ഷില്ലോംഗ്: മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയായി കൂട്ടരാജി. അഞ്ച് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ് അംഗബലം 24 ആയി കുറഞ്ഞു. ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി. രാജിവെച്ച അഞ്ച് എം.എല്‍.എ.മാരില്‍ നാലുപേര്‍ നേരത്തെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. ഇവരെ മുഖ്യമന്ത്രി കഴിവില്ലെന്നാരോപിച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയവരാണ്.
മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് മുന്‍ ഉപമുഖ്യമന്ത്രി റോവെല്‍ ലിംഗദോയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച് എന്‍.പി.പിയില്‍ ചേര്‍ന്നത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് നിയമസഭാ അംഗങ്ങള്‍ രാജി വച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യില്‍ ചേര്‍ന്നു.
നിലവില്‍ ബി.ജെ.പിയുടെ ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ ഭാഗമാണ് എന്‍.പി.പി. കോണ്‍ഗ്രസ് നോതാക്കള്‍ക്ക് പുറമേ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന രണ്ട് സ്വതന്ത്രന്മാരുമാണ് എന്‍.പി.പിയിലേക്ക് ചേര്‍ന്നത്. മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാംഗ്മയാണ് എന്‍.പി.പി പാര്‍ട്ടി രൂപീകരിച്ചത്. നിലവില്‍ ബി.ജെ.പി അധികാരത്തിലുള്ള മണിപ്പൂരിലും പാര്‍ട്ടി പങ്കാളിയാണ്. 15 വര്‍ഷമായി കോണ്‍ഗ്രസാണ് മേഘാലയയില്‍ അധികാരത്തിലിരിക്കുന്നത്. അടുത്ത തവണ ഭരണം പിടിക്കാന്‍ ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ.
Post Your Comments