ന്യൂഡല്‍ഹി•ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബി.എസ്.എന്‍.എല്‍ 4 ജി യാതാര്‍ത്ഥ്യമാകുന്നു. അടുത്ത മാസം മുതല്‍ കേരളത്തില്‍ 4ജി സേവനം ആരംഭിക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) അറിയിച്ചു. തുടര്‍ന്ന് ഒഡിഷയിലും സേവനം ആരംഭിക്കും.
LTE അടിസ്ഥാനമാക്കിയ 4ജി സേവനമാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അതിവേഗ ഡാറ്റ സേവനവും മെച്ചപ്പെട്ട ഉപഭോകൃ അനുഭവവും ആസ്വദിക്കാന്‍ കഴിയും.
“ഞങ്ങള്‍ കേരളത്തില്‍ നിന്ന് 4 ജി ആരംഭിക്കുകയാണ്. അതായിരിക്കും ഞങ്ങളുടെ ആദ്യ 4ജി LTE സര്‍ക്കിള്‍. 3 ജി കവറേജ് കുറഞ്ഞ പ്രദേശങ്ങളിലാകും ഞങ്ങള്‍ ആദ്യ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക”- ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പി.ടി.ഐയോട് പറഞ്ഞു.
തുടര്‍ന്ന് നല്ല വരുമാനം ലഭിക്കുന്ന മറ്റൊരു സര്‍ക്കിളായ ഒഡിഷയിലും 4ജി സേവനം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 4ജി അവതരിപ്പിച്ചുകഴിഞ്ഞ സ്വകാര്യ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ജിയോ എന്നിവരോടാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്‍ മത്സരിക്കുന്നത്. 4 ജി സേവനത്തിന്റെ തുടക്കത്തിന് ബി.എസ്.എന്‍.എല്ലിന്റെ കൈവശമുള്ള 2100 ജിഗാഹെട്സിലെ 5 മെഗാഹെട്സ് സ്പെക്ട്രം മതിയാകും. മറ്റൊരു സ്പെക്ട്രം കൂടി ബി.എസ്.എന്‍.എല്‍ ആവശ്യപ്പെടുന്നുണ്ട്.
അധികമായി ഒരു സ്പെക്ട്രം കൂടി വരുന്നതോടെ ബംഗളൂരുവിലും ഹൈദരാബാദിലും മറ്റു സ്ഥലങ്ങളിലും 4ജി സേവനം ആരംഭിക്കുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
ബി.എസ്.എന്‍.എല്ലിനു ഇന്ത്യയൊട്ടാകെ (ഡല്‍ഹി, മുംബൈ സര്‍ക്കിളുകള്‍ ഒഴികെ) 10 കോടി വരിക്കാരാണ് ഉള്ളത്. 2018 മാര്‍ച്ചോടെ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അധിക സ്പെക്ട്രം ലഭിക്കുന്നതോടെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
4ജി സേവനം ഒരു പ്രത്യേക ബ്രാന്‍ഡായി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ഇക്കാര്യം 4ജി സേവനം പുറത്തിറക്കുന്ന വേളയില്‍ പ്രഖ്യാപിക്കുമെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
Post Your Comments