Latest NewsEditorial

എം എം ഹസ്സന്റെ വെളിപാടുകള്‍; ഈ കുമ്പസാരം ഇപ്പോള്‍ എന്തിന്?

കേരള രാഷ്ട്രീയത്തില്‍ വീണ്ടും രാഷ്ട്രീയ പോരിനു നിശബ്ദ തുടക്കം. മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ എട്ടാം ചരമ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയില്‍ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കോണ്ഗ്രസില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത ഒരുക്കുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസ് സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ രാജിവയ്പിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ കുറ്റബോധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ഇത്തരമൊരു നീക്കം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് ഹസന്‍ വ്യക്തമാക്കി.

കരുണാകരന്റെ ഓര്‍മ ദിനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കരുണാകരനെതിരെ നടപടിയെടുത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും ആന്റണിയുടെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നും ഹസന്‍ വ്യക്തമാക്കി. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നെന്ന് ഹസന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരനെതിരേ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഒടുവിൽ ആ സത്യം ഹസ്സൻ തന്നെ പുറത്തു വിട്ടു. പക്ഷെ ആ സത്യം പറയാൻ ഹസ്സന് കെ കരുണാകരന്റെ ഈ ദിനം വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം!

കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍, അത് ശരിയായിരുന്നില്ലെന്ന് ഹസന്‍ വ്യക്തമാക്കി. പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസന്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന്റെ ശൈലി മാറ്റണമെന്ന് എല്ലാവരും കൂടിയാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവു രാജിവെക്കാന്‍ കരുണാകരനോട് ആവശ്യപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ചാരക്കേസില്‍ ചാരമില്ലെന്ന് കരുണാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ കരുണാകരന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. കേസ് വിവാദമായതിനെ തുടര്‍ന്ന് 1995ല്‍ മുഖ്യമന്ത്രിപദം കരുണാകരന് രാജിവെക്കേണ്ടി വന്നു. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ രണ്ട് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തില്‍ കുറ്റാരോപിതര്‍ക്കെതിരായി തെളിവുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയാണുണ്ടായത്.

കോണ്‍ഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയത്. രാഷ്ട്രീയമായി വലിയ രീതിയില്‍ ഉപയോഗിക്കപ്പെട്ട കേസായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കേസ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവായിരുന്ന കരുണാകരനെ വെട്ടാന്‍ എ ഗ്രൂപ്പിന് കിട്ടിയ ആയുധമായിരുന്നു ചാരക്കേസ്. എന്നാല്‍, ഈ കേസ് തനിക്കെതിരെ പ്രയോഗിച്ചവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു രാജിവെച്ചു കൊണ്ട് കരുണാകരന്‍ അന്ന് പറഞ്ഞത്. കരുണാകരന്റെ രാജിയെ തുടര്‍ന്ന് എ.കെ ആന്റണി കേരളാ മുഖ്യമന്ത്രിയായി. എന്നാല്‍ കെ കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ചാരക്കേസില്‍ കരുണാകരന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. അന്ന് താന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നെന്നും ഉമ്മന്‍ചാണ്ടി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അന്ന് തന്നെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ തിരുത്തിയിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് രാജിക്കിടയാക്കിയത്. സത്യം ഉമ്മന്‍ചാണ്ടിക്കേ അറിയാവൂ. തെരഞ്ഞെടുപ്പ് ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വേദനകള്‍ വ്യക്തിപരമാണെന്നും പത്മജ അന്ന് കൂട്ടിച്ചേര്‍ത്തു.

കരുണാകരന്റെ രാജിക്ക് താനും കാരണക്കാരനാണെന്നാണ് ഹസന്റെ കുമ്പസാരം. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ താന്‍ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും ഹസ്സന്‍ പറഞ്ഞു. ഒരു ആത്മകഥ എഴുതുമ്പോള്‍ ഇത് വെളിപ്പെടുത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലീഡറിന്റെ അനുസ്മരണ പരിപാടിയില്‍ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഗ്രൂപ്പില്‍ ആശയക്കുഴപ്പം ഉണ്ടോയെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട. പ്രകടിപ്പിച്ചത് ഏറെ കാലമുണ്ടായിരുന്ന മനസ്സിലെ വികാരമാണ്. ഇതിന് പുതിയ വ്യാഖ്യാനം നല്‍കേണ്ടെന്നും ഹസന്‍ പറഞ്ഞു.

നിലവിൽ കെ പി സി സി അധ്യക്ഷനാണ് ഹസ്സൻ. എന്നാൽ വെറും ആക്ടിങ് അധ്യക്ഷൻ മാത്രം. ഗ്രൂപ്പ് വഴക്കു മുറുകി നിൽക്കക്കള്ളിയില്ലാതെ വിഎം സുധീരൻ രാജിവെച്ച ഒഴിവിൽ താത്കാലിക നിയമനമാണ് ഹസ്സന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് ശക്തിപ്പെടുന്ന ഒരു പുതിയ കാലത്തിനു തുടക്കമിട്ടിരിക്കുകയാണ്. കൂടാതെ കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ എ കെ ആന്റണി ശക്തനായി തുടരുന്നു.

ഈ അവസരത്തില്‍ ഹസ്സന്റെ വെളിപ്പെടുത്തലിനു പിന്നിലെ ചേതോവികാരം ഒന്ന് നോക്കാം. ചാരക്കേസിന്റെ മറ പിടിച്ചു ലീഡറെ പുകച്ചു പുറത്തു ചാടിച്ചതു ഉമ്മൻ ചാണ്ടിയാണെന്നതു അത്ര പുതിയ വാര്‍ത്തയൊന്നുമല്ല. കരുണാകരനെ ഓടിച്ചു വിട്ടു എകെ ആന്റണിയെ മുഖ്യമന്ത്രിയായി വാഴിക്കുകയും പിന്നീട് അവസരം ഒത്തുവന്നപ്പോൾ ആന്റണിയെ ഡൽഹിക്കു കെട്ടുകെട്ടിച്ചു മുഖ്യമന്ത്രി കസേര സ്വന്തമാക്കുകയും ചെയ്ത വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ സോളാര്‍ വിഷയത്തില്‍ മുഖം നഷ്ടപ്പെട്ട കുഞ്ഞൂഞ്ഞു സ്ഥാനമാനങ്ങള്‍ വേണ്ടെന്നു പറഞ്ഞിരിക്കുകയാണ്. എന്നാല്‍ കോണ്ഗ്രസ്സിലെ ജനപ്രിയ നായകന്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടി. അത് വേണ്ട വിധത്തില്‍ സുധീരന്റെ യാത്ര സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് മനസിലായി. അതു കൊണ്ട് കെ പി എസ് സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മന്‍ചാണ്ടി എത്തുമോ എന്ന് ഹസ്സന്‍ ഭയക്കുന്നു. ഉമ്മന്‍ ചാണ്ടിയെ ഒതുക്കിയാല്‍ ആ സ്ഥാനം കൈവിട്ടു പോകില്ല. പിന്നെ എ കെ ആന്റണിയെ ഒന്ന് സുഖിപ്പിക്കാം. അതാണ്‌ ഈ വെളിപാടിന് പിന്നില്‍ ഉള്ളതെന്നു ആര്‍ക്കും മനസിലാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button