കാസര്‍കോട്: അശ്രദ്ധമായ രീതിയില്‍ പോലീസ് വാഹന പരിശോധന നടത്തിയതില്‍ ഇരയാകേണ്ടി വന്നത് ഇരുപതുകാരനായ വിദ്യാര്‍ത്ഥിക്ക്. വാഹന പരിശോധനയ്ക്ക് പോലീസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍, അമിതവേഗതയില്‍ പിന്നാലെ എത്തിയ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്റാഹിമിന്റെ മകന്‍ സുഹൈല്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് നിന്ന് സുഹൃത്തുക്കളെ കണ്ട് ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അണങ്കൂര്‍ മെഹബൂബ് റോഡില്‍ വെച്ച് അപകടം നടവന്നത്.
വരുന്ന വഴി പോലീസ് വാഹന പരിശോധനയുടെ ഭാഗമായി സുഹൈലിന്റെ ബൈക്കിന് കൈകാണിക്കുകയും തുടര്‍ന്ന് ബൈക്ക് നിര്‍ത്തി രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന കാര്‍ സുഹൈലിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. റോഡില്‍ തലയടിച്ച് വീണ സുഹൈലിനെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവില്‍ കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുഹൈല്‍ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
അപകടം വരുത്തിയ കാര്‍ പോലിസ് പിടിച്ചെടുത്തെന്നും അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. അതേ സമയം അശ്രദ്ധമായ രീതിയില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത് പതിവാണെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എം.ബി.എ. വിദ്യാര്‍ഥിയായിരുന്നു മരിച്ച സുഹൈല്‍.
Post Your Comments