ആലപ്പുഴ: ഇടുക്കി, പാലക്കാട് എന്നിവടങ്ങൾക്ക് പിന്നാലെ ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നല്‍കി.
രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവും പാലക്കാട് ഒരു വയോധികനും മരണപ്പെട്ടത്.
ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ലെങ്കിലും മുതിര്‍ന്നവരിൽ പെട്ടന്ന് പിടി പെടുന്ന പനി അപകടകരമാണ്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. ആയതിനാൽ ജില്ലയിൽ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്
Post Your Comments