തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തിൽ ബോണക്കാട് മലയിലേക്ക് നടത്തിയ യാത്ര കോടതി വിധിയുടെ ലംഘനമാണെന്ന് പോലീസ്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് വിശ്വാസികളെ തടയുന്നത്. ഇവിടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. പുരോഹതരും ഈ സംഘത്തിലുണ്ട്. പോലീസിനെതിരെ വിശ്വാസികള്‍ കല്ലേറും നടത്തി.
ബാരിക്കേഡുകള്‍ തകര്‍ത്ത് വിശ്വാസികള്‍ കുരിശുമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാധിനിത്യം ഉറപ്പിച്ച് കൊണ്ടാണ് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികളെ കൂട്ടിയെത്തിയത്. ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കുരിശ് നേരത്തെ ചിലര്‍ പൊളിച്ച് നീക്കിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നടത്തിയ യാത്ര പോലീസ് തടയുകയായിരുന്നു. വനഭൂമിയില്‍ കുരിശ് സ്ഥാപിക്കുകയോ ആരാധന നടത്തുകയോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. പ്രതിഷേധക്കാര്‍ പോലീസിന് നേര്‍ക്ക് . കല്ലെറിഞ്ഞതോടെ പോലീസും തിരികെ കല്ലേറ് നടത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
തങ്ങള്‍ അന്‍പത് വര്‍ഷമായി നടത്തി വരുന്ന തീര്‍ത്ഥയാത്രയാണിത് എന്നാണ് വിശ്വാസികളുടെ വാദം. സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും കുരിശ് പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍.
Post Your Comments