Latest NewsKeralaNews

പേരൂർക്കടയിൽ അമ്മയെ കൊന്നത് മകൻ? ദുരൂഹതകൾ ബാക്കി നിര്‍ത്തി മകന്റെ മൊഴി ഇങ്ങനെ

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ അശോകിനെ കൊന്നത് മകന്‍ തന്നെയെന്ന് പൊലീസ്. എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ പ്രകോപനത്തില്‍ അമ്മയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴി. അതിന് ശേഷം പറമ്ബില്‍ കൊണ്ടുപോയി കത്തിച്ചെന്ന് മകന്‍ കുറ്റസമ്മതം നടത്തി. ക്രിസ്മസ് ദിനത്തില്‍ സിനിമയ്ക്ക് പോയിട്ട് വന്നപ്പോള്‍ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ സ്കൈപ്പിലൂടെ ഇക്കാര്യം അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകള്‍ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി. അമ്മയുടെ അവിഹിത കഥ ചര്‍ച്ചയാക്കി ഒളിച്ചോട്ടത്തില്‍ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം.

സഹോദരിയെ സ്കൈപ്പില്‍ വിളിച്ചത് തനിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കാനായിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം മോഡല്‍ ഒരുക്കാനുള്ള വിഫലം ശ്രമമായിരുന്നു അത്. ദീപയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചത് ദീപയെന്ന് ഉറപ്പിക്കാനാണ് ഇത്. അതിനിടെയാണ് താനാണ് അമ്മയെ കൊന്നതെന്ന് മകന്‍ പൊലീസിനോട് വിശദീകരിക്കുന്നത്. പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ(50)യുടെ ശരീരം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായ മകന്‍ അക്ഷയ്(22) അറസ്റ്റിലായി.

അക്ഷയ് കഴക്കൂട്ടത്തെ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങള്‍ക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്സായ എം.ഇ.പിക്ക് ചേര്‍ന്നു. തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോവാന്‍ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായി 25ന് പകല്‍ മൂന്നിന് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച്‌ നിലത്തുവീണയുടന്‍ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. നിവിന്‍ പോളി ആക്ഷന്‍ ഹീറോ ബിജു. മയക്കുമരുന്നിന് പണം ആവശ്യപ്പെടുന്ന മകന്‍. അമ്മ നല്‍കില്ലെന്ന് ഉറപ്പിച്ചപ്പോള്‍ പിറകില്‍ നിന്ന് തലയടിച്ച്‌ പൊട്ടിച്ച്‌ പ്രതികാരം….. സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്റ്റൈലിലാണ്.

ചെലവിനുള്ള പണം കുവൈറ്റിലുള്ള പിതാവ് അശോക് അയച്ചുകൊടുക്കും. പുറമേനിന്നാണ് ഭക്ഷണം. സഹോദരി അനഘയും കുവൈറ്റിലാണ്. പിതാവുമായും സഹോദരിയുമായും അമ്മ സംസാരിക്കാറില്ലായിരുന്നു. ദീപ അയല്‍ക്കാരുമായി നല്ല സഹകരണത്തിലാണെങ്കിലും അക്ഷയ് ചുറ്റുപാടുമായി വലിയ ബന്ധമൊന്നുമില്ലെന്ന് സമീപവാസികള്‍ പറയുന്നു. അക്ഷയ് സ്ഥിരമായി ദീപയുമായി വഴക്കുകൂടാറുണ്ട്. സംഭവദിവസവും ഉച്ചയ്ക്ക് പണത്തിന്റെ പേരില്‍ വഴക്കുണ്ടായതിനെതുടര്‍ന്ന് ദീപയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. അല്പനേരം കാത്തിരുന്നശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയില്‍ മൃതദേഹം തള്ളി. ചവറുകള്‍ കത്തിക്കാന്‍ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു.

വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് പകല്‍ നാലോടെ കത്തിക്കാന്‍ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ. അതിന് ശേഷമാണ് ദൃശ്യം മോഡല്‍ ഇടപെടലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനായി സഹോദരിയെ സ്കൈപ്പില്‍ വിളിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ വീടിന് ഇടതുവശത്ത് കത്തിയ പാടുകള്‍ കണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി. എല്‍.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച്‌ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ക്കും അമ്മയെക്കുറിച്ച്‌ മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനല്‍കിയിട്ടുണ്ട്. അമ്മയെ കാണാനില്ലെന്ന മൊഴിയില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റസമ്മതം എത്തിയത്.

തിങ്കളാഴ്ച മുതല്‍ ദീപയെ കാണാതായിട്ടും അന്വേഷിച്ചില്ലെന്നതും അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ചില്ലെന്നതും അക്ഷയ് ആദ്യദിവസം കൊടുത്ത പരസ്പരവിരുദ്ധമായ മൊഴിയും ദുരൂഹതയുണ്ടാക്കി. സംശയം തോന്നിയതിനെതുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനായി ചോദ്യംചെയ്യല്‍ തുടരുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഭര്‍ത്താവ് അശോകും മകള്‍ അനഘയും ഭര്‍ത്താവും ബുധനാഴ്ച നാട്ടിലെത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഡിഎന്‍എ ടെസ്റ്റിനായി മൃതദേഹത്തില്‍നിന്ന് പൊലീസ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button