ഹൈദരാബാദ്: പുതുവര്‍ഷ ആഘോഷങ്ങള്‍ നടത്തരുതെന്ന് കാണിച്ച് ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങള്‍ക്ക് ഹൈന്ദവ സംഘടനയുടെ നോട്ടീസ്. ഹിന്ദു ധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുതുവര്‍ഷ രാവിലെ ആഘോഷം ഹൈന്ദ വസംസ്‌കാരത്തിന് വിരുദ്ധമാണെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് എന്‍ഡോവ്‌മെന്റ്‌സ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
അലിഗഡിലെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പുതുവര്‍ഷ ചടങ്ങുകളില്‍ നിന്ന് ക്ഷേത്രങ്ങളെയും വിലക്കികൊണ്ട് ഉത്തരവ് ഉത്തരവ് വരുന്നത്. പുതിയ വിലക്കിനെ ചില ഹിന്ദു സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്.
പുതുവര്‍ഷത്തെ വരവേല്ക്കാന്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിനെയും മറ്റും സംഘടന ചോദ്യം ചെയ്യുന്നു. പാശ്ചാത്യരുടെ പുതുവര്‍ഷം ആഘേഷിക്കുന്നതിന് ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയോ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയോ പാടില്ല. ഉഗാഡി ഉത്സവമാണ് ക്ഷേത്രങ്ങളില്‍ ആഘോഷിക്കേണ്ടത്. ലോകമെങ്ങുമുള്ള തെലുങ്കരെ സംബന്ധിച്ച് അതാണ് പുതുവര്‍ഷ ആഘോഷമെന്നും നോട്ടീസില്‍ പറയുന്നു.
എല്ലാ പുതുവര്‍ഷത്തിലും തിരുമലയിലെ ക്ഷേത്രത്തില്‍ വിപുലമായ ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഈ വര്‍ഷവും പതിവുപോലെ ആഘോഷത്തില്‍ പങ്കെടുക്കാനും ദര്‍ശനം നടത്തുന്നതിനുമായി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ നടത്തിയിരിക്കുന്നത്. പുതുവര്‍ഷത്തിനു മുന്‍പ് ഡിസംബര്‍ 29ന് വൈകുണ്ഠ ഏകാദശിയും 30ന് ദ്വാദശിയും ഇവിടെ ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ്. പതിനായിരക്കണക്കിന് ഭക്തര്‍ ഈ ദിവസങ്ങളില്‍ ഇവിടെയെത്തും.
ആന്ധ്രയ്ക്കു പുറമേ കര്‍ണാടകയിലും ഭാരത പുനരുദ്ധന ട്രസ്റ്റ് എന്ന സംഘടന പുതുവര്‍ഷ ആഘോഷത്തിന് എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതോ ആയ ക്ഷേത്രങ്ങളില്‍ ജനുവരി ഒന്നിന് ആഘേഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Post Your Comments