കോൺഗ്രസ് നേതാക്കളുടെ അഴിമതി, വഴിവിട്ട ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിലെ അന്വേഷണവും നിയമ നടപടികളും വൈകുന്നത് സർക്കാരിനും ബിജെപിക്കും ദോഷകരമാവുന്നുണ്ടോ?. എന്തുകൊണ്ടാവാം പല വിഷയത്തിലും വിചാരിച്ചതിലേറെ കാലതാമസം വന്നുചേരുന്നത്?. രാഹുൽ ഗാന്ധി മുതൽ റോബർട്ട് വാദ്രയിലൂടെ പി ചിദംബരത്തിലും മകനിലും അഹമ്മദ് പട്ടേലിലും മറ്റുമെത്തിനിൽക്കുന്നതാണ് ഈ ആക്ഷേപങ്ങളിൽ ഏറെയുമെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നില്ലേ ?. ഡോ. സുബ്രമണ്യൻ സ്വാമി പറയുന്നത് പോലെ സർക്കാരിന്റെ പക്ഷത്ത് ഇക്കാര്യത്തിൽ അലംഭാവം കാണുന്നുണ്ടോ?. അതോ നിയമം നിയമത്തിന്റെ വഴിക്കും നീതി നീതിയുടെ വഴിക്കുമെന്ന ചിന്തയിലാണോ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും?. ഇത്തരത്തിലുള്ള കാലതാമസങ്ങൾ ഉണ്ടാവുന്നതിനിടയിലാണ് കോൺഗ്രസ് നേതാക്കൾ നക്സലുകളും വിഘടനവാദികളുമൊക്കെയുമായി കൈകോർത്തുകൊണ്ട് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ജാതീയ കലാപത്തിന് ശ്രമിക്കുന്നത് എന്നത് ഗൗരവതാരമല്ലേ………….. ഹീനമായ ഇത്തരം നീക്കങ്ങൾ കാണാതെ പോകാനാവുമോ?. അതൊക്കെ കൂട്ടിവായിക്കേണ്ടതല്ലേ?.
ഇവിടെ വിവിധ വിഷയങ്ങളുണ്ടല്ലോ; അവ ഓരോന്നായി പരിശോധിക്കാം. ആദ്യത്തേത് രാഹുൽ ഗാന്ധിക്കെതിരായ ഗുരുതരമായ പരാതിതന്നെയാണ് . ഇംഗ്ലണ്ടിൽ ഒരു കമ്പനിയുടെ ഡയറക്ടർ ആയി രാഹുൽ പ്രവർത്തിച്ചു എന്നും അത് സംബന്ധിച്ച രേഖകളിൽ തൻ ബ്രിട്ടീഷ് പൗരനാണ് എന്ന് കാണിച്ചിട്ടുണ്ട് എന്നുമാണ് പരാതി. 2015ലാണ് ഇത് ആദ്യമായി കേട്ടത്, അതാവട്ടെ ഡോ. സുബ്രമണ്യൻ സ്വാമിയിലൂടെയും . സ്വാമിയേ അറിയാവുന്നവർക്കറിയാം, എന്തെങ്കിലും കഴമ്പുള്ളതല്ലെങ്കിൽ അദ്ദേഹം പരസ്യമായി ഉന്നയിക്കില്ല എന്ന്. അതുകഴിഞ്ഞ് ഈ ആരോപണം സംബന്ധിച്ച രേഖകളുമായി സ്വാമി വരുന്നതും രാജ്യം കണ്ടു. അദ്ദേഹം അത് ലോകസഭാ സ്പീക്കർക്ക് നൽകി…… വിദേശ പൗരത്വമുണ്ടെന്ന് രാഹുൽ സ്വയം എഴുതിക്കൊടുത്ത സ്ഥിതിക്ക് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ലോകസഭാംഗം ആവാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നുമാണ് സ്വാമി ആവശ്യപ്പെട്ടത്. ചട്ടങ്ങൾ പ്രകാരം ആ പരാതി സ്പീക്കർ ലോകസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു.
രാഹുൽ ഗാന്ധി ഡയറക്ടർ ആയിരുന്ന ആ ബ്രിട്ടീഷ് കമ്പനിയുടെ പേർ ബാക്കോപ്സ് ലിമിറ്റഡ് എന്നാണ്. 2003 ലാണ് കമ്പനി രജിസ്റ്റർ ചെയ്തത് ; 2009 ൽ അത് പിരിച്ചുവിടുകയും ചെയ്തു. ബ്രിട്ടീഷ് പൗരനാണ് എന്ന് എഴുതിക്കൊടുത്ത് , ബ്രിട്ടനിലെ ഒരു മേൽവിലാസം കാണിച്ചുകൊണ്ടാണ് രാഹുൽ ഡയറക്ടർ ആയുള്ള കമ്പനി രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ആ സമയത്ത്, ഡിസോലുഷൻ അപ്പ്ലിക്കേഷനിൽ ( പിരിച്ചുവിടാനുള്ള അപേക്ഷയിൽ ) പോലും രാഹുൽ പറഞ്ഞിരിക്കുന്നത് താൻ ബ്രിട്ടീഷ് പൗരനാണ് എന്നാണ്. രണ്ട് പ്രശ്നങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്ന്: ഇരട്ട പൗരത്വം ഇന്ത്യൻ ഭരണഘടന അംഗീകരിക്കില്ല; രണ്ടു് : ഒരു ഇന്ത്യൻ പാർലമെന്റ് അംഗത്തിന് മുൻകൂർ അനുമതി കൂടാതെ വിദേശത്തു ഒരു കമ്പനി രൂപീകരിക്കാൻ പാടില്ല; അങ്ങിനെയുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവേളയിൽ സത്യവാങ് മൂലത്തോടൊപ്പം വ്യക്തമാക്കുകയും വേണം. ഇത് രണ്ടും രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കുന്നു.
You may also like: പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ് അമേരിക്ക; മറ്റൊരു ഇന്ത്യൻ നയതന്ത്ര വിജയം ചൈനീസ് നീക്കങ്ങൾക്കിടയിൽ ഇത് ഇന്ത്യക്ക് കരുത്തേകും മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഇവിടെ നാം കാണേണ്ട കാര്യം, രാഹുൽ ബ്രിട്ടനിൽ ഒപ്പിട്ട് കൊടുത്തിട്ടുള്ള രേഖകൾ കൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ ആക്ഷേപം സ്ഥാപിക്കാൻ കഴിയും. അതൊക്കെ ഡോ. സ്വാമിയുടെ പക്കലുണ്ട്. അദ്ദേഹം കഴിഞ്ഞ വര്ഷം അത് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നൽകുകയുണ്ടായി. എന്നാൽ ഇതുവരെ അക്കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. രാഹുലിനോട് വിശദീകരണം ചോദിച്ചുകൊണ്ട് എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു. അത്രയേ ലോകം പിന്നീട് അറിഞ്ഞിട്ടുള്ളൂ. എൽകെ അദ്വാനിയാണ് എത്തിക്സ് കമ്മിറ്റി ചെയർമാൻ എന്നതും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ആരാണിത് വൈകിക്കുന്നത്, ആർക്കാണ് രാഹുലിനെതിരായ പരാതി തീർപ്പാക്കുന്നതിൽ താല്പര്യമില്ലായ്മ…..?.
ഇനി രാഹുലിന്റെ ബന്ധുവിലേക്ക് വരാം. റോബർട്ട് വാദ്രയുടെ കാര്യമാണ് സൂചിപ്പിക്കുന്നത്. അയാൾ യുപിഎ സർക്കാരിന്റെ കാലത്ത് ഹരിയാനയിലും മറ്റും നടത്തിയ ഭൂമി ഇടപാടുകൾ, അതിന് അന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഴിവിട്ട് പിന്തുണയും സഹായവും നൽകിയത്, അതിലൂടെ കൊള്ളലാഭം ഉണ്ടാക്കിയത്, …….. ഇതൊക്കെ എത്രയോ വർഷമായി നാം കേൾക്കുന്നു. ഈ ഭൂമിതട്ടിപ്പിനെതിരെ അശോക് ഖേംക എന്ന ധീരനായ ഐഎഎസ് ഓഫിസർ നടത്തിയ നീക്കങ്ങൾ ആർക്കാണ് വിസ്മരിക്കാനാവുക. അവസാനം ഹരിയാനയിൽ ബിജെപി അധികാരമേറ്റപ്പോൾ അതൊക്കെ അന്വേഷിക്കാനായി ഒരു ജുഡീഷ്യൽ കമ്മീഷൻ നിയമിതമായി; റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്എൻ ധിൻഗ്രയാണ് കമ്മീഷൻ. അദ്ദേഹം ക്രമക്കേടുകൾ മുഴുവൻ കണ്ടെത്തി. പുറത്തുവന്ന വാർത്തകൾ അനുസരിച്ച് സോണിയ ഗാന്ധിയുടെ മരുമകൻ, വാദ്ര , വഴിവിട്ട് ഉണ്ടാക്കിയത് ഏതാണ്ട് 50. 5 കോടിരൂപയാണ്. അതും ഒരു നയാപൈസ ചിലവിടാതെ എന്നാണത്രെ കമ്മീഷൻ കണ്ടെത്തിയത്. എല്ലാ നിയമങ്ങളും വാദ്രയുടെ മുന്നിൽ കാറ്റിൽ പറന്നു എന്നതാണ് കണ്ടെത്തൽ. ഒരു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കിട്ടിയാൽ സർക്കാരിന് എഫ്‌ഐആർ ഇടാം, നടപടികൾ തുടങ്ങാം. എന്നാൽ പിന്നീട് ഒന്നും കേൾക്കുന്നില്ല. വാദ്രമാർ ഇന്നിപ്പോൾ വാഴ് ത്തപ്പെട്ടവരെപ്പോലെ രാജ്യമെമ്പാടും (അതോ ലോകമെമ്പാടുമൊ) നടക്കുന്നു.
മറ്റൊരാൾ പി ചിദംബരവും കാർത്തിക് ചിദംബരവുമാണ്. എത്രയോ അഴിമതി ആരോപണങ്ങൾ. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് ചിദംബരത്തിന്റെ മകൻ എത്തുന്നില്ല. അയാൾ കോടതിയുടെ അനുമതിയോടെയോ അല്ലാതെയോ വിദേശത്തേക്ക് പറക്കുന്നു. വിദേശത്ത് പോയി അവിടെയുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ ജൂനിയർ ചിദംബരം ക്ലോസ് ചെയ്തകാര്യമൊക്കെ സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചതാണ്. എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് സമൻസ് അയച്ചപ്പോഴും സ്ഥിതി ഭിന്നമായിരുന്നില്ല. അഴിമതിക്കേസിൽ പെട്ട ഒരാൾക്ക് ഇത്രമാത്രം സ്വാതന്ത്ര്യംഎവിടെയെങ്കിലുംകിട്ടുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ സംശയമാവും മറുപടിക്ക്. ഒരു സാധാരണക്കാരൻ ആയിരുന്നുവെങ്കിൽ സിബിഐയും ഇ.ഡിയുമൊക്കെ എങ്ങനെയാവും പെരുമാറിയിട്ടുണ്ടാവുക? കോടതിയിൽ എന്താവും പറഞ്ഞിട്ടുണ്ടാവുക?. അറിയില്ല എന്നെ ഇപ്പോൾ പറയാനാവൂ. എന്തായാലും കാര്യങ്ങൾ സുഖകരമാണ് എന്ന് പറയുകവയ്യല്ലൊ. കഴിഞ്ഞില്ല, സാക്ഷാൽ അഹമ്മദ് പട്ടേലുമുണ്ട്. ഗുരുതരമായ ആരോപണങ്ങൾ ആണ് ആ കോൺഗ്രസ് നേതാവിനെതിരെയുമുള്ളത്. കോടികൾ ഉൾപ്പെടുന്നതാണ് അതിലുള്ളത്. അതും മുന്നോട്ട് പോകുന്നോ എന്നതറിയില്ല. എന്നാൽ കോടതികളിൽ എന്തെങ്കിലും ഗൗരവത്തിലായതായി, നടപടികൾ നടക്കുന്നതായി പ്രത്യക്ഷത്തിൽ കാണുന്നില്ല. കോടതിയുടെ കുറ്റമാണ് എന്ന് പറയാനാവില്ലല്ലോ. അങ്ങിനെ കരുതാനും വയ്യ. 2 ജി കേസിലെ വിധിക്ക് ശേഷവും അങ്ങനെത്തന്നെയാണ് ഒരു ഇന്ത്യൻ പൗരൻ വിശ്വസിക്കേണ്ടത്.
കർണാടകത്തിൽ, തമിഴ്‌നാട്ടിൽ, തെലങ്കാനയിൽ ഒക്കെ പലതും നടക്കുന്നത് നാംകണ്ടിരുന്നു. റോബർട്ട് വാദ്രയുടെ തന്നെ ഒരു ഇടപാടുമായി ബന്ധപ്പെട്ട ബിക്കാനീറിൽ, രാജസ്ഥാനിൽ, ചില അറസ്റ്റുകൾ നടന്നതും കേട്ടതാണ്. എന്നാൽ അതിലേറെ പ്രധാനമെന്ന് കരുതപ്പെടുന്ന കേസുകളിൽ പോരായ്മയുണ്ടോ എന്ന് സംശയിക്കാൻ സുബ്രമണ്യൻ സ്വാമിയെപ്പോലുള്ളവർ പോലും തയ്യാറാവുമ്പോൾ സാധാരണക്കാരന് മറ്റെന്താണ് തോന്നുക?.
ഇവിടെ ഇപ്പോഴും ഞാൻ ശുഭാപ്തി വിശ്വാസിയാണ്. അതാണ് നേരത്തെ സൂചിപ്പിച്ചത്, നരേന്ദ്ര മോഡി നിയമത്തെ നിയമത്തിന്റെ വഴിക്കും നീതിയെ നീതിയുടെ വഴിക്കും വിടുകയാവും എന്ന്. ആരോടും പ്രത്യേകം പകയോ പരിഭവമോ വേണ്ട. നിയമം അതിനനുസൃതമായി പോകുമ്പോൾ വേണ്ടതൊക്കെ വേണ്ടപോലെ നടക്കുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും. അത്രയേറെ അനുഭവങ്ങളുള്ള ഒരു നേതാവാണല്ലോ നമ്മുടെ പ്രധാനമന്ത്രി, നരേന്ദ്ര മോഡി. പിന്നെ ഓരോന്നിനും ഓരോ സമയമുണ്ടല്ലോ എന്നും കരുതിയിരിക്കാം. പക്ഷെ, ഇതേ ശക്തികളാണ് ഇന്നിപ്പോൾ മഹാരാഷ്ട്രയിൽ കലാപത്തിന് തയ്യാറായത്, തിരി കൊളുത്തിയത്. അവരുടെ തണലിലാണ് ചിലരൊക്കെ കലാപകാരികളെ സംഘടിപ്പിച്ചത് . രാജ്യത്ത് വിഘടനവാദത്തിന്റെ വിത്ത് പാകുന്നത്. ഗുജറാത്തിൽ അവരതിന് ശ്രമിച്ചു. ഇപ്പോൾ മഹാരാഷ്ട്രയിലേക്ക് . 19 സംസ്ഥാനങ്ങളിൽ ഇന്നിപ്പോൾ ബിജെപി- എൻഡിഎ ഭരണമാണ്. അവിടെയൊക്കെ അവരതിന് ശ്രമിക്കുമെന്ന് വേണം കരുതാൻ. അതിന് പലർക്കും വിദേശ സഹായം പോലുംലഭിക്കുന്നുണ്ടാവണം എന്ന് കരുതുന്നവരെ ഇന്നിപ്പോൾ നമുക്ക് കാണാം……. സമൂഹ മാധ്യമങ്ങളിലെ വിവിധ പ്രതികരണങ്ങൾ നോക്കൂ. പലരുടെയും ‘ട്രാക്ക് റെക്കോർഡ് ‘ അത്ര നല്ലതുമല്ലല്ലോ. അതൊക്കെ സർക്കാർ കണക്കിലെടുത്തെ തീരൂ. ഇവിടെയും സർക്കാർ വീഴ്ചവരുത്തുന്നു എന്നൊന്നും കരുതാൻ എനിക്കാവില്ല, എന്നാൽ വേഗത പോരെന്ന് കരുതുന്നവരെ കാണാതെ പോകാനുമാവുന്നില്ല.
മഹാരാഷ്ട്രയിൽ കലാപത്തിന് ശ്രമിക്കുന്നവർ ……… അല്ലെങ്കിൽ കലാപത്തിന് ആഹ്വാനവും മറ്റും നൽകിയതിന് പ്രതിക്കൂട്ടിലായവർ ആരൊക്കെയാണ് . മുൻപ് ദൽഹി ജെഎൻയുവിലും മറ്റും വിഘടനവാദ മുദ്രാവാക്യം ഉയർത്തിയ അതെ കൂട്ടർ…… അവർക്കൊപ്പം എന്നും സംശയത്തിന്റെ നിഴലിൽ നിന്നിട്ടുള്ള ജിഗ്നേഷ് മിവാനിയും. ഇനി അവർ അവലംബിച്ച രീതിയോ?. ഡൽഹിയിൽ അവർ പദ്ധതിയിട്ടതാണ് ഇപ്പോൾ പൂനെയിൽ നടപ്പിലാക്കിയത്. ഹൈദരാബാദിൽ അവർ ലക്ഷ്യമിട്ടതും അതൊക്കെയാവണം. വിഘടനവാദത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തുക, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുക, രാജ്യത്തെ വെട്ടിമുറിക്കണം എന്ന് ശബ്ദമുയർത്തുക …… ഇതൊക്കെയല്ലേ മഹാരാഷ്ട്രയിൽ കണ്ടതും കേട്ടതും.
അവസാനമായി ഒന്നുകൂടി: മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടി നീലക്കൊടിയുമായി ഓടുകയാണ്…… വിഘടനവാദ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർക്കൊപ്പം. അയാളുടെ പിതാവിന്റെ സുഹൃത്ത് ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ പിടിച്ചുനിർത്തി. ” നീ എവിടെപ്പോകുന്നു; എന്താണിന്ന് കോളേജിൽ പോയില്ലേ….”. ചെറുപ്പക്കാരന്റെ മറുപടി. കോളേജിൽ പോയില്ല, ഇവിടെ വന്നാൽ 350 രൂപ തരാമെന്ന് ആ ചേട്ടൻ ( നേതാവിനെ ചൂണ്ടിക്കൊണ്ട് ) പറഞ്ഞു. ആ മനുഷ്യൻ അവനെയും കൂട്ടിയാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പോയതത്രെ. കാശ്മീരിൽ സൈനികർക്കും പോലീസിനുമെതിരെ കല്ലെറിയാൻ പോയവർക്ക് കാശ് കിട്ടിയിരുന്നു. ഇവിടെ റെയിൽവേ സ്റ്റേഷനിൽ പ്രകടനത്തിലും തീവണ്ടി തടയലിനും എത്തിയവർക്കും കിട്ടി പണം. അതല്ലാതെ ഇതിൽ ഒരു ദളിതുമില്ല വിപ്ലവവുമില്ല.
Post Your Comments