ഭോപ്പാൽ: യുപിക്ക് സമാനമായി ഹലാൽ സർട്ടിഫിക്കറ്റുള്ള ഭക്ഷണ ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കുമെന്ന് വ്യക്തമാക്കി ബിജെപി എംഎൽഎ നിതേഷ് റാണെ. ഹലാൽ സർട്ടിഫിക്കറ്റിനായി സ്വരൂപിക്കുന്ന പണം ഭീകരവാദത്തിനാണ് ഉപയോഗിക്കുന്നതെന്നും കൻകാവ്‌ലി മണ്ഡലം എംഎൽഎയായ റാണെ ആരോപിച്ചു. രണ്ട് കമ്പനികളാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നത്. അവ രണ്ടും മഹാരാഷ്ട്രയിലാണ്. അവ രണ്ടും നിരോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഞാൻ കത്തയക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
‘ഹലാൽ സർട്ടിഫിക്കറ്റിന്റെ പേരിൽ സ്വരൂപിക്കുന്ന പണം തീവ്രവാദത്തിനാണ് ഉപയോഗിക്കുന്നത്. ഹലാൽ, ജിഹാദ്, ഹലാൽ ജിഹാദ് എന്നിവയെ ഗൗരവതരമായി കാണുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. ഹലാൽ സർട്ടിഫിക്കറ്റ് ഉൽപ്പന്നങ്ങൾ യുപിയിൽ നിരോധിച്ചതുപോലെ മഹാരാഷ്ട്രയിലും നിരോധിക്കും. ഞാനതിനെ കുറിച്ച് സംസാരിക്കും,’ നിതേഷ് റാണെ വ്യക്തമാക്കി.
നേരത്തെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചിരുന്നു. ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് നിരോധന ഉത്തരവിൽ പറയുന്നത്. ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ നിർമ്മിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Post Your Comments