തിരുവനന്തപുരം: പുല്ലുവിള തീരദേശത്ത് ഛര്‍ദിയും വയറിളക്കവും ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അടിയന്തിരമായി ഇടപെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇവിടെ ലഭിക്കുന്ന കുടിവെള്ളം ശുദ്ധുജലമാണോയെന്ന് ഉറപ്പുവരുത്തുന്നതിനും പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി ഒ.ആര്.എസ്. ഡിപ്പോ ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കുടുംബക്ഷേമ കേന്ദ്രങ്ങളിലും അംഗന്‍വാടികളിലും ഒ.ആര്.എസ്. ഡിപ്പോ ആരംഭിക്കുന്നതിനും ഡി.എം.ഒ.യ്ക്ക് അടിയന്തര നിര്‍ദേശം നല്കി.
കരിച്ചല്‍, കുമിളി പമ്പുഹൗസുകളില്‍ നിന്നും ലഭിക്കുന്നത് മലിനജലമാണെന്ന വാര്‍ത്തയെത്തുടര്‍ന്ന് അതന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഈ പ്രദേശത്ത് ടാങ്കറില്‍ കുടിവെള്ളമെത്തിക്കാനും കരിച്ചല്‍, കുമിളി പമ്പ് ഹൗസുകള്‍ വൃത്തിയാക്കുന്നതിനുള്ള സത്വര നടപടികളെടുക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
read more: മാലിന്യ പ്ലാന്റ് നിർമാണത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നു
മന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുജനാരോഗ്യ വിഭാഗം അഡീ. ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സംസ്ഥാന ഒ.ആര്.ടി. ഓഫീസര്‍ ഡോ. മഞ്ജുള ഭായി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പുല്ലുവിളയും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ച് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് നേതൃത്വം നല്കി. ഇതോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് വേണ്ട മുന്‍കരുതലുകള്‍ എടുത്തു. മെഡിക്കല്‍ കോളേജിലേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പതിനഞ്ചോളം വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗം നിയന്ത്രണവിധേയമാണെന്നും നിലവില്‍ 5 പേര് മാത്രമാണ് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ളതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
read more: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മേയറെ സന്ദര്‍ശിച്ചു
ജനങ്ങള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഹാരങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ, മറ്റ് വീട്ടില്‍ ലഭിക്കുന്ന പാനീയങ്ങളോ ധാരാളം കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരേയോ അംഗന്‍വാടി, ആശാ പ്രവര്‍ത്തകരേയോ ബന്ധപ്പെട്ട് ഒ.ആര്.എസ്. പാനീയ ചികിത്സ ആരംഭിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
Post Your Comments