ന്യൂഡൽഹി : ‘ഹണിട്രാപ്പി’ൽ കുടുക്കാൻ പാക്ക് ശ്രമം. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഹണിട്രാപ്പിൽ കുടുക്കി സുപ്രധാന വിഷയങ്ങൾ ചോർത്താൻ ശ്രമിച്ചത്. ഈ ഉദ്യോഗസ്ഥരെ വിവരം ചോർന്നതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചതായും ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ പേരു അന്വേഷണം നടക്കുന്നതിനാൽ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഎസ്ഐ നീക്കം സുപ്രധാന വിവരങ്ങൾ എന്തെങ്കിലും ചോരും മുൻപ് വിവരം ചോർന്നു കിട്ടിയതിനാൽ പാളിയതായും റിപ്പോർട്ട് വിശദീകരിക്കുന്നു. തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർക്കും പാളിച്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. അന്വേഷണവുമായി ഇവർ സഹകരിച്ചുവരികയാണ്. പാക്കിസ്ഥാനിലേക്ക് ഇവരെ ഇനി മടക്കി അയയ്ക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
ശത്രുരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ചാരവനിതകളെ ഉപയോഗിച്ച് സുപ്രധാന വിവരങ്ങൾ ചോർത്തുന്നത് ലോകവ്യാപകമായി പതിവാണ്. പക്ഷെ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ കെണിയിൽ പെടുത്താനുള്ള ശ്രമം അപൂർവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഇന്ത്യൻ ഉദ്യോഗസ്ഥർ ഇക്കാര്യം ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്ഐ ശ്രമം പാളിയത്. ഈ ഉദ്യോഗസ്ഥരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
Post Your Comments