൊല്ലുന്ന അദ്ദേഹത്തോട് സഹതപിക്കാനല്ലേ കഴിയൂ.
മറ്റൊന്ന് രാഹുൽ പറഞ്ഞത്, നരേന്ദ്ര മോഡി സർക്കാരിന് കീഴിൽ ഇന്ത്യ വലിയ ഭീഷണി നേരിടുന്നു എന്നതാണ്. അത് ജാതീയതയും ഭീകരവാദവുമാണ് എന്നും. ഭരണകൂടത്തെ എതിർക്കുന്ന മാധ്യമ പ്രവർത്തകർ, സാമൂഹ്യ നിരീക്ഷകർ എന്നിവർ കൊലചെയ്യപ്പെടുന്നു; ജാതീയമായ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നു, ദളിതർ പീഡിപ്പിക്കപ്പെടുന്നു, കൊലചെയ്യപ്പെടുന്നു ……. കഴിഞ്ഞകാലത്ത് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് റാലികളിൽ വിളിച്ചുകൂവിയതൊക്കെ ബഹ്‌റൈനിലും ആവർത്തിച്ചു. യഥാർഥത്തിൽ മഹാരാഷ്ട്രയിൽ വർഗീയ – ജാതീയ കലാപമുണ്ടാക്കാൻ ശ്രമിച്ചത് ആരാണ്….. രാഹുലിന്റെ പുതിയ സുഹൃത്തുക്കളല്ലേ. ആരാണ് ഗുജറാത്തിൽ വർഗീയതയും ജാതീയതയും തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചത് …. ഇതേ കോൺഗ്രസും രാഹുലുമല്ലേ. ജാതി രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള കറുത്ത പദ്ധതിയല്ലേ കോൺഗ്രസ് നടപ്പിലാക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും?. ഇതൊക്കെ ഇന്ത്യക്ക് വെളിയിൽ ചെന്ന് വിളിച്ചുകൂവുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആ നിലയിലേക്ക് ഒരു കാലത്തും ഇന്ത്യൻ രാഷ്ട്രീയം തരം താനിരുന്നില്ല; രാഹുൽ അതിനെ ആ നിലയിലേക്ക് എത്തിച്ചിരിക്കുന്നു.
ചിദംബരം പറഞ്ഞത് , മണിശങ്കർ
നേരത്തെ വിളിച്ചുകൂവിയത്
അതിർത്തിക്കപ്പുറത്ത് , ഇന്ത്യയുടെ ശത്രുക്കൾ, ഇന്നിപ്പോൾ വലിയ പ്രതിസന്ധിയിലാണ് എന്നതാർക്കാണ് അറിയാത്തത് . ട്രംപ് ഭരണകൂടം സ്വീകരിച്ച ശക്തമായ നടപടികൾ അവരെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സാമ്പത്തിക- പ്രതിരോധ സഹായങ്ങൾ ഇല്ലാതായത് മാത്രമല്ല പ്രശ്നം. ലോകം മുഴുവൻ അവർ ഇപ്പോൾ തുറന്നുകാട്ടപ്പെട്ടില്ലേ. ആ ചീത്തപ്പേരു് മാറിക്കിട്ടാൻ ഒരു രാജ്യത്തിന് ഇനി എത്രകാലം വേണ്ടിവരും. അപ്പോഴാണ് ചില കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനുവേണ്ടി രംഗത്തുവന്നത്. പി ചിദംബരവും കപിൽ സിബലുമാണ് ….. അവർ ഇന്ത്യൻ സുരക്ഷാസേനയുടെയും മറ്റും ആത്മവീര്യം തകർക്കാനുദ്ദേശിച്ചുകൊണ്ട് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനകൾ, അവരിൽ ഒരാളെഴുതിയ ലേഖനം . യാഥാർഥത്തിൽ പാക്കിസ്ഥാനെ സഹായിക്കാനല്ലേ അത്, സംശയമില്ലല്ലോ. ഹിതപരിശോധന നടത്താൻ അനുവദിക്കാത്തതാണ് ജമ്മുകാശ്മീരിലെ പ്രശ്നമെന്നല്ലേ ചിദംബരം പറഞ്ഞത്. ഇന്ത്യൻ പാർലമെന്റ് തള്ളിക്കളഞ്ഞ നിലപാടാണ് ചിദംബരം ഇപ്പോൾ ഉന്നയിക്കുന്നത്. യഥാർഥത്തിൽ പാക്കിസ്ഥാന്, അതും ഈ പ്രതിസന്ധിഘട്ടത്തിൽ, വിളിച്ചുകൂവാനും ആഹ്ലാദിക്കാനുമുള്ള അവസരമല്ലേ അതിലൂടെ നൽകിയത്. ഇതൊക്കെയാണ് മുൻപ് മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ ചെന്നും മറ്റും വിളിച്ചുപറഞ്ഞിരുന്നത്. മോദിയെ പരാജയപ്പെടുത്താൻ പാകിസ്താന്റെ സഹായം തേടുകയാണ് മണിശങ്കർ അയ്യർ ചെയ്തതെങ്കിൽ വിദേശരാജ്യത്ത് ചെന്ന് സഹായം അഭ്യർത്ഥിക്കുകയാണ് രാഹുൽ ചെയ്യുന്നത്. ‘ലജ്ജാകരം’ എന്നല്ലാതെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ തറ വേലക്കാരെ എങ്ങിനെയാണ് വിശേഷിപ്പിക്കുക.
മോഡി സർക്കാരിന് തൊട്ട് മുന്പത്തെ പത്ത് വർഷം രാജ്യം ഭരിച്ചിരുന്നത് ആരാണ് എന്നത് കോൺഗ്രസ് അധ്യക്ഷൻ മറന്നോ. അന്ന് യുപിഎയുടെ അധ്യക്ഷ ആരായിരുന്നു; സ്വന്തം മാതാവ് തന്നെയല്ലേ?. അക്കാലത്തു നടന്ന കുംഭകോണങ്ങളുടെ ചരിത്രം രാജ്യം മറന്നുവെന്നാണോ രാഹുൽ പ്രഭൃതികൾ കരുതുന്നത്?. ബൊഫോഴ്‌സ് കുംഭകോണം നടന്നത് രാഹുലിന്റെ പിതാവിന്റെ കാലത്തല്ലേ…….അന്ന് അദ്ദേഹത്തിന്റെ അടുക്കളയിൽ നിരങ്ങിനടന്നിരുന്ന ഒട്ടാവിയോ ക്വത്തറോക്കിക്ക് രാഹുലിന്റെ അമ്മയുമായുള്ള അടുപ്പം എന്തായിരുന്നു?. അതൊന്നും മോദിയുടെ കീഴിൽ നടക്കുന്നില്ല. അഴിമതിയുടെ കേസുകെട്ടുകൾ ഒന്നും ഇപ്പോഴില്ല. മാത്രമല്ല മോഡി ഭരണത്തിൽ സമ്പദ് ഘടന സുക്ഷക്തമായി. സബ്‌സിഡി തട്ടിപ്പും വെട്ടിപ്പും വഴിമാത്രം രാജ്യത്തിന്റെ ഖജനാവിന് കിട്ടിയത് 64,000 കോടിയാണ്. രാഹുലിന്റെ കാലത്ത് കുംഭകോണങ്ങൾ മാത്രം നടന്നപ്പോൾ ഖജനാവ് നിറയുന്ന കാഴ്ചയാണ് ബിജെപി സർക്കാരിന്റെ കാലത്തുണ്ടായത്. ഇനി ഇപ്പോഴത്തെ സമ്പദ് ഘടനയെക്കുറിച്ച് ; ഒരു സൂചന മാത്രം ഞാൻ നൽകാം; ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത് റെക്കോർഡ് ട്രാക്ടറുകളാണ്. ഇതിനു മുൻപ്, ഇത്രയേറെ ട്രാക്ടറുകൾ വിറ്റഴിക്കപ്പെട്ടത് 2014 -15 ലാണ് , 6. 30 ലക്ഷം. ഈ സാമ്പത്തിക വര്ഷം ഇതുവരെ 6. 50 ലക്ഷമായിരിക്കുന്നു. സാമ്പത്തിക വർഷം പിന്നിടുമ്പോൾ അത് സർവകാല റെക്കോർഡ് ആവും. എന്തിന്റെ സൂചനയാണിത്. ഇന്ത്യയുടെ സാമ്പത്തിക രംഗം സുരക്ഷിതമാണ്, കാർഷിക മേഖല പ്രതീക്ഷയിലാണ് എന്നതൊക്കെയല്ലേ. തൊഴിലില്ലായ്മയെക്കുറിച്ചുകൂടി. മോഡി സർക്കാർ ഇതുവരെ 40. 50 യുവാക്കൾക്കാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ തൊഴിൽ പരിശീലനം നൽകിയത്. അഞ്ച് ലക്ഷം യുവാക്കൾ ഇപ്പോൾ തൊഴിൽ പരിശീലനത്തിലാണ്. മുദ്ര വായ്പ പ്രകാരം തൊഴിൽ ലഭിച്ചത് ഏതാണ്ട് ഒൻപതര കോടി പേർക്കാണ്. അതിൽ ഏതാണ്ട് അറുപത് ശതമാനം പേര് സ്ത്രീകളാണ്. എന്താണ് അത് കാണിക്കുന്നത്. അത്രയും പേർക്ക് തൊഴിൽ ലഭിച്ചു എന്നതല്ലേ?.
ദളിത് പീഡനം, അസഹിഷ്ണുതയും എതിർക്കുന്നവരെ കൊലപ്പെടുത്തുന്നതും …… ഇതൊക്കെ ഇന്ത്യയിൽ പറഞ്ഞാൽ ആരും വിശ്വസിക്കാത്തതുകൊണ്ടാവണം വിദേശത്തു വിളമ്പാൻ രാഹുൽ തീരുമാനിച്ചത്. ഇന്ത്യൻ പാർലമെന്റിൽ ബിജെപിക്ക് 79 ദളിത് എംപിമാരാണുള്ളത്. ഇന്ത്യയൊട്ടാകെ 543 ദളിത് എംഎൽഎ -മാർ ആ പാർട്ടിക്കുണ്ട്. തങ്ങൾക്ക് ഒരു രാഷ്ട്രപതിയെ സ്വന്തം നിലക്ക് നിശ്ചയിക്കാൻ കഴിഞ്ഞപ്പോൾ അവർ തിരഞ്ഞെടുത്തത് ദളിതനെയാണ് . ഇതൊക്കെ രാജ്യം കാണുന്നില്ലേ. ഇനി ഒരു കണക്ക് കൂടി. ഏറ്റവുമധികം ദളിത് പീഡനങ്ങൾ, ദലിതർക്കെതിരായ അതിക്രമങ്ങൾ അരങ്ങേറിയത് യുപിഎ സർക്കാരിന്റെ കാലഘട്ടത്തിലാണ്. 2009-ലത് 33,594, 2010-ൽ 32,712, 2011-ൽ 33,719, 2012-ൽ 33,655, 2013 -ൽ 39, 408 എന്നിങ്ങനെയാണ് ആ കണക്ക്. അതായത് അക്കലത്ത് ഏതാണ്ട് 94 അക്രമസംഭവങ്ങൾ ദലിതർക്കെതിരെ ഇവിടെ അരങ്ങേറിയിരുന്നു. മറ്റൊന്ന്, അസഹിഷ്ണുതയുടെ കാര്യം. രാഷ്ട്രീയമായ അസഹിഷ്ണുതയല്ലേ ഇപ്പോൾ രാഹുൽ അടക്കമുള്ളവർ പ്രകടിപ്പിക്കുന്നത്?. ചില ദൗർഭാഗ്യകരമായ കൊലപാതകങ്ങൾ ഇക്കാലത്തു ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ നടന്നത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അല്ലെ. ഗൗരി ലങ്കേഷിന്റെ അടക്കം. പ്രതികളെ പിടിക്കാൻ എന്താണ് താമസം?. ആരാണ് അതിനെതിര് നിൽക്കുന്നത്?. കോൺഗ്രസ് തന്നെയല്ലേ? അവരാണിപ്പോൾ പുരപ്പുറത്ത് കയറിയിരുന്ന് അസത്യങ്ങൾ വിളിച്ചുകൂവുന്നത്.
അവസാനമായി, എന്തൊക്കെ പറഞ്ഞാലും വിദേശത്ത് ചെന്ന് ഇൻഡ്യക്കാർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കരുതായിരുന്നു. അതാണ് രാഹുൽ ചെയ്തത്. അത് നാളെ വലിയ ഭവിഷ്യത്ത് ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്വം ആർ ഏറ്റെടുക്കും?. ഒന്നുകൂടി. ചില ഇന്ത്യൻ സംഘടനകളാണ്, അതിൽ കുറെയേറെ മലയാളികളും, ഇത്തരമൊരു വേദി കോൺഗ്രസിനായി ബഹ്‌റൈനിൽ ഒരുക്കിയത്. അവരുടെ ലക്‌ഷ്യം വ്യക്തമാണ്. ചിലമത സംഘടനകളും അവരുടെ കൂടെയുണ്ട് . ഇതൊക്കെ ഇന്ത്യ സർക്കാരും തിരിച്ചറിയണം. ഇത്തരക്കാർ ബിജെപിയെ പ്രീണിപ്പിക്കാനും ശ്രമിച്ചിരുന്നു എന്നത് ഡൽഹിയിലുള്ളവർ മറന്നുകൂടാ.
-കെവിഎസ് ഹരിദാസ്
Post Your Comments