കോഴിക്കോട്: സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വയനാട് സുല്‍ത്താന്‍ബത്തേരി ചീരാല്‍ ചെറുവിള പുത്തന്‍വീട്ടില്‍ അന്നമ്മ (56) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സ കിട്ടാതെ ഒന്നര മണിക്കൂർ മരണത്തോട് മല്ലിട്ടു.ചികിത്സ കിട്ടാതായതോടെ ബന്ധുക്കള്‍ ഇടപെട്ട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സ വൈകിയതിനാൽ മരണത്തിനു കീഴടങ്ങി. വീടിനടുത്തുള്ള കുടുക്കി എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ച അഞ്ചരയ്ക്കാണ് അന്നമ്മയെ ബസ് ഇടിച്ചുവീഴ്ത്തിയത്.
നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ഒരു കണ്ണ് തകര്‍ന്നു. അബോധാവസ്ഥയില്‍, രക്തത്തില്‍ കുളിച്ചുകിടന്ന ഇവരെ നാട്ടുകാര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സ ആവശ്യമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു ഫസ്റ്റ് എയ്ഡ് നൽകി.രാത്രി എട്ടരയോടെ മെഡിക്കല്‍ കോളജിലെത്തി അത്യാഹിത വിഭാഗത്തില്‍നിന്നു ടോക്കണ്‍ വാങ്ങിയെങ്കിലും പ്രഥമശുശ്രൂഷ പോലും കിട്ടിയില്ല.
ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചെങ്കിലും ടോക്കണ്‍ പ്രകാരം വിളിക്കുമെന്നും ചികിത്സ നല്‍കുന്നതിനു മാനദണ്ഡമുണ്ടെന്നുമായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണമെന്നു ബന്ധുക്കള്‍ പറഞ്ഞു. മുക്കാൽ മണിക്കൂർ കഴിഞ്ഞു എക്സ് റേ എടുക്കാൻ എഴുതി കൊടുത്തു. എക്സ് റേ റൂമിനു മുന്നിൽ 21 രോഗികളുടെ നീണ്ടനിര. അത്യാവശ്യമാണെന്ന അഭ്യര്‍ഥനകള്‍ വിലപ്പോയില്ല. മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നപ്പോഴേക്കും ആരോഗ്യനില കൂടുതല്‍ വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അര്‍ധരാത്രിയോടെ മരണം സംഭവിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കെതിരേ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments