പരമ്പരാഗത ചിന്തകള്‍ പുലര്‍ത്തുന്ന സമൂഹത്തിനു ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പുരുഷരൂപവും സ്ത്രൈണഭാവവും അല്ലെങ്കില്‍ സ്ത്രീ രൂപവും പുരുഷ ഭാവവും കലര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങളെ അംഗീകരിക്കുകയോ അവരെയും മനുഷ്യരായി കരുതുവാനൊ ഇന്നും നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. എന്തുകൊണ്ടാണങ്ങനെ? ഒരാള്‍ സ്ത്രീ, പുരുഷന്‍ എന്നെ കള്ളികള്‍ക്കുള്ളില്‍ നില്‍ക്കണമെന്ന് ശഠിക്കുന്നത് എന്തിനു? സ്ത്രീയും പുരുഷനും ഒരു ശരീരത്തില്‍ ഇടകലര്‍ന്നുള്ള അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ആരാധിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരുകുറവുമില്ല.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമണത്തിന് ഇരയാകുന്നത് പതിവ് സംഭവമാണ്. രാത്രി സഞ്ചാരത്തിന്റെ പേരിലാണ് ഇവര്‍ കൂടുതലും ആക്രമണത്തിന് ഇരയാവുന്നത്. സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ വരെ ഇവരെ ആക്രമിക്കുന്നതിന്റെ തെളിവാണ് കോഴിക്കോട് സംഭവം. സാക്ഷരതാമിഷന്‍റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നിശബ്ദത പാലിക്കുന്നു. പൊലീസ് നടത്തിയ കിരാതമായ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കി. ഈ ഹീനകൃത്യം നടത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. എന്നിട്ടും ദിവസം നാല് കഴിഞ്ഞു. പരാതിയിന്‍ മേല്‍ നടപടിയില്ല. കൂടാതെ കസബ എസ് ഐയുടെ പേര് പറഞ്ഞുവെങ്കിലും എഫ് ഐ ആറില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാല്‍ അറിയുന്ന പോലീസുകാര്‍ എന്ന് എഴുതി കേസ് മാറ്റാന്‍ ശ്രമം. ഇത് എന്തിനു വേണ്ടി?
അധികാരികള്‍ ഒന്ന് മറക്കുന്നു. വോട്ടിനു വേണ്ടി ചിരിച്ചു കാണിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കപടമുഖമാണ് ഈ വിഷയത്തില്‍ നിങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത തുറന്നു കാട്ടുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ കരടു രൂപം തയ്യാറാക്കി, അവര്‍ക്കുള്ള ഐ ഡി കാര്‍ഡും വിതരണം നടത്തി തങ്ങളുടെ ജോലി കഴിഞ്ഞുവെന്നു ഇടതു സര്‍ക്കാര്‍ ചിന്തുക്കുന്നുവോ?. ഈ രണ്ടു കാര്യവും നടത്താന്‍ മുന്‍ കൈ എടുത്തതിന്റെ പേരില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. പക്ഷെ സംഘടിതമായി ഇവര്‍ ശക്തരും രാഷ്ട്രീയ പിന്‍ബലം ഇല്ലെന്നതും മനസിലാക്കിയും വോട്ട് ബാങ്ക് അല്ലെന്ന തിരിച്ചറിവില്‍ ഇവരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നത് ശരിയല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ആയാലോ അവരോടു അനുഭാവമുള്ള വ്യക്തി ആയാലോ അവര്‍ക്കെതിരെ അതിക്രമം വ്യക്തി ഹത്യ നടത്തുന്ന ഈ സമൂഹം ഇനിയും ഒരുപാടു മറേണ്ടതുണ്ട്.
ഇപ്പോള്‍ ഒരു പ്രത്യേക മത വിഭാഗത്തിനോ രാഷ്ട്രീയമായി ലാഭമുള്ള ഒരു സമൂഹത്തിനോ ആണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായതെങ്കില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞേനെ. എന്നാല്‍ രാഷ്ട്രീയ വിജയത്തിന് ഉതകുന്ന വോട്ടു ബാങ്ക് എന്ന കണ്ണുകൊണ്ട് മാത്രം ജനങ്ങളെ കാണുന്ന ഈ നശിച്ച വ്യവസ്ഥിതി മാറിയാല്‍ മാത്രമേ എല്ലാവര്ക്കും തുല്യ നീതി നടപ്പിലാകൂ. ആരും ചോദിക്കാനും പറയാനുമില്ലെന്ന ചിന്തയില്‍ സമൂഹത്തില്‍ ദുര്‍ബലരായ വിഭാഗക്കാരെ ഇങ്ങനെ അടിച്ചമര്‍ത്തുന്ന രീതിയാണ് ഭരണ അധികാരികള്‍ വച്ച് പുലര്‍ത്തുന്നത്.
സമൂഹത്തില്‍ വിദ്യാഭ്യാസ പരമായും മറ്റും വളരെ കുറച്ചു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമേ ഉയര്‍ന്നു വരാന്‍ സാധിച്ചിട്ടുള്ളൂ. ഈ സംഘത്തില്‍ വരുന്ന ബാക്കിയുള്ളവര്‍ കൂലിപ്പണിയോ ലൈംഗിക ജോലിയെ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. കൂടാതെ വെളിച്ചത്തില്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധികത്ത അവസ്ഥ ഈ ആക്രമണങ്ങള്‍ മൂലമുണ്ടാകുന്നു. ഇരുട്ടിന്റെ മറവില്‍മാത്രം സഞ്ചാരത്തിനിറങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ട്?
നാം ഉറങ്ങുമ്പോള്‍ ഉണരാനും ഉണരുമ്പോള്‍ ഉറങ്ങാനും വിധിക്കപ്പെട്ട മനുഷ്യജീവനുകളാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. വീടോ കുടംബമോ ഇല്ലാത്ത ഇവര്‍ പകല്‍ പുറത്തിറങ്ങാതെ ചെലവഴിക്കുന്നത് ഏതെങ്കിലും ലോഡ്ജ് മുറിയില്‍ കിടന്നുറങ്ങിയാണ്. മനസുകൊണ്ട് ശരീരംകൊണ്ട് യോഗ്യരെന്ന് നടിക്കുന്നവരെ പേടിച്ചാണ് പകല്‍ പുറത്തിറങ്ങാത്തത്. ലോഡ്ജ് വാടകയ്ക്കും ഭക്ഷണത്തിനുകൂടി ആയിരം രൂപയെങ്കിലും ദിവസവും വേണം. എന്നാല്‍ രാത്രി പുറത്തിറങ്ങിയാല്‍ ആവശ്യക്കാര്‍ ഒരുപാടുപേരുണ്ടന്ന് അവരില്‍ പലരും സാക്ഷ്യപ്പെടുത്തുന്നു. ഭൂരിഭാഗവും വീടുവിട്ടിറങ്ങിയവരോ വീട്ടുകാര്‍ ഉപേക്ഷിച്ചവരോ ആണ്. അതുകൊണ്ട് തന്നെ സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തുക എന്നത് ഇവര്‍ക്ക് സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ്. വാടകയ്ക്ക് വീട് കണ്ടെത്താനാകാത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതം മാധ്യമങ്ങള്‍ ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപജീവനത്തിന് നല്ല തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഇവര്‍ക്ക് ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. അതെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്.
Post Your Comments