ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ ഹജ്ജ് തീര്‍ത്ഥാടനം ചെയ്യാന്‍ ആഗ്രഹിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി. കേന്ദ്രത്തിന്റെ പുതിയ പദ്ധതിയ്ക്ക് സൗദി അനുമതി നല്‍കി . ഹജ് തീര്‍ഥാടകരെ കടല്‍മാര്‍ഗം ജിദ്ദയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കാണ് സൗദി അറേബ്യ പച്ചക്കൊടി കാട്ടിയത്. 23 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്നു കടല്‍മാര്‍ഗമുള്ള ഹജ് തീര്‍ഥാടനം പുനരാരംഭിക്കുന്നത്. ഇതോടെ വിമാനയാത്രയെക്കാള്‍ കുറഞ്ഞ ചെലവില്‍ ഹജ് തീര്‍ഥാടകര്‍ക്കു സൗദിയില്‍ എത്തിച്ചേരാന്‍ സാധിക്കും.
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൗദിയിലെ ഹജ്/ഉംറ വകുപ്പുമന്ത്രി മുഹമ്മദ് സലെ ബിന്‍ താഹെര്‍ ബെന്റനും തമ്മില്‍ മെക്കയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. ഹജ് തീര്‍ഥാടനം സംബന്ധിച്ച വാര്‍ഷിക ഉഭയകക്ഷിക്കരാറില്‍ ഇരുവരും ഒപ്പുവച്ചു. എന്നാല്‍, കടല്‍മാര്‍ഗമുള്ള ഹജ് തീര്‍ഥാടനം എന്നാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ഇതു സംബന്ധിച്ച സാങ്കേതികത്വം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തശേഷം വരുംവര്‍ഷങ്ങളില്‍ കടല്‍യാത്ര പുനരാരംഭിക്കുമെന്നു നഖ്വി അറിയിച്ചു.
വിപ്ലവകരവും ദരിദ്രരോട് ആഭിമുഖ്യമുള്ളതും തീര്‍ഥാടകസൗഹൃദപരവുമാണു തീരുമാനമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വ്യോമമാര്‍ഗം ഹജ്ജിനു പോകുന്നവര്‍ക്കുള്ള സബ്‌സിഡി 2022 ആകുമ്പോഴേയ്ക്കും അവസാനിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണു ബദല്‍ യാത്രാമാര്‍ഗത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്. കടല്‍മാര്‍ഗം തുറക്കുമ്പോഴും വിമാനക്കൂലി താങ്ങാന്‍ കഴിയുന്നവര്‍ക്കു വ്യോമമാര്‍ഗം ഹജ്ജിനു പോകാമെന്നു മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ 1.70 ലക്ഷമാണ് ഇന്ത്യയുടെ ഹജ് ക്വാട്ട.
മുംബൈയില്‍നിന്നു കപ്പലില്‍ ജിദ്ദയിലെത്താന്‍ 12-15 ദിവസമാണെടുത്തിരുന്നത്. 1995-ലാണ് ഈ രീതി അവസാനിപ്പിച്ചത്. എന്നാല്‍, 5,000 പേരെവരെ വഹിക്കാവുന്ന ആധുനിക കപ്പലുകള്‍ക്കു മുംബൈയില്‍നിന്നു ജിദ്ദയിലെത്താന്‍ മൂന്നോ നാലോ ദിവസം മതിയാകും. ഇന്ത്യയില്‍നിന്നുള്ള മുസ്ലിം സ്ത്രീകള്‍ക്ക് ആണ്‍തുണ (മെഹ്‌റം) കൂടാതെ ഹജ്ജിനു പോകാനും ഇതാദ്യമായി അവസരമൊരുങ്ങുകയാണെന്നു മന്ത്രി നഖ്വി പറഞ്ഞു. ഇവര്‍ക്കായി പ്രത്യേക യാത്രാ-താമസസൗകര്യങ്ങളും വനിതാ ഹജ് അസിസ്റ്റന്റുമാരും ഉണ്ടാകും. നിലവില്‍ മെഹ്‌റം കൂടാതെ ഹജ്ജിനു പോകാന്‍ 1,300 വനിതകള്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കു നറുക്കെടുപ്പു കൂടാതെ നേരിട്ടു ഹജ്ജിന് അവസരം ലഭിക്കും.
Post Your Comments