MollywoodLatest NewsCinemaMovie SongsEntertainmentSpecials

ദിലീപ് വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കത്തിൽ ദിലീപിനൊപ്പം നിന്ന പലരും ഇപ്പൊ അദ്ദേഹത്തിനെതിരെ മൊഴി കൊടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്. സിനിമാ മേഖലയിലെ ഏഴോളം പ്രമുഖരുടെ രഹസ്യമൊഴികളാണ് രണ്ടു ദിവസങ്ങളിലായി പുറത്തുവന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, നടനും എംഎല്‍എയുമായ മുകേഷ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, മഞ്ജു വാര്യര്‍, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, സംയുക്ത വര്‍മ്മ, റിമി ടോമി എന്നിവരുടെ മൊഴികള്‍ പുറത്തായകൂട്ടത്തിലുണ്ട്.

നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബര്‍ 22ന് പൊലീസ് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ തുടക്കം മുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്താകുന്നത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പായി കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വാട്സ്‌ആപ്പില്‍ പ്രചരിച്ചിരുന്നു. നടിക്കെതിരെയുണ്ടായ ആക്രമണത്തെക്കുറിച്ച്‌ പൊലീസ് തയാറാക്കിയ റിമാന്‍ഡ് അപേക്ഷയിലെ നിര്‍ണായക തെളിവുകളാണ് വാട്സ്‌ആപ്പിലൂടെ ചോര്‍ന്നത്. നടി പ്രതികള്‍ക്കെതിരെ പൊലീസിന് നല്‍കിയ മൊഴിയും വാട്സ്‌ആപ്പിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് കുറ്റപത്രം സമര്‍പ്പിച്ച സമയത്ത് പൊലീസ് മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച്‌ ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്‍കി. ഗൂഢാലോചനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേക്ക് പോകുകയാണ്. എന്നാല്‍ ഇപ്പോള്‍ ദിലീപിനെതിരെയുള്ള മൊഴി പുറത്തു വന്നതിനെക്കുറിച്ച് ചിന്തിക്കാം.

പോലീസ് പറയുന്നത് ദിലീപ് തന്നെയാണ് ഈ മൊഴികള്‍ പുറത്തുവിട്ടതെന്നാണ്. കേസില്‍ തനിക്കെതിരെ വരുന്ന മൊഴികള്‍ പുറത്തുവിടാന്‍ ദിലീപ് തയ്യാറാകുമോ? ആരെങ്കിലും സ്വന്തം കുഴി തോണ്ടുമോ? അങ്കമാലി കോടതിയില്‍ ഹാജരായി ദിലീപ് പീഡന വീഡിയോ അടക്കം പിരിശോധിച്ചിരുന്നു. കുറ്റപത്രവും രേഖകളും കാണുകയും ചെയ്തു. ഇത് ദിലീപിന്റെ അഭിഭാഷകന്‍ ഔദ്യോഗികമായി കൈപ്പറ്റിയെന്നും സൂചനയുണ്ട്. അതിന് ശേഷമാണ് ദിലീപിനെതിരായ മൊഴി പുറത്തുവന്നത്. കേസ് അട്ടിമറിക്കാന്‍ കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ ദിലീപ് തന്നെയാണ് പുറത്തു വിട്ടതെന്ന നിലപാടിലാണ് പൊലീസ്.

എന്നാല്‍ ഈ മൊഴികളിലൂടെ ഒന്ന് സഞ്ചരിക്കാം. ദിലീപിനെ പരസ്യമായി അനുകൂലിച്ച നടന്മാര്‍ മൊഴികളില്‍ പറയുന്നത് ദിലീപിന് അത്ര അനുകൂലമല്ല. എന്താവാം ഇതിനു കാരണം. സമൂഹത്തിന്റെ ഒരു കോണിൽ നിന്ന് ഉയർന്നു വരുന്ന ദിലീപിനെതിരെ ഉള്ള വികാരം ആകാം ഇക്കൂട്ടരുടെ മനം മാറ്റത്തിന് കാരണം. അതോ പ്രതിസന്ധിയിലായ ഒരു വ്യക്തിയെ തകർക്കാൻ ഉള്ള ശ്രമമോ? പല നടീനടന്മാരും പോലീസിന് കൊടുത്ത മൊഴികൾ ദിലീപിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദിലീപിന്റെ വളർച്ചയിൽ അസൂയ ഉള്ളവരുടെ ഗൂഢനീക്കമാകാം ഈ മൊഴികള്‍ക്ക് പിന്നില്‍. അല്ലെങ്കില്‍ പരസ്യമായി നടന് അനുകൂലമായി പ്രതികരിക്കുകയും,മൊഴി നൽകുമ്പോൾ പ്രതികൂലമായി നൽകുകയും ചെയ്യുന്നതിന്റെ പിന്നിലെ ഉദ്ദേശലക്ഷ്യം എന്തായിരിക്കാം?.

ഈ ഇരട്ടത്താപ്പ് നയം പൊതു സമൂഹത്തിനു മനസിലാക്കുന്നില്ല. തന്റേടത്തോടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ഇന്ന് നമ്മുടെ താരങ്ങൾ ആരെയൊക്കെ ഭയക്കുന്നു. സിനിമ ഒരു കലയാണെങ്കിൽ,സിനിമ നടൻമാർ കലാകാരന്മാർ ആണെങ്കിൽ അവർ ഇത്തരം സാമൂഹിക വിഷയങ്ങളിൽ സത്യസന്ധമായ നിലപാടുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. സിനിമയെ വെറും കച്ചവട മാർഗമായി കാണുന്ന ഒരു കൂട്ടരാണ് ഈ കലയുടെ അന്തകർ.അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്. എന്നാൽ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം അഭിപ്രായങ്ങളുമായി എത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ട്.

ഇന്ന് സാമൂഹിക മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും മറ്റും നടക്കുന്ന ചർച്ചകളും അഭിപ്രായ പ്രകടനവും മിക്കപ്പോഴും പക്ഷപാതപരമായാണ് നടക്കാറുള്ളത്. ഇത്തരം ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ ഒരു പക്ഷത്തെ സഹായിക്കുന്നതായി മാറുകയാണ് പലപ്പോഴും നടക്കാറ്.ദിലീപ് കുറ്റകരനോ നിരപരാധിയോ ആയിക്കോട്ടെ, അത് കോടതി തീരുമാനിക്കേണ്ട കാര്യമാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് സമൂഹത്തിനു ആവശ്യം. ധൈര്യപൂർവം നിയമ നടപടികൾക്ക് മുന്നിട്ടിറങ്ങിയ ആ നടിയെ നമുക്ക് പിന്തുണക്കാം. എന്നാല്‍ ഈ വിഷയത്തില്‍ മൌനിബാബയായി ഇരിക്കുന്ന സൂപ്പര്‍താരങ്ങളെക്കുറിച്ച് നമ്മള്‍ എന്താണ് ചിന്തിക്കേണ്ടത്. ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ പോലും ധൈര്യം കാണിക്കാത്തവർ ഉള്ള മലയാള സിനിമാലോകത്തിൽ ഇവരുടെ സ്ഥാനം എന്നും ഉയരത്തിൽ തന്നെ ആയിരിക്കും. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതെ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ എന്ന് നമുക്ക് ആശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button