കഴിഞ്ഞ ദിവസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതികൾ സംബന്ധിച്ച വ്യക്തമായ ചില സൂചനകളാണ് നൽകുന്നത് എന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സംശയമുണ്ടാവാനിടയില്ല. ഇന്ത്യയുടെ വിവിധ കോണുകളിലാണ് ആ ഉപ തിരഞ്ഞെടുപ്പുകൾ നടന്നത് എന്നതുകൊണ്ട് തന്നെ രാജ്യത്തിൻറെ പൊതു മൂഡ് , ജനങ്ങളുടെ ചിന്ത, ഏത് ദിശയിലാണ് എന്നതിന്റെ വ്യക്തമായ തെളിവായി കണക്കാക്കാം എന്ന് തോന്നുന്നു. തമിഴ്‌നാട് , പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ആണല്ലോ വോട്ടെടുപ്പുകൾ നടന്നത്. ആകെയുള്ള അഞ്ചിൽ മൂന്നും ബിജെപി കരസ്ഥമാക്കി; ഒരെണ്ണം തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയുടെ ഒരു ഘടകത്തിന്, മറ്റൊന്ന് തൃണമൂൽ കോൺഗ്രസിന്. തമിഴ്‌നാട്ടിലേത് ടിടിവി ദിനകാരന്റെ ഉജ്വല വിജയമാണ്. അരുണാചലിലെ രണ്ട് മണ്ഡലങ്ങളും ബിജെപി നേടിയപ്പോൾ ഉത്തർപ്രദേശിൽ അതേ കക്ഷി അതിന്റെ ആധിപത്യം ആവർത്തിച്ചു. ബംഗാളിൽ തൃണമൂൽ ജയിക്കുകയും സിപിഎം രണ്ടാമതെത്തുകയും ചെയ്തപ്പോൾ ബിജെപി ശക്തമായ സാന്നിധ്യം തെളിയിച്ചു എന്നതാണ് ഏറെ പ്രാധാന്യമർഹിക്കുന്നത് . രാഹുൽ ഗാന്ധി പ്രസിഡന്റ് പദമേറ്റെടുത്തശേഷം കോൺഗ്രസ് ഉജ്വല ഫോമിലാണ് എന്ന് പറഞ്ഞുനടക്കുന്ന കോൺഗ്രസുകാർ ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഒന്നുവിശകലനം ചെയ്യുന്നത് നല്ലതാണ് . ഗുജറാത്തും ഹിമാചൽ പ്രദേശും നഷ്ടപ്പെടുത്തിയ രാഹുൽ ഗാന്ധിക്ക് ഇനിയും തന്റെ പേരിൽ ഒരു വോട്ടു പോലും നേടാനാവുന്നില്ല എന്നതല്ലേ ഇതൊക്കെ കാണിക്കുന്നത്?. വസ്തുത അതാണ്, അത് വിശദമായി പിന്നാലെ പരിശോധിക്കാം.
മാധ്യമങ്ങൾ ഇന്നലെ ഏറെ ഉയർത്തിക്കാട്ടിയത് തമിഴ്‌നാട്ടിലെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് ഫലമാണ്. അവിടെ ഭരണം കയ്യാളുന്ന അണ്ണാ ഡിഎംകെയിലെ പടലപ്പിണക്കങ്ങളുടെ പശ്ചാത്തലത്തിൽ അതിനു പ്രാധാന്യമുണ്ടുതാനും. 40,000 ഓളം വോട്ടിന്റെ ഭൂരിപക്ഷം അവിടെ ടിടിവി ദിനകരന് ( ദിനകരൻ നേടിയത് 89,013 വോട്ട് ) ലഭിച്ചുവെന്നത് ചെറിയകാര്യമല്ല. ഭരണം കയ്യാളുന്ന അണ്ണാ ഡിഎംകെ സ്ഥാനാർഥിക്ക് കിട്ടിയത് 48,306 വോട്ടാണ്. ഡിഎംകെ 24, 651വോട്ടുമായി മൂന്നാമതും ബിജെപിക്ക് 1,417 വോട്ടും. കോൺഗ്രസ് അവിടെ മത്സരിക്കുകപോലുമുണ്ടായില്ല. മത്സരിക്കാൻ കഴിയാത്ത നിലയിലെത്തി രാഹുലിന്റെ പാർട്ടി എന്നതാണല്ലോ അത് കാണിക്കുന്നത്. ഈ ഫലം ദിനകരന്റെ മാത്രമല്ല ജയിലിൽ കഴിയുന്ന ശശികലയുടെ കൂടി നേട്ടമായി ചിത്രീകരിക്കപ്പെടുന്നു. എന്തായാലും കഷ്ടമാണ് എന്ന് പറയാതെ വയ്യ. അഴിമതിയുടെ മൂർത്തിമത്‌ഫലമായി ചിത്രീകരിക്കപ്പെട്ട ഒരാൾ ഇങ്ങനെ ജയിക്കുന്നത് നമ്മുടെ ജനാതിപത്യ സംവിധാനത്തിന്റെ ദുരന്തമാണോ എന്നതുമാറിയില്ല. പണം ഇത്രമാത്രം വാരിവലിച്ചെറിഞ്ഞ ഒരു തിരഞ്ഞെടുപ്പും നടന്നിരിക്കില്ല എന്ന് പറയുന്നവരെയും ഇതിനിടയിൽ കാണുകയുണ്ടായി.
അതൊക്കെ എന്തായാലും ദിനകരൻ ജയിച്ചു; തമിഴ്‌നാട് രാഷ്ട്രീയത്തെ അത് എങ്ങിനെയാണ് ബാധിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. കമലഹാസൻ, രജനികാന്ത് തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ രംഗപ്രവേശവും ഇതിനെയൊക്കെ എങ്ങിനെയാണ് ബാധിക്കുക എന്നതും പ്രവചനാതീതമാണ്. തമിഴ്‌നാട്ടിൽ ബിജെപിക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്. ആ ബോധം അവർക്കുണ്ടാവണം എന്ന് ഓർമ്മിപ്പിക്കുന്നതാണ് ചെന്നൈ നഗരത്തിലെ വോട്ടെടുപ്പ് കാണിക്കുന്നത്. പഴയകാലത്ത് ചെന്നൈ നഗരം ഡിഎംകെയുടെ സാമ്രാജ്യമായിരുന്നു. പക്ഷെ അവിടെ ഡിഎംകെക്ക് നേടാനായത് കാൽ ലക്ഷത്തിൽ താഴെമാത്രം വോട്ട്. കരുണാനിധിക്കും സ്റ്റാലിനും ഒക്കെ ഇത് പ്രശ്നമാവും എന്നതിൽ സംശയമില്ല. 2 ജി കേസിൽ വിധിയുണ്ടായ ദിവസമാണ് വോട്ടെടുപ്പ് നടന്നത്. ആ അഴിമതിക്കേസിൽ രക്ഷപ്പെട്ടതും ഡിഎംകെയെ സഹായിച്ചില്ല എന്നുവേണമല്ലോ വിലയിരുത്താൻ.
അരുണാചൽ പ്രദേശിൽ ഇന്നിപ്പോൾ ബിജെപി സർക്കാരാണുള്ളത്. എന്നാൽ അവിടെനടന്നത് രാഷ്ട്രീയ അട്ടിമറിയാണ് എന്നും ജനങ്ങൾ കോൺഗ്രസിനൊപ്പമാണ് എന്നുമായിരുന്നല്ലോ പ്രതിപക്ഷ നിലപാട്. അത്തരം വാദഗതികൾ ശരിയല്ലെന്നും ജനങ്ങൾ ബിജെപിക്ക് ഒപ്പമാണ് എന്നതുമാണ് അവിടത്തെ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ കാണിച്ചുതരുന്നത്. പക്കെ കേസാങ് , ലികാബാലി എന്നിവയായിരുന്നു രണ്ട് മണ്ഡലങ്ങൾ. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു അവ. അതാണ് ബിജെപി പിടിച്ചെടുത്തത്. ഇതോടെ 60 അംഗ നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 49 ആയി.
യു. പി-യിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റശേഷം ഉണ്ടായ വലിയ വിജയങ്ങളിൽ ഒന്നാണ് സിക്കന്ദ്ര മണ്ഡലത്തിലേത്. ബിജെപിയുടെ അജിത് സിങ് പാൽ 73, 284 വോട്ടുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടിയുടെ സീമ സച്ചൻ 61, 423 വോട്ടുമായി രണ്ടാമതെത്തി; 11, 000 വോട്ടിന്റെ ഭൂരിപക്ഷം. കോൺഗ്രസ് അവിടെ സമാജ്‍വാദി പാർട്ടിയുമായി സഖ്യത്തിലല്ല മത്സരിച്ചത്; അവർക്ക് കിട്ടിയത് വെറും 19, 084 വോട്ട്. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം പാർട്ടിക്ക് എന്ത് നേട്ടമാണ് ഉണ്ടായത് എന്നതിന് ഒരു സാക്ഷ്യപത്രമാണിത്. അമേത്തിയിൽ ദയനീയമായി തോറ്റ കോൺഗ്രസിന് ഒട്ടും മുന്നോട്ട് പോകാനായില്ല. അടുത്തിടെ സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഉജ്വല വിജയം കരസ്ഥമാക്കിയിരുന്നു എന്നതോർക്കുക. രണ്ടെണ്ണം ഒഴികെയുള്ള മഹാനഗരങ്ങൾ ഇന്നിപ്പോൾ ബിജെപിയുടെ കയ്യിലാണ്. ജില്ലാ- താലുക്ക് പഞ്ചായത്തുകളുടെ ഭരണവും അവരുടെ കൈകളിലേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. അതൊക്കെ ജനഹിതമാണ് കാണിച്ചുതരുന്നത്. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ ഉപ തിരഞ്ഞെടുപ്പ് വിജയം.
യു. പിയിലേത് പോലെ പശ്ചിമ ബംഗാളിലും കോൺഗ്രസ് ദയനീയമായി തോൽക്കുന്നതാണ് കണ്ടത്. സബാങ് മണ്ഡലത്തിൽ 64000ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് തൃണമൂൽ കോൺഗ്രസ് കരസ്ഥമാക്കിയത് എന്നത് അവരുടെ ശക്തമായ അടിത്തറ കാണിക്കുന്നു. തൃണമൂൽ സ്ഥാനാർഥിക്ക് 1,06,179 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാമതെത്തിയ സിപിഎമ്മിന് കിട്ടിയത് വെറും 41,987 വോട്ട്. കഴിഞ്ഞതവണ വെറും 5,610 വോട്ടുണ്ടായിരുന്ന ബിജെപി ഇത്തവണ 37,476 വോട്ടുകൾ കരസ്ഥമാക്കി മൂന്നാമത്തെത്തി. 18 ശതമാനമായിരുന്നു അവരുടെ വോട്ട് വിഹിതം. എന്നാൽ രാഹുലിന്റെ സ്ഥാനാരോഹണത്തിന്റെ ആഹ്ലാദത്തിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് വെറും 18, 060 വോട്ടാണ് ; ബി ജെപി നേടിയതിന്റെ പകുതി വോട്ട്മാത്രം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി കൈകോർത്താണല്ലോ ബംഗാളിൽ കോൺഗ്രസ് മത്സരിച്ചിരുന്നത്.
ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടത്, രണ്ട് കാര്യങ്ങളാണ്. ഒന്ന് ബിജെപിയുടെ വളർച്ച, വർദ്ധിക്കുന്ന ജനപിന്തുണ…….. ഗുജറാത്തിനും ഹിമാചലിനും ശേഷം ശക്തമായ നിലയിലേക്ക് ബിജെപി എത്തിനിൽക്കുന്നു എന്നത് ആവർത്തിക്കുകയാണ്. അതിലേറെ പ്രാധാന്യം പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ചയാണ്. അടുത്തകാലത്തായി തൃണമൂൽ കോൺഗ്രസിന് ബദലായി വളരുന്നത് ബിജെപിയാണ് എന്നൊരു പ്രതീതി ഉണ്ടായിരുന്നു. സിപിഎമ്മിന് ഒരു തിരഞ്ഞെടുപ്പിലും മേൽക്കൈ നേടാനാവുന്നില്ല എന്നുമാത്രമല്ല നഷ്ടപ്പെട്ട വോട്ട് വിഹിതം തിരികെ കരസ്ഥമാക്കാനും കഴിഞ്ഞില്ല. കോൺഗ്രസ് ആവട്ടെ തുടർച്ചയായി ദയനീയമായി തോൽക്കുന്നു. പ്രമുഖരായ കോൺഗ്രസുകാർ അവിടെ തൃണമൂൽ കോൺഗ്രസിൽ ചേക്കേറുകയാണ്. അവരെ സ്വന്തം പാർട്ടിയിൽ പിടിച്ചുനിർത്താൻ പോലും കോൺഗ്രസ് ഹൈക്കമാന്റിനാവുന്നില്ല. അതിനിടയിലാണ് മുതിർന്ന തൃണമൂൽ നേതാവ് മുകുൾ റോയ് ബിജെപിയിലെത്തിയത്. അത് സംസ്ഥാന ബിജെപിക്ക് വലിയ പ്രതീക്ഷയും കരുത്തും പകർന്നു. അതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു സബാങ്ങിലെത് . മുകുൾ റോയിയ്ക്ക് ബിജെപിയിലുള്ള പ്രസക്തി ചൂണ്ടിക്കാണിക്കുന്നതായി ഈ വോട്ടിങ് കണക്കുകൾ. മറ്റൊന്ന് തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്നവർക്ക് കടന്നുവരാവുന്ന പാർട്ടി ബിജെപിയാണ് എന്ന പ്രതീതി സൃഷ്ടിക്കാനും ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ചുതരുന്നുണ്ട്. ബംഗാളിൽ ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടിയാണ് ബിജെപി എന്നതാണ് ഇത് കാണിച്ചുതരുന്ന മറ്റൊരു കാര്യം.
ബിജെപി യുടെ വളർച്ചക്കൊപ്പം കാണേണ്ടുന്ന കാര്യമാണ് കോൺഗ്രസിന്റെ ദയനീയ ചിത്രം. രാഹുൽ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുത്തശേഷം എല്ലാം സുഗമമാണ് എന്നും കോൺഗ്രസ് ഉജ്വലമായ നിലയിലേക്ക് എത്തിയെന്നുമൊക്കെയാണല്ലോ കോൺഗ്രസുകാർ പറഞ്ഞുനടക്കുന്നത്. 2019 ൽ തങ്ങൾ കേന്ദ്രത്തിൽ അധികാരത്തിലേറുമെന്ന കാര്യത്തിൽ ഇനി സംശയമേയില്ല എന്നൊക്കെ പറയുന്ന കോൺഗ്രസുകാരെ കേരളത്തിൽ പോലും കാണാം. അതൊക്കെ അവരുടെ ആഗ്രഹമാവാം, നടക്കാത്ത സ്വപ്‌നങ്ങൾ…… ഗുജറാത്തിലും ഹിമാചലിലും തോറ്റതിന് ശേഷമാണു ഇതൊക്കെ പറയുന്നത് എന്നതാണ് ഏറെ ദുഃഖകരം. അതിൽ നമുക്കൊക്കെ അറിയാവുന്നത് പോലെ ഹിമാചൽ അവരുടെ ഭരണത്തിലുള്ള സംസ്ഥാനമായിരുന്നുവല്ലോ. മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമാണ് അവിടെ ബിജെപി നേടിയത്. ഗുജറാത്തിൽ എല്ലാവിധത്തിലുള്ള ജാതിക്കളിയും കളിച്ചശേഷവും ജയിക്കാനായില്ല. എന്നിട്ടും പറയുന്നു രാഹുൽ വലിയ എന്തോ ഒരു പ്രതിഭാസമാണ് എന്നൊക്കെ. അതൊക്കെ വെറും വാക്കും വിവരക്കേടുമാണ് എന്ന് ആവർത്തിച്ചുകാണിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഉപ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഒരിടത്തുപോലും ‘രാഹുൽ ഇമ്പാക്ട് ‘ ഉണ്ടായില്ല എന്നുമാത്രമല്ല പാർട്ടിക്ക് പരമ്പരാഗതമായി ഉള്ളവോട്ടുകൾ സമാഹരിക്കാൻ പോലുമാവാത്ത സ്ഥിതിയിൽ ആ പാർട്ടി എത്തുകയും ചെയ്തു. എന്താണിത് കാണിക്കുന്നത് എന്നത് രാഷ്ട്രീയം സാകൂതം നിരീക്ഷിക്കുന്നവർക്ക് ബോധ്യമാവുമല്ലോ………….. കോൺഗ്രസ് ഇന്നും യാത്രചെയ്യുന്നത് പിന്നിലേക്കാണ് എന്നതുതന്നെ. അടുത്തെങ്ങും രക്ഷപ്പെടാനുള്ള ഒരു സാധ്യതയും ആ പാർട്ടി കാണിക്കുന്നില്ല എന്നും രാഹുൽ ഗാന്ധിക്ക് ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവുന്നില്ല എന്നതും ഇതിനൊപ്പം വായിക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ജനതക്ക് ബോധ്യമാവുന്നുണ്ട് ; ഒരു പക്ഷെ കോൺഗ്രസിലെ വിവരമുള്ളവർക്കും. മറ്റുചിലർക്ക് പക്ഷെ രാഹുൽ പ്രശംസയുമായി നടന്നേ തീരൂ…… അതാണ് കോൺഗ്രസിന്റെ ദുരവസ്ഥ.
Post Your Comments