തിരുവനന്തപുരം : അന്യസംസ്ഥാന യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി. കടം വാങ്ങിയ 18 സ്കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടപ്പോള്‍ നഷ്ടം നാലുകോടി രൂപ. തകര്‍ന്ന ബസുകള്‍ നേരെയാക്കാന്‍ 84.34 ലക്ഷം രൂപ ചെലവിടേണ്ടിവന്നു.
അപകടത്തെത്തുടര്‍ന്ന് 314 ദിവസം ബസുകള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല. ഇതുവഴി ദിവസം 80,000 രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി രൂപവരുന്ന ഒരു ബസ് അപകടത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവര്‍ ഉറങ്ങിയതുകാരണം ബെംഗളൂരുവില്‍ ഡിവൈഡറില്‍ ഇടിച്ചുകയറി തകര്‍ന്ന ബസ് നന്നാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കോര്‍പ്പറേഷന്റെ മറ്റു അന്തസ്സംസ്ഥാന ബസുകള്‍കൂടി കണക്കിലെടുത്താല്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു അപകടമുണ്ടാകുന്നു. ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കെ.എസ്.ആര്‍.ടി.സി. നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരേ കാര്യമായ ശിക്ഷാനടപടികള്‍ എടുക്കാറില്ല. മൂന്നു സ്കാനിയ ഡ്രൈവര്‍മാരില്‍നിന്നു മാത്രമാണ് പിഴ ഈടാക്കിയത്.
നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മൂന്നു സംഭവങ്ങളില്‍നിന്നായി 44,263 രൂപ നഷ്ടപരിഹാരം ഈടാക്കി.ഡ്രൈവര്‍മാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നപ്പോഴാണ് അപകടനിരക്ക് കാര്യമായി ഉയര്‍ന്നത്.
Post Your Comments