ന്യൂഡല്‍ഹി•മധ്യ പ്രദേശില്‍ 30 ഓളം വൈദികര്‍ക്കും പുരോഹിത വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന ആക്രമത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലും ശ്രമിക്കാതെ ആക്രമിക്കപ്പെട്ട വൈദികരെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ സഭക്കും ക്രിസ്ത്യന്‍ സമൂഹത്തിനും കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയസ് ക്ലീമിസ്.
ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമായിരിക്കാം. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടിയാണ് ഞെട്ടിച്ചു കളഞ്ഞത്. നിയമപരമായ സുരക്ഷയും നീതിപൂര്‍വ്വമായ നടപടിയുമാണ് ഞങ്ങളുടെ ആവശ്യം. രാജ്യം മതത്തിന്റേയും ജാതിയുടെയും പേരില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിന് ഇത് ഭൂഷണമല്ല. മതേതര ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് പോരാടണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
ആക്രമത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ എന്താണെന്നറിയില്ല. വ്യക്തമായ തെളിവ് ലഭ്യമായിട്ടില്ല. മുന്‍ കൂട്ടി തീരുമാനിച്ചുള്ള ആക്രമമാണ് അവിടെ നടന്നത്. മതം മാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അര്‍ത്ഥമില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.
മധ്യപ്രദേശിലെ സട്നക്കടുത്തുള്ള ഗ്രാമത്തില്‍ ക്രിസ്മസ് കരോള്‍ സംഘമായി ചെന്ന വൈദികരെയും പുരോഹിത വിദ്യാര്‍ത്ഥികളെയും ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിപ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗ്രാമത്തിലുള്ളവരെ മതം മാറ്റുന്നുവെന്നായിരുന്നു പരാതി. ഒരു വൈദികനെ മതം മാറ്റ വിരുദ്ധ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments