ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരുന്നു കള്ളപ്പേരുകളും തൂലികാ നാമവുമായി മറ്റുള്ളവരെ തെറിവിളിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് മൂക്കുകയറിടുന്നു. സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരുന്ന് മറ്റുള്ളവരെ തെറി വിളിച്ചു നിര്‍വൃതി അടയുന്നവര്‍ക്ക് ഇനി തെറിവിളിക്കാൻ അക്കൗണ്ട് ഉണ്ടാവില്ല. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാറിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്കും ഒരുങ്ങുന്നതായാണ്.
പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോട് ആധാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഫേസ്ബുക് വ്യക്തമാക്കി.പുതുയായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആധാറിലെ പേരാണ് നല്‍കേണ്ടത്. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. ആധാര്‍ കാര്‍ഡിലെ പേരുതന്നെ അക്കൗണ്ടില്‍ നല്‍കണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് കമ്പനി വിശദീകരണം.
ഇത്തരം വ്യാജന്മാര്‍ ഫേസ്ബുക്കില്‍ ഇനി വേണ്ടേ വേണ്ടന്നാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ വ്യാജന്മാര്‍ വളര്‍ന്നതാണ് ഫേസ്ബുക്കിനെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടമായതിനാല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ആധാറിലെ പേരുമാത്രമാണ് ഇപ്പോള്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനി ആധാര്‍ നമ്പറടക്കമുള്ള വിവരങ്ങളും അവശ്യപ്പെട്ടേക്കും. അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ.
241 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. വ്യാജന്മാര്‍ക്ക് വിലങ്ങു വീഴുന്നതോടെ ഇത്തരം വ്യാജഅക്കൗണ്ടുകളും ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായേക്കും.
Post Your Comments