ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് നടി വീണ നായർ. സിനിമയിലും വീണ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന സിനിമയിൽ ഗർഭിണി ആയിരിക്കെ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് വീണ. ദിലീപിനോടൊത്തുള്ള അഭിനയത്തെ കുറിച്ചും താരം മനസ് തുറന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.
‘വെൽക്കം ടു സെൻട്രൽ ജയിലിലെ പൊലീസ് ഓഫീസർ വേഷം ചെയ്തത് മോനെ അഞ്ച് മാസം ഗർഭിണി ആയിരിക്കുമ്പോഴാണ്. പൊലീസ് ഓഫീസറുടെ വേഷം ഇടുമ്പോൾ ലൊക്കേഷനിൽ ആർക്കും അറിയില്ല ഞാൻ ഗർഭിണി ആണെന്ന്. ഡേറ്റ് തന്നതിന്റെ അഞ്ചാം ദിവസമാണ് ഞാനറിയുന്നത് ഗർഭിണി ആണെന്ന്. ബെന്നി പി നായരമ്പലത്തോട് പറഞ്ഞു. ബെന്നി ചേട്ടാ ഒരു ചെറിയ പ്രശ്നം ഉണ്ട് ഞാൻ ക്യാരിയിംഗ് ആണെന്ന്. അയ്യോ പൊലീസ് ഓഫീസറായി എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, യൂണിഫോം ഇൻ ചെയ്യാതെ ഇടാമല്ലോ എന്ന് പറഞ്ഞു. പ്ലീസ് എന്നെ മാറ്റല്ലേ ഞാൻ ചെയ്യാം, വയറ് വെക്കില്ല, എന്ന് പറഞ്ഞു.
മൂന്നാം മാസത്തിലാണ് ഷൂട്ട് സ്റ്റാർട്ട് ചെയ്യുന്നത്. അപ്പോൾ എനിക്ക് വൊമിറ്റിംഗ് ഉണ്ട്. ദിലീപേട്ടനും അറിയാം ബെന്നി ചേട്ടനും അറിയാം. വേറെ ഒരാൾക്കും അറിയില്ല. എനിക്ക് പറയാൻ പേടി. കാരണം അവർക്കൊരു ബുദ്ധിമുട്ട് ആവരുതല്ലോ. ഞാനന്ന് ഷൂട്ട് കഴിഞ്ഞ് ബെൽറ്റ് അഴിക്കാൻ മറക്കും. ദിലീപേട്ടൻ നീ ബെൽറ്റൂരിയിട്, ടൈറ്റ് ആക്കി വെച്ചിട്ടുണ്ടല്ലോ നീയെന്താ ഇത്ര ശ്രദ്ധിക്കാതെ നിൽക്കുന്നത് എന്ന് പറഞ്ഞ് കെയർ ചെയ്തിട്ടുണ്ട്. ഓറഞ്ച് ജ്യൂസ് വരുത്തിച്ച് തരും. അങ്ങനെയൊക്കെ ആയിരുന്നു. സംവിധായകന് പോലും ഞാൻ ഗർഭിണി ആണെന്ന് അറിയില്ല. സ്പ്രേയുടെ മണം അടിച്ചാൽ എനിക്ക് ഛർദ്ദിൽ വരും. ഒന്ന് രണ്ട് ആർട്ടിസ്റ്റുകളുടെ സ്പ്രേയുടെ മണം എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.
അവർ വരുമ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് ബാത്ത് റൂമിൽ പോയി വൊമിറ്റ് ചെയ്ത് വരും. ഞാൻ ഗർഭിണി ആണെന്നറിഞ്ഞാൽ എനിക്ക് അടുത്ത വർക്ക് കിട്ടില്ല എന്നതായിരുന്നു എന്റെ ടെൻഷൻ. ബ്രേക്ക് വന്ന് അഞ്ചാം മാസത്തിലാണ് വെൽക്കം ടു സെൻട്രൽ ജയിൽ വീണ്ടും ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്കും കുറച്ച് വയർ വന്നു. ആർക്കും മനസ്സിലായില്ല. ദിലീപേട്ടൻ എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ്. ഇപ്പോഴും നമുക്കൊരു അപകടം വന്നാൽ വിളിച്ചിട്ട് എടീ നീ ഓക്കെ അല്ലെ എന്ന് ചോദിക്കുന്ന നടനാണദ്ദേഹം. അദ്ദേഹത്തിന്റെ ഒത്തിരി പ്രശ്നങ്ങൾ നമ്മൾ കേൾക്കുന്നുണ്ട്, അതൊക്കെ സത്യമാണോ ഇല്ലയോ എന്ന് അറിയില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്നിടത്തോളം അദ്ദേഹം എത്രമാത്രം നല്ലതാണെന്ന് അറിയാം.
എനിക്കൊരു സർജറി നടന്നപ്പോൾ അദ്ദേഹം വിളിച്ചു. മോളേ നീ ഓക്കെയല്ലേ, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ചേട്ടനെ പോലെ വിളിക്കണം എന്ന് പറയും. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. പക്ഷെ സഹപ്രവർത്തകയ്ക്ക് സംഭവിച്ചതിൽ ദുഖം ഉണ്ട്. സത്യം പുറത്ത് വരാൻ ഞാനും ആഗ്രഹിക്കുന്നു’ വീണ പറഞ്ഞു.
Post Your Comments