ന്യൂഡല്‍ഹി•വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റം. അരുണാചല്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലെ അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചു.
അരുണാചല്‍ പ്രദേശിലെ പാക്കെ-കസംഗ്, 28-ലിക്കബലി എന്നീ മണ്ഡലങ്ങളിലും, ഉത്തര്‍പ്രദേശിലെ സികന്ദ്ര സീറ്റിലുമാണ് ബി.ജെ.പി വിജയിച്ചത്. ബംഗാളിലെ സബാംഗ് നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ടി.ടി.വി ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്.
അതേസമയം, കോണ്‍ഗ്രസിന് രണ്ട് സീറ്റികള്‍ നഷ്ടമായി. പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടത്.
അരുണാചലിലെ പാക്കെ കസംഗില്‍ ബിജെപിയുടെ അതും വെല്ലി കോണ്‍ഗ്രസിന്റെ മുന്‍ ഉപമുഖ്യമന്ത്രി കമെങ് ഡോലോയെ 475 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 86% ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്.
2014 ലെ തെരഞ്ഞെടുപ്പ് ഫലം ഗുവാഹത്ത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന കമെങ് ഡോലോയായിരുന്നു 2014 ല്‍ ഇവിടെ നിന്നും വിജയിച്ചത്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ അതും വെല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
28-ലിക്കബാലിയില്‍ ബിജെപിയുടെ കാര്‍ദോ നിയ്ഗിയോര്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് സ്ഥാനാര്‍ത്ഥി ഗുംകെ റിബയെ 1300 ലേറെ വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 51 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോദം ഡിനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിംഗ് എംഎല്‍എയും സംസ്ഥാനആരോഗ്യമന്ത്രിയുമായിരുന്ന ജോംദെ കേനയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സികന്ദ്രയില്‍ ബി.ജെ.പിയുടെ അജിത് പാല്‍ സിംഗ് 7,000 ത്തോളം വോട്ടുകള്‍ക്കാണ് സമാജ് വാദി പാര്‍ട്ടിയുടെ സീമ സച്ചനെ പരാജയപ്പെടുത്തിയത്. ഡിസംബര്‍ 21 ന് നടന്ന തെരഞ്ഞടുപ്പില്‍ 53% ആയിരുന്നു പോളിംഗ്. ജൂലൈ 22 ന് ബി.ജെ.പി സിറ്റിംഗ് എം.എല്‍.എയായിരുന്ന മഥുര പ്രസാദ് അസുഖത്തെത്തുടര്‍ന്ന് നിര്യാതനായതിനെത്തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കാണ്‍പൂര്‍ ദേഹത് ജില്ലയില്‍ വരുന്ന മണ്ഡലമാണിത്. ഇവിടെ വച്ച് 1981 ല്‍ ഫൂലന്‍ ദേവിയും സംഘവും, തന്നെ ബലാത്സംഗം ചെയ്ത 21 രജപുത്രരെ കൊലപ്പെടുത്തിയതോടെയാണ് കാണ്‍പൂര്‍ ദേഹത് മേഖല വാര്‍ത്തയില്‍ ഇടംനേടുന്നത്. 1983 ല്‍ പോലീസിനു മുന്‍പാകെ കീഴടങ്ങിയ ഫൂലന്‍ദേവി മിര്‍സാപൂരില്‍ നിന്നും എം.പിയായിരുന്നു. 2001 ജൂലൈ 25 ന് ഡല്‍ഹിയിലെ വസതിയ്ക്ക് പുറത്തു വച്ച് വെടിയേറ്റ് ഫൂലന്‍ദേവി കൊല്ലപ്പെടുകയായിരുന്നു.
പശ്ചിമ ബംഗാളിലെ സബാംഗ് നിയമസഭാ മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗിതാ റാണി ഭുനിയ 64,172 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനാണ് ഇടതുപിന്തുണയോടെ മത്സരിച്ച സി.പി.എം സ്ഥാനാര്‍ഥി ഋത മൊണ്ഡാലിനെ പരാജപ്പെടുത്തിയത്. 85% മായിരുന്നു ഇവിടുത്തെ പോളിംഗ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചിരഞ്ജിബ് ഭൗമിക് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പിയുടെ അന്തര ഭട്ടാചാര്യയാണ് മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു സബാംഗ്.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന മുകുല്‍ റോയിയുടെ ആദ്യ പരീക്ഷണമായാണ് ഈ ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെട്ടിരുന്നത്. തൃണമൂലിനും ബി.ജെ.പിയ്ക്കും സബാംഗിലെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നതിനാല്‍ കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരുന്നത്. 8 കമ്പനി കേന്ദ്ര അര്‍ദ്ധ-സൈനികരെ മണ്ഡലത്തില്‍ വിന്യസിച്ചിരുന്നു.
Post Your Comments